ADVERTISEMENT

അബുദാബി∙ മലപ്പുറം ജില്ലയെ വിജ്ഞാനത്തിന്റെ നെറുകിലേക്ക്  കൈപിടിച്ചുയർത്തിയ കഠിനാധ്വാനത്തിന്റെ കഥ ലോകത്തോടു വിളിച്ചുപറയാൻ ബാലശങ്കരൻ മാഷും ഹമീദ് മൗലവിയും അബുദാബിയിൽ.  പതിറ്റാണ്ടുകളായി അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഗുരുക്കന്മാരെ ആദരിക്കുന്ന ചടങ്ങിൽ ശിഷ്യരുടെ സ്നേഹാദരം ഏറ്റുവാങ്ങാനായാണ് ഇരുവരും എത്തിയത്.

ലോക അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി അബുദാബി മലപ്പുറം ജില്ലാ കെഎംസിസി 25 അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് (തക് രീം) 20ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അരങ്ങേറും. ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതയാണ് 77ാം വയസ്സിൽ ബാലശങ്കരൻ മാഷിനെയും 86ാം വയസ്സിൽ ഹമീദ് മൗലവിയെയും അബുദാബിയിൽ എത്തിച്ചതും.  വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിലും പഴി (കോപ്പിയടി) കേൾക്കേണ്ടിവന്ന മലപ്പുറത്തിന്റെ യഥാർഥ കഥയാണ് ഇവർക്കു പറയാനുള്ളത്. മലപ്പുറം തിരുനാവായ എടക്കുളത്ത് ഒരു മതിലിന് ഇരുവശങ്ങളിലുമായുള്ള ജിഎൻഎൽപി സ്കൂളിലെ അധ്യാപകനായിരുന്ന ബാലശങ്കരൻ മാഷും ഇർഷാദ് സുബിയ മദ്രസാ അധ്യാപകനായ ഹമീദ് മൗലവിയും വിജ്ഞാന വിപ്ലവത്തിലെന്ന പോലെ ശിഷ്യരുടെ സ്നേഹാദരത്തിലും ഒന്നിക്കുകയാണ്.

മതസൗഹാർദ അന്തരീക്ഷത്തിൽ വിദ്യയുടെ ലോകത്തേക്കു കൈപ്പിടിച്ചുയർത്തിയ ഗരുക്കുന്മാരിൽനിന്നു തന്നെ പഴമയുടെ തനിമയെ പുതുതലമുറയ്ക്കും ലോകത്തിനും കാട്ടിക്കൊടുകയാണ് കെഎംസിസിയയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് അസീസ് കാളിയാടൻ പറഞ്ഞു. 

നടുവട്ടം രാങ്ങാട്ടൂരിൽ കൊള്ളഞ്ചേരി പുത്തൻ വീട്ടിൽ നാരായണൻ നായരുടെയും വേഷു അമ്മയുടെയും മകനായി 1951ലാണ് ബാലശങ്കരൻ മാഷിന്റെ ജനനം. 19ാം വയസ്സിൽ 1970ൽ നിലമ്പൂർ ഗവൺമെന്റ് എൽ.പി. സ്കൂളിൽ അധ്യാപകനായി ആദ്യ നിയമനം. 1973ൽ തിരുനാവായ വൈരങ്കോട് സ്കൂളിലും 1975ൽ വലിയ പറപ്പൂർ സർക്കാർ സ്കൂളിലും സേവനമനുഷ്ഠിച്ചു. തുടർന്ന് 1988ൽ എടക്കുളം ഗവ.എൽപി സ്കൂളിൽ എത്തിയപ്പോഴാണ് ഹമീദ് മൗലവിയുമായി സൗഹൃദം തുടങ്ങിയത്. ഇവിടെ 20 വർഷം അധ്യാപകനായും പ്രധാന അധ്യാപനായും ജോലി ചെയ്തു.

എടക്കുളം അഞ്ചില്ലത്ത് അസൈനാർ ആമിന ദമ്പതികളുടെ മകനായി 1937ലാണ് ഹസൈനാർ മൗലവി ജനിച്ചത്. 16ാം വയസ്സിൽ ഓത്തുപള്ളിയിൽ അധ്യാപകനായി. 1960ൽ മദ്രസാ രൂപീകരണത്തോടെ എടക്കുളം മദ്രസ അധ്യാപകനായി 2012ൽ വിരമിക്കുന്നതുവരെ ഇവിടെ തുടർന്നു. ഇടക്കാലത്ത് കുറച്ചുകാലം അല്ലൂർ ചെനപ്പുറം മദ്രസയിലും ജോലി ചെയ്തിരുന്നു. പ്രായത്തിന്റെ അവശതയിലും സ്വീകരിക്കാനെത്തിയ ഏതാനും ശിഷ്യഗണങ്ങളെ തിരിച്ചറിഞ്ഞതിന്റെ ആവേശത്തിലാണ് ഇരുകൂട്ടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com