ADVERTISEMENT

ദമാം∙  സൗദി ആതിഥ്യ മര്യാദകളിലെ പരമ്പരാഗത പാനീയമായ ഖഹ്​വയ്ക്ക് പറയാൻ ചരിത്രമേറെ. സ്വദേശികളെ സന്ദർശിക്കാനെത്തുമ്പോൾ  അതിഥികൾക്ക്  മണം പരത്തുന്ന ചൂടുള്ള ഖഹ്​വ പകർന്നു നൽകിയാണ്  സ്വീകരിക്കാറ്. ആതിഥ്യമര്യാദയുടെയും സഹിഷ്ണതയുടെയും പാരമ്പര്യ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന "ഖഹ്​വ" എന്ന് സ്നേഹപൂർവം അറിയപ്പെടുന്ന അറേബ്യൻ  കാപ്പി സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ് .

Photo Credit: X/ MOCCulinary
Photo Credit: X/ MOCCulinary

സൗദിയുടെ സാംസ്കാരിക മണ്ഡലത്തിൽ  എല്ലാ  അവസരങ്ങളിലും അത്രയേറെ ആഴത്തിൽ പ്രാധാന്യത്തോടെയാണ്  ഖഹ്​വ  ഇടം പിടിച്ചിരിക്കുന്നത്. സൗദി സംസ്കാരത്തിൽ വീട്ടിലോ ജോലിസ്ഥലത്തോ അറബിക്കാപ്പിയുടെ സ്ഥാനം  ആഴത്തിൽ വേരൂന്നിയതാണ്. മിക്ക പ്രദേശങ്ങളിലെയും കുടുംബങ്ങൾ എല്ലാ ദിവസവും ഉച്ച കഴിഞ്ഞോ അതിരാവിലെയോ ചൂടുള്ള ഖഹ്​വ  പാനീയം ആസ്വദിക്കുന്നു.

Photo Credit: X/ MOCCulinary
Photo Credit: X/ MOCCulinary

 

 

Photo Credit: X/ MOCCulinary
Photo Credit: X/ MOCCulinary

∙  കൊതിയൂറും നറുമണം പരത്തി ഖഹ്​വ

Photo Credit: X/ MOCCulinary
Photo Credit: X/ MOCCulinary

 

 വറുത്ത ഏലക്ക, ഗ്രാമ്പൂ, കുങ്കുമപ്പൂവ്,  എന്നിവയടങ്ങന്ന സുഗന്ധവ്യഞ്ജന കൂട്ടുകൾ  ചെറുതായി വറുത്ത കാപ്പിക്കൊപ്പം ഒരു കെറ്റിലിൽ തിളച്ചു മറിയുന്ന വെള്ളത്തിലേക്ക്  ചേർത്താണ് ഖഹ്​വ തയ്യാറാക്കുന്നത്. കാപ്പിക്കുരു ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുത്താണ് സൗദി കാപ്പി ഉണ്ടാക്കുന്നത്. കാപ്പി തിളപ്പിച്ച് ഇരുണ്ടതും  അരിക്കാതെയും പാനീയമായി നൽകുന്നു.  കുങ്കുമപ്പൂവ്, ഏലം, ഗ്രാമ്പൂ, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും തിളച്ചു മറിയുന്ന ഗാഹ്​വ  കാപ്പിയിൽ രുചിക്കും സമൃദ്ധിക്കും ചേർക്കുന്നു.  സാധാരണയായി, ഏലയ്ക്കയാണ് സൗദി കാപ്പിയുടെ താരം, പക്ഷേ പാചകക്കുറിപ്പുകൾ വ്യത്യസ്തമാണ്, ചിലത് ഗ്രാമ്പൂവും കുങ്കുമപ്പൂവും ചേർക്കുന്നു. 

 

സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പിക്കുരു വറുത്ത രീതി എന്നിവ വ്യത്യാസപ്പെടാം. കടുപ്പവും കയ്പുമുളള രുചി സന്തുലിതമാക്കാൻ സൗദി കോഫിക്കൊപ്പം ഈന്തപ്പഴങ്ങളോ മധുരപലഹാരങ്ങളോ നൽകുന്നു. ഒരു ഡല്ലയിൽ (പരമ്പരാഗത കോഫി പാത്രത്തിൽ) സൂക്ഷിക്കുകയും  ചെറിയ വൃത്താകൃതിയിലുള്ള കപ്പുകളിൽ ഒഴിക്കുകയും ചെയ്യുന്നു. ഖഹ്​വ ഒഴിക്കുന്നതിനും പകർന്നു നൽകുന്നതിനും ചില വിധികളുമുണ്ട്. ഖഹ്​വ സൂക്ഷിക്കുന്ന പാത്രം ഇടതു കൈയിലെടുത്ത് വലതുകൈയിലുള്ള ഫിഞ്ചലിൽ(ചെറുകപ്പ്) ഒഴിച്ച് വലതു കൈ കൊണ്ട് നൽകണം.

 

കപ്പിനു പകുതി വരെ നിറയ്ക്കുന്നത്  അതിഥി  വീണ്ടും തുടരും എന്നാണ് അർഥമാക്കുന്നത്. കപ്പ് നിറയെ ഒഴിച്ചാൽ  കൂടിച്ചേരൽ, സംഭാഷണം  അവസാനിപ്പിക്കുന്നു എന്നും അർഥമാക്കും. സൗദി കോഫിയ്‌ക്കൊപ്പം കടുപ്പവും രുചിയും ആസ്വാദകരവുമാക്കാൻ ഈന്തപ്പഴങ്ങളോ മധുരപലഹാരങ്ങളോ നൽകും. സൗദി കാപ്പിയും ഈത്തപ്പഴവും  ഈ രണ്ട് കാര്യങ്ങളില്ലാതെ ഒരു കുടുംബ ഒത്തുചേരൽ  ഒരു യഥാർത്ഥ ഒത്തുചേരലല്ല എന്നാണ് ചൊല്ല്. ഒരു ചെറിയ കപ്പ് കാപ്പി സ്നേഹം, ആതിഥ്യമര്യാദ, ഔദാര്യം എന്നിവയാൽ പതിറ്റാണ്ടുകളുടെ ചരിത്രം ഉൾക്കൊള്ളുന്നു. ആഘോഷത്തിന്റെയും ദുഃഖത്തിന്റെയും സമയങ്ങളിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒന്നിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു.

 

സാധാരണ ചായയോ കാപ്പിയോ പോലെയല്ല, സൗദി ഖഹ്​വ കാപ്പി രാജ്യത്തിന്റെ സാംസ്കാരിക സ്വത്വത്തെ പ്രതിനിധീകരിക്കുന്ന കുടുംബ ആചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടുംബങ്ങളും സുഹൃത്തുക്കളും പരസ്പരം വീടുകളിൽ ഇടയ്ക്കിടെ സന്ദർശിക്കുകയും സൗഹൃദസംഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നത് സൗദി സംസ്കാരത്തിൽ സാധാരണമാണ്.

കാലക്രമേണ, ഈ ഒത്തുചേരലുകളുടെ സവിശേഷത സൗദി കാപ്പിയുടെ സാന്നിധ്യമാണ്, അത് തന്നെ സൗദി സംസ്കാരത്തിന്റെ പര്യായമായ ആതിഥ്യമര്യാദയുടെയും ഔദാര്യത്തിന്റെയും പ്രതീകമായി മാറി. മിക്കവാറും എല്ലാ വാണിജ്യ, പാർപ്പിട പരിസരങ്ങളിലും  സൗകര്യപ്രദമായ പ്രാദേശിക കോഫി ഔട്ട്ലെറ്റുകൾ ഉണ്ടാവും.

 

∙ സൗദി വിനോദസഞ്ചാര മേഖലയുടെ ആകർഷണം

 

പൊതുവേ അറിയപ്പെട്ടിരുന്ന അറബിക് കോഫി എന്ന പേരിൽ നിന്നും സൗദി കോഫി എന്ന പേരിലേക്ക് ഖഹ്​വയുടെ പേര് 2022 ൽ പുനർനാമകരണം ചെയ്തിരുന്നു. അതിന് പശ്ചാത്തലമായത്  വിനോദസഞ്ചാര, സാമ്പത്തിക വിപണികളിൽ  സൗദിയുടെ പേരും പെരുമയും ഉയർത്തുന്നതിലുളള ഗഹ്​വയുടെ പങ്ക് ഏറെ പ്രാധാന്യമുള്ളതിനാലാണ് .  രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖല പരുവപ്പെടുത്തുന്നതിൽ  ടൂറിസം അടയാളങ്ങളിൽ ഒന്നായാണ് ഖഹ്​വ -സൗദി കോഫിക്കുളള   സ്ഥാനം.

 

ഖഹ്​വ  പാനീയം കേവലം ഒരു രുചിയേറിയ സുഗന്ധമുള്ള പാനീയം മാത്രമായല്ല വിലയിരുത്തുന്നത്. കലയും ആചാരങ്ങളും ഉപചാര സമ്പ്രദായങ്ങളേയും ഉൾക്കൊള്ളിച്ച്  പ്രകൃതിയുടെ  ഹൃദ്യമായ സൗന്ദര്യവും സൗരഭ്യവും അതിൽ ചേർത്താണ് തയ്യാറാക്കുന്നതായാണ് കരുതുന്നത്.  ഗാനങ്ങളും കവിതകളും കലാസൃഷ്ടികളും സൗദിയുടെ ഈ സാംസ്കാരിക ചിഹ്നത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്, കൂടാതെ ഇത് തയ്യാറാക്കുന്നതും വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും മുന്നിൽ അവതരിപ്പിക്കുന്നതും ഒരു പ്രത്യേക കലാരൂപമായി മാറിയിരിക്കുന്നു.

 

സൗദിയിൽ, ഓരോ പ്രദേശത്തിനും സൗദി കോഫി തയ്യാറാക്കുന്നതിന് അതിന്റേതായ സവിശേഷമായ പാചക, സമീപന രീതികളുണ്ട്. അതിന്റെ ഫലമായി വൈവിധ്യമാർന്ന വ്യത്യസ്ത ഗുണത്തിലും മണത്തിലും രുചികളിലും കാപ്പി പ്രിയർക്ക്   ഓരോ ഖഹ്​വയും ലഭിക്കുന്നു. കുങ്കുമപ്പൂവ്, ഗ്രാമ്പൂ, ഏലം,കറുവപ്പട്ട,  രുചി വർധക മറ്റ് ഘടകങ്ങളുടെയൊക്കെ അളവും ഖഹ്​വ തയ്യാറാക്കുന്നതിന്  സൗദിയുടെ മധ്യഭാഗം മുതൽ വടക്കൻ, തെക്ക്, പടിഞ്ഞാറൻ, കിഴക്കൻ പ്രദേശങ്ങൾ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും നാസാഗ്രഹികളിൽ പടർന്നു കയറുന്ന  ഏലക്കായ പൊടിയുടെ പുത്തൻ നറുമണമാണ്  സൗദയുടെ വൈവിധ്യമുള്ള ഖഹ്​വ കാപ്പി രുചി വ്യത്യാസങ്ങളെ എല്ലാം ഒന്നിപ്പിക്കുന്നത്.

 

കാപ്പി കൃഷി പ്രധാനമായും ജസാൻ മേഖലയിലാണ് നടക്കുന്നത്, ബാഹയിലും അബ്ഹയിലും കൂടുതൽ കാപ്പിത്തോട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ കഴിഞ്ഞ വർഷങ്ങളിൽ, ഖവ്ലാനി ബീൻ കാപ്പികുരു ഇനം  വളരുന്ന തെക്കുപടിഞ്ഞാറൻ ജസാൻ മേഖലയിലെ കാപ്പിത്തോട്ടങ്ങളിലേക്ക് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരിച്ചിട്ടുണ്ട്. ജസാൻ പ്രദേശത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഉയർന്ന പ്രദേശങ്ങളുടെ പ്രത്യേകതയാർന്ന കാർഷിക ഭൂപ്രകൃതിയാണ്. ഇവിടെ കാപ്പി കൃഷി ചെയ്യുന്നതിനായി ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത ഇടങ്ങളുണ്ട്. അതനുസരിച്ച്, ഈ ഭൂപ്രകൃതി വൈവിധ്യത്തിന് രാജ്യാന്തര അംഗീകാരം ലഭിച്ചു.  സൗദി ഖവ്‌ലാനി കാപ്പിയും അതിന്റെ കൃഷി പാരമ്പര്യങ്ങളും 2022-ൽ, യുനെസ്‌കോ മാനവികതയുടെ അദൃശ്യമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതിനിധി പട്ടികയിൽ  ഉൾപ്പെടുത്തി. 

Read also: ‘ഫോൺ വിളിച്ചു കിട്ടാതെ വീട്ടിലെത്തിയപ്പോ സോഫയിൽ മരിച്ച് കിടക്കുന്നത് കണ്ടു’; മരണം മണക്കുന്ന പുസ്തങ്ങൾ ബാക്കിയാക്കി ഖാലിദ് ഖലീഫ

നൂറ്റാണ്ടുകളായി, ഖവ്‌ലാനി കാപ്പി അഭിമാനത്തിന്റെ ഉറവിടമായി തെക്കൻ പ്രദേശങ്ങളിലെ പ്രാദേശിക ആചാരങ്ങൾ, കവിതകൾ, പാട്ടുകൾ എന്നിവയുമായി ആഴത്തിൽ ഇഴചേർന്നിരിക്കുന്നു.സൗദി കാപ്പി കുരു വൈവിധ്യമാർന്നതും എസ്പ്രസ്സോ പാനീയങ്ങൾക്കും ബ്രൂഡ് ബ്ലാക്ക് കോഫിക്കും അനുയോജ്യമാണ് ആവശ്യമുള്ള ഫലത്തെ അടിസ്ഥാനമാക്കി വറക്കുന്നത് ക്രമീകരിക്കുന്നുവെന്ന് ഈ രംഗത്തെ വിദഗ്ദൻ പറയുന്നു.പ്രാദേശികസമൂഹത്തിലും സൗദി സമ്പദ്‌വ്യവസ്ഥയിലും കാപ്പി വ്യവസായത്തിന്റെ ഗണ്യമായ സ്വാധീനം എടുത്ത് പറയേണ്ടതാണ്. 

 

സൗദിയുടെ അഭിവൃദ്ധി പ്രാപിക്കുന്ന കാപ്പി വ്യവസായം കോഫി ഉൽപ്പാദനത്തെ ആശ്രയിച്ച് ദശലക്ഷക്കണക്കിന് ഉപജീവനമാർഗങ്ങളുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വരുമാനമുണ്ടാക്കുന്നതിനും വിനോദസഞ്ചാരത്തിനും സാമ്പത്തിക വൈവിധ്യത്തിനും കയറ്റുമതി അവസരങ്ങൾക്കും സംഭാവന നൽകുന്നു. കാപ്പി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായ സൗദി, സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമായി കാപ്പി കൃഷി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സൗദി അറേബ്യയുടെ വിഷൻ 2030 ന് അനുസൃതമായി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു.

 

English Summary: Saudi ghāhwa, the traditional coffee of Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com