പരമ്പരാഗത സൗദി വേഷവിധാനങ്ങളോടെ നൃത്തമാടി നെയ്മാർ ; ആവേശദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നു

Mail This Article
ജിദ്ദ∙ സൗദി ദേശീയദിനാഘോഷത്തോടനുബന്ധിച്ച് അർധയിൽ (പരമ്പരാഗത അറബ് നൃത്ത രൂപമാണ് അർധ) പങ്കെടുത്ത് അൽ ഹിലാൽ സൂപ്പർ താരം നെയ്മാറും ആരാധകരുടെ മനം കവർന്നു. പരമ്പരാഗത സൗദി വേഷവിധാനങ്ങളോടെയാണ് നെയ്മാർ അർധയിൽ പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും കഴിഞ്ഞ ദിവസം പരമ്പരാഗത സൗദി വേഷം ധരിച്ചും വാളേന്തിയും അർധയിൽ പങ്കെടുത്തിരുന്നു.



രാജ്യത്ത് ആഘോഷങ്ങളുടെ ഭാഗമായി റിയാദ്, ജിദ്ദ, ദമാം, അൽകോബാർ, ജുബൈൽ, അൽഹസ, ഖഫ്ജി എന്നിങ്ങനെ നഗരങ്ങൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. ദമാമിലെയും അൽഖോബാറിലെയും കോർണിഷുകളിൽ ശനിയാഴ്ച കരിമരുന്ന് പ്രയോഗവും ലൈറ്റ് ഷോയും അരങ്ങേറി. കിഴക്കൻ പ്രവിശ്യ ഇതുവരെ ദർശിച്ചിട്ടില്ലാത്ത വിപുലമായ രീതിയിലുള്ള കരിമരുന്നു പ്രയോഗമാണ് ഇപ്രാവിശ്യം സംഘടിപ്പിച്ചത്. നാവിക സേനയുടെ നേതൃത്വത്തില്‍ യുദ്ധക്കപ്പലുകള്‍ അണിനിരത്തിയുളള നാവിക പ്രദര്‍ശനവും അരങ്ങേറി.
കിഴക്കൻ പ്രവിശ്യയിലെ പ്രധാന നിരത്തുകളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക കെട്ടിയുയർത്തിയും ഭരണാധികാരികളുടെ വർണ്ണ ചിത്ര ഫളക്സുകൾ സ്ഥാപിച്ചും അലങ്കരിച്ചിരിക്കുന്നു. നാല് ദിവസം മുൻപേ ആരംഭിച്ച ദേശീയ ആഘോഷപരിപാടികൾ അടുത്ത മാസം രണ്ടാം തീയതി വരെ നീളും.
English Summary: Neymar danced in traditional Saudi costumes