ADVERTISEMENT

ദോഹ∙  എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ജനീവ ഇന്റർനാഷനൽ മോട്ടർ ഷോ ക്ലാസിക് ഗാലറി സന്ദർശിക്കാൻ മറക്കേണ്ട. മോട്ടർ ഷോയിൽ പ്രത്യേക വിഭാഗമാണ് ക്ലാസിക് ഗാലറി. വിന്റേജ് കാറുകളുടെ വിസ്മയിപ്പിക്കുന്ന ശേഖരമാണ് ഇവിടെയുള്ളത്. വിഖ്യാത കോൺകോർസ് എലഗൻസ് ഇവന്റുകളിലെ മികച്ച ഷോ വിന്നേഴ്‌സ് കാറുകൾ ഉൾപ്പെടെ 13 ക്ലാസിക് കാറുകൾ‍ ഗാലറിയിൽ കാണാം. എൻജിനുകളുടെയും ഡിസൈനുകളുടെയും മാറ്റത്തിന്റെ വിസ്മയ കാഴ്ചകൾക്കപ്പുറം ചരിത്രത്തിലിടം നേടിയ കാറുകളെക്കുറിച്ചുള്ള അറിവുകളും ക്ലാസിക് ഗാലറി നൽകും. പഴയ ഓട്ടമോട്ടീവ് കാലത്തിന്റെ ഡിസൈൻ സവിശേഷത, എൻജിൻ മികവ്, വേഗത, ഇന്റീരിയർ ഭംഗി, സാങ്കേതിക വിദ്യ, കരകൗശല മികവ് എന്നിവയെല്ലാം എടുത്തു കാട്ടുന്ന അപൂർവ മോഡൽ കാറുകളാണ് ഓരോന്നും. വാഹന പ്രേമികളുടെ മനംകവരുന്ന കാഴ്ചകളാണ് ക്ലാസിക് ഗാലറിയിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത്. വാഹനങ്ങളുടെ പ്രദർശനം എന്നതിനപ്പുറം ഓട്ടമോട്ടീവ് മേഖലയുടെ കലാ പാടവത്തിന്റെ പരിണാമം മനസ്സിലാക്കാനുള്ള അവസരം കൂടിയാണിത്. 

geneva-international-motor-show-classics-gallery
മൈസൂർ മഹാരാജാവിന്റെ റോൾസ് റോയിസ്.

ഗാലറിയിലെ താരങ്ങൾ
ഖത്തറിന്റെ സ്വന്തം റോൾസ് റോയ്‌സ് ഫാന്റം വി-7 തന്നെയാണ് ക്ലാസിക് ഗാലറിയിലെ താരം. 1962ൽ ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയിൽ പ്രദർശിപ്പിച്ച ശേഷം അന്നത്തെ ഖത്തർ അമീർ ആയിരുന്ന ഷെയ്ഖ് അഹമ്മദ് ബിൻ അലി അൽതാനിക്ക് സമ്മാനിച്ചതാണ് ഈ കാർ. ഖത്തറും ജനീവ മോട്ടർ ഷോയും തമ്മിലുള്ള ദൃഢബന്ധം പ്രതിഫലിപ്പിക്കുന്ന കാർ ആണിത്. വത്തിക്കാനിൽ മാർപാപ്പ യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന പോപ്‌മൊബീൽ കാറുകളും ക്ലാസിക് ഗാലറിക്ക് അഴകു കൂട്ടുന്നു. മൈസൂർ മഹാരാജാവ് ഉപയോഗിച്ചിരുന്ന 1949 ലെ റോൾസ് റോയിസ്, ബെന്റ്‌ലി ലിമിറ്റഡ് എഡിഷൻ കാറും 1964ൽ പോൾ ആറാമൻ മാർപാപ്പ ഇന്ത്യ സന്ദർശിക്കാൻ എത്തിയപ്പോൾ ഉപയോഗിച്ച വത്തിക്കാൻ നമ്പർ പ്ലേറ്റിലുള്ള പോപ്മൊബീൽ കാറും ഇവിടെ കാണാം. 

ഇന്ത്യൻ കോടീശ്വരനായ യോഹൻ പൂനവാലയുടെ ശേഖരത്തിലുള്ളതാണ് മൈസൂർ രാജാവിന്റെ വാഹനവും. എലിസബത്ത് രാജ്ഞിയും രാജാവ് ചാൾസ് മൂന്നാമനും യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന 1979 റോൾസ് റോയിസ് ഫാന്റം 5 കാറും ഗാലറിയിലുണ്ട്. ലോകപ്രശസ്ത വാഹന പ്രേമികളുടെ ശേഖരത്തിൽ നിന്നുള്ള കാറുകളും ഇവിടെയുണ്ട്. അലക്‌സാണ്ടർ ഷഫ്ലറിന്റെ ശേഖരത്തിൽ നിന്നുള്ള 1920 ബാലറ്റ് 3/8 എൽസി ഗ്രാൻഡ് പ്രി കാർ അന്നത്തെ എൻജിനീയറിങ് മികവിന്റെ ഉദാഹരണമാണ്. 1925 റോൾസ് റോയിസ് 40/50എച്ച്പി സിൽവർ ഗോസ്റ്റ്, 1938 ബിഎംഡബ്ല്യൂ 328 റോഡ്‌സ്റ്റർ എന്നിവ ഒമർ അൽഫർദാന്റെ ശേഖരത്തിൽ നിന്നുള്ളതാണ്. ലോകത്തിലെ മികച്ച കാർ എന്ന ടൈറ്റിൽ സ്വന്തമാക്കി റോൾസ് റോയ്‌സിന്റെ പ്രശസ്തി വർധിപ്പിച്ച വാഹനമാണിത്. 1928 റോൾസ് റോയിസ് ഫാന്റം 17ഇഎക്‌സ് എക്‌സ്പിരിമെന്റൽ എൻജിനീയറിങ്ങിന്റെ മികവ് എടുത്തുകാട്ടുന്നതാണ്. ആഡംബര ഇന്റീരിയറോടു കൂടിയതാണ് 1930 ബെന്റ്‌ലി സ്പീഡ് സിക്‌സ് ഫോക്‌സ്ടൺ. മോട്ടർ ഷോ നാളെ സമാപിക്കും.

English Summary:

Geneva International Motor Show Classics Gallery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com