ADVERTISEMENT

ദോഹ ∙ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ കുഞ്ഞൻ കാറുകളുടെ മത്സരക്കുതിപ്പിന് നാളെ തുടക്കം. ഇതിനു മുന്നോടിയായി ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി ആരാധകർക്കുള്ള മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു.

6, 7, 8 തീയതികളിലായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലുസെയ്ൽ സർക്യൂട്ടിലാണ് മത്സരം. ഗതാഗതക്കുരുക്ക് കുറയ്ക്കാൻ  ടിക്കറ്റ് ഉടമകൾ പൊതുഗതാഗത സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ നിർദേശിച്ചു. സർക്യൂട്ടിനു ചുറ്റും പരിസരപ്രദേശങ്ങളിലും കുരുക്ക് ഒഴിവാക്കാൻ പ്രത്യേക ട്രാഫിക് പ്രോട്ടോക്കോൾ ഏർപ്പെടുത്തി.

പൊതുഗതാഗത കമ്പനിയായ മൊവസലാത്ത് 3 ദിവസവും സർക്യൂട്ടിലേക്ക് സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ചു. മത്സരദിനങ്ങളിൽ ദോഹ മെട്രോ, ലുസെയ്ൽ ട്രാം എന്നിവയുടെ സർവീസുകൾ പുലർച്ചെ 3 വരെയാക്കി. ആരാധകർക്കായി പ്രത്യേക ഫാൻ സോണും സജ്ജമാക്കി. വിനോദ പരിപാടികൾ, ഫൺ റൈഡുകൾ, ആക്ടിവേഷനുകൾ, ഗെയിമുകൾ തുടങ്ങി കുടുംബസൗഹൃദ പരിപാടികളാണ് കൂടുതലും നടക്കുക. ഫാൻ സോണിൽ തൽസമയം മത്സരങ്ങൾ കാണാൻ കൂറ്റൻ സ്‌ക്രീനുകളും സ്ഥാപിച്ചു. ഭക്ഷണ-പാനീയ ശാലകളും സജീവമാണ്. 

പ്രവേശന സമയം
6, 7 തീയതികളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും 8ന് ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെയുമാണ് സർക്യൂട്ടിലേക്ക് പ്രവേശനം. സംഗീത പരിപാടികൾ നടക്കുന്ന കൺസെർട്ട് ഏരിയയിലേക്ക് മത്സരം കഴിഞ്ഞ് 30 മിനിറ്റിന് ശേഷമാണ് പ്രവേശനം. മത്സരം കഴിഞ്ഞാണ് വിനോദ പരിപാടികൾ. 

സർക്യൂട്ടിൽ എത്താൻ
∙ ദോഹ മെട്രോ റെഡ്‌ലൈനിലൂടെ ലുസെയ്ൽ ക്യുഎൻബി മെട്രോ സ്‌റ്റേഷനിലെത്താം. അവിടെ നിന്ന് സർക്യൂട്ടിലേക്ക് മെട്രോയുടെ ഷട്ടിൽ ബസ് സർവീസുണ്ട്. ഉച്ചയ്ക്ക് 2 മുതൽ പുലർച്ചെ 2.30 വരെയാണ് ബസുകൾ. ദോഹ മെട്രോയുടെ സേവനം പുലർച്ചെ 3 വരെയുണ്ട്. മെട്രോ സ്‌റ്റേഷന്റെ കിഴക്ക് വശത്തായാണ് ഷട്ടിൽ ബസുകൾ. 

∙ ലുസെയ്ൽ മെട്രോ സ്റ്റേഷനിൽ നിന്ന് സർക്യൂട്ടിലേക്കും തിരിച്ചും കർവയുടെ സൗജന്യ ബസ് സർവീസുണ്ട്. 6, 7 തീയതികളിൽ ഉച്ചയ്ക്ക് 2 മുതൽ പുലർച്ചെ 1.30 വരെയാണ് സർവീസ്. അവസാന ദിനമായ 8ന് ഉച്ചയ്ക്ക് 2 മുതൽ പുലർച്ചെ 2.30 വരെയാണ് സർവീസ്. 

∙ സ്വന്തം വാഹനങ്ങളിലാണ് വരുന്നതെങ്കിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നേരത്തെ എത്തണം. പരിമിതമായ പാർക്കിങ് സൗകര്യങ്ങൾ ലഭ്യമാണ്. എക്‌സിറ്റ് 29 ബിയിലൂടെ പ്രവേശിച്ച് റോഡ് അടയാള ബോർഡുകൾ പ്രകാരം അനുവദിച്ച പാർക്കിങ്ങിലെത്താം. അൽഖോർ കോസ്റ്റൽ റോഡിൽ നിന്ന് സർക്യൂട്ടിലേക്ക് പ്രവേശനമില്ല. വഴിതെറ്റാതെ പാർക്കിങ്ങിലെത്താൻ ഖത്തർ ജിപി ആപ്പ് ഡൗൺലോഡ് ചെയ്ത് ടിക്കറ്റ് വിവരങ്ങൾ നൽകിയാൽ മതി.

∙ ടാക്‌സിയിൽ എത്തുന്നവർക്ക് സർക്യൂട്ടിലെ പ്രവേശന ഗേറ്റിന് സമീപം ഡ്രോപ്പ് ഓഫ്-പിക്ക്-അപ് സൗകര്യമുണ്ട്. പുലർച്ചെ 3 വരെയാണിത്. കർവ ടാക്‌സി മൊബൈൽ ആപ് ഉപയോഗിക്കുന്നതാണ് ഉചിതം.

∙ ഊബറിൽ വരുന്നവർക്ക് സർക്യൂട്ടിൽ ഇറങ്ങാൻ കഴിയില്ല. ലുസെയ്ൽ മെട്രോ ക്യുഎൻബി സ്‌റ്റേഷൻ വരെയാണ് പ്രവേശനം. അവിടെ നിന്ന് ഷട്ടിൽ സർവീസിൽ സർക്യൂട്ടിലെത്താം. 

സർക്യൂട്ടിൽ പ്രവേശിക്കുമ്പോൾ
∙ ടിക്കറ്റ് കൈവശമുണ്ടാകണം. പ്രവേശന കവാടത്തിൽ സുരക്ഷാ പരിശോധന ഉണ്ടാകും. നിരോധിത സാധനങ്ങൾ അനുവദിക്കില്ല. അകത്തേക്ക് കൊണ്ടുപോകാൻ അനുവാദമില്ലാത്ത സാധനങ്ങൾ സമീപത്തെ ഓഫിസിൽ സൂക്ഷിച്ചാൽ മത്സരത്തിന് ശേഷം തിരികെ കൊണ്ടുപോകാം.

∙ ടിക്കറ്റ് ഉടമകൾക്ക് ഫാൻ സോണിലൂടെ കൺസെർട്ട് ഏരിയയിൽ പ്രവേശിച്ച് മത്സരത്തിന് ശേഷമുള്ള പരിപാടികൾ ആസ്വദിക്കാം. മത്സരത്തിന് ശേഷം ഒരു മണിക്കൂറോളം സംഗീത പരിപാടികളുണ്ടാകും. 

∙ കുട്ടികളുള്ള രക്ഷിതാക്കൾ മെയിൻ ഗ്രാൻഡ് സ്റ്റാൻഡിന് പിറകിലെ ഇൻഫോ പോയിന്റിൽ നിന്ന് ബ്രേസ്‌ലെറ്റുകൾ വാങ്ങി കുട്ടികളുടെ കൈകളിൽ കെട്ടണം. കോൺടാക്ട് വിവരങ്ങൾ എഴുതിയതാണിത്. ഏതെങ്കിലും കാരണവശാൽ തിരക്കിൽ കുട്ടികളെ കാണാതായാൽ വേഗം കണ്ടുപിടിക്കുന്നതിനാണിത്. 

∙ അനുവദനീയ ഇടങ്ങളിൽ മാത്രമേ പുകവലി അനുവദിക്കൂ. ഗ്രാൻഡ്സ്റ്റാൻഡ്, ഭക്ഷണ-പാനീയ മേഖല, ആക്ടിവേഷൻ ഏരിയകൾ എന്നിവിടങ്ങളിൽ പുകവലി അനുവദിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്-https://www.lcsc.qa/en/F1-Event-info-FAQs

English Summary: Formula 1 Qatar Grand Prix competitions will held at the Lusail International Circuit from 6 to 8 October, 2023.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com