2.4 കോടി സന്ദർശകരെ ലക്ഷ്യമിട്ട് അബുദാബി; യുഎഇയുടെ വിനോദസഞ്ചാര മേഖലയിൽ വരാൻ പോകുന്നത് വൻ മാറ്റം
Mail This Article
അബുദാബി ∙ തലസ്ഥാന നഗരിയിലെ വിനോദസഞ്ചാര, നിക്ഷേപ സാധ്യതകളിലേക്ക് ആഗോള ജനതയെ ആകർഷിക്കുന്ന ട്രാവൽ ആൻഡ് ടൂറിസം വാരാചരണത്തിന് അബുദാബിയിൽ തുടക്കമായി. വിനോദസഞ്ചാര മേഖലയിൽ എമിറേറ്റിന്റെ വളർച്ച ഉറപ്പാക്കി അബുദാബിയെ ആഗോള ടൂറിസ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് (ഡിസിടി) അറിയിച്ചു. വർഷത്തിൽ 2.4 കോടി സന്ദർശകരെ ആകർഷിക്കുകയാണ് ലക്ഷ്യം. ഒപ്പം ഈ രംഗത്തെ വിദേശ നിക്ഷേപകരെയും ഉറ്റുനോക്കുന്നു.
30 വരെ നീളുന്ന വാരാചരണത്തിൽ നഗര ടൂറിസം വിവരണം, ബിസിനസ് ഇവന്റ്സ് ഫോറം, വെഡ്ഡിങ് ഷോ, ഫ്യൂചർ ഹോസ്പിറ്റാലിറ്റി സമ്മിറ്റ് തുടങ്ങി ഒട്ടേറെ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. എമിറേറ്റിന്റെ ഇക്കണോമിക് വിഷൻ 2030ന്റെ ഭാഗമായി ആഗോള ബിസിനസ്, നിക്ഷേപ, വിനോദ സഞ്ചാര കേന്ദ്രമായി അബുദാബിയെ മാറ്റിയെടുക്കുമെന്ന് ഡിസിടി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്ക് പറഞ്ഞു. വാരാചരണത്തിന്റെ ഭാഗമായി ടൂറിസം രംഗത്ത് പുതിയ അവസരങ്ങൾ തുറക്കുമെന്നും പ്രതീക്ഷിക്കുന്നു.
സീ വേൾഡ് അബുദാബി, അഡ്രിനാൾ അഡ്വഞ്ചർ, നാഷനൽ അക്വാ പാർക്ക്, സ്നോവേൾഡ് അബുദാബി, ഫെറാറി വേൾഡ്, യാസ് വേൾഡ്, വാർണർ ബ്രോസ് വേൾഡ്, ദ് ക്ലൈംമ്പ് അബുദാബി, നിരവധി മ്യൂസിയങ്ങൾ തുടങ്ങി ഒട്ടേറെ ഇൻഡോർ വിനോദ കേന്ദ്രങ്ങളാണ് അബുദാബിയുടെ ആകർഷണം. ഇതിനു പുറമേ അൽവത്ബ ലേക്, ഫോസിൽ ഡ്യൂൺസ്, അൽഐൻ ഒയാസിസ്, ലിവ ഡെസേർട് തുടങ്ങി പ്രകൃതിദത്ത വിനോദ കേന്ദ്രങ്ങൾ വേറെയും. ഇവയെല്ലാം വിനോദ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്ന പദ്ധതികളും ഇതോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.
പരിപാടികൾ
26-27: ബിസിനസ് ഇവന്റ്സ് ഫോറം
27: വെഡ്ഡിങ് ഷോ
27–30: ഫ്യൂചർ ഹോസ്പിറ്റാലിറ്റി സമ്മിറ്റ്
വിവരങ്ങൾക്ക്
www.travelandtourism.ae
English Summary: Abu Dhabi is hosting Abu Dhabi Travel and Tourism Week from September 25-30.