സൗദിയിലെ പ്രവാസികളുടെ ഹൃദയം കവർന്ന ജനകീയ സ്ഥാനപതി വിരമിച്ചു; തിരശ്ശീല വീണത് ഡോ ഔസാഫ് സെയ്ദിന്റെ 33 വർഷത്തെ ഔദ്യോഗിക ജീവിതത്തിന്

Mail This Article
റിയാദ്∙ സൗദിയിലെ പ്രവാസികൾക്കിടയിലെ ജനകീയ സ്ഥാനപതി എന്ന് വിശേഷിക്കപ്പെട്ട ഡോ. ഔസാഫ് സെയ്ദ് വിരമിച്ചു. ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതിൽ പങ്ക് വഹിച്ച മുതിർന്ന നയതന്ത്രജ്ഞൻ 33 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം ശനിയാഴ്ച ഡൽഹിയിൽ വിരമിച്ചു. വിദേശകാര്യ വകുപ്പിൽ പാസ്‌പോർട്ട്, വീസ, കോൺസുലർ, വിദേശ ഇന്ത്യൻ കാര്യങ്ങളുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഡോ. സെയ്ദ് നിർണായക പങ്ക് വഹിച്ചു. ഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിക്ക് ശേഷം അടുത്തിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ന്യൂഡൽഹി സന്ദർശനം സംഘടിപ്പിക്കുന്നതിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ഇന്ത്യയും സൗദിയും തമ്മിൽ യോഗ സംബന്ധിച്ച ധാരണാപത്രം (എംഒയു) ഒപ്പിടുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. യോഗയുമായി ബന്ധപ്പെട്ട് ഒരു ഇസ്ലാമിക രാഷ്ട്രം ഇന്ത്യയുമായി ഒപ്പുവച്ച ആദ്യത്തെ കരാറാണിത്. ഇന്ത്യ-സൗദി ബന്ധങ്ങളിൽ ഒരു പുതു യുഗം ആരംഭിക്കുന്നതിനും താനും ഭാഗമായിരുന്നുവെന്നത് അഭിമാനകരമാണെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യൻ പ്രവാസികളിൽ നിന്ന് ഊഷ്മളമായ സ്നേഹം ലഭിച്ചതായും പറഞ്ഞു.
1989 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ, ഹൈദരാബാദ് സ്വദേശിയായ ഡോ. ഔസാഫ് സെയ്ദ് ഈജിപ്ത്, സൗദി, ഖത്തർ, ഡെൻമാർക്ക്, അമേരിക്ക, സീഷെൽസ്, യെമൻ എന്നീ രാജ്യങ്ങളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. 1990-കളിലും ഹൈദരാബാദിൽ റീജിയണൽ പാസ്‌പോർട്ട് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖത്തറിലും സൗദിയിലും യുഎസിലും ‘ജനകീയ നയതന്ത്രജ്ഞൻ’ എന്നാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ ഹജ് തീർഥാടകർക്കായി സൌകര്യപ്രദമായ വിഭാഗങ്ങൾ കൊണ്ടുവന്നത് അദ്ദേഹമാണ്. കൂടാതെ അസീസിയ പ്രദേശം പിന്നീട് എല്ലാ ഇന്ത്യൻ ഹജാജിമാർക്കും താമസസ്ഥലമായി മാറിയതും അദ്ദേഹത്തിന്റെ ഇടപെടലിലായിരുന്നു.
English Summary: Indian diplomat Ausaf Sayeed retired on Saturday.