ADVERTISEMENT

അബുദാബി ∙ വികസ്വര രാഷ്ട്രങ്ങളുടെ സുസ്ഥിര വികസനത്തിന് ആഗോള രാജ്യങ്ങൾ ഒന്നിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.  ഉത്തേജക പാക്കേജിനു വർഷത്തിൽ 50,000 കോടി ഡോളർ ദീർഘകാല ധനസഹായമായി നൽകാൻ പൊതു സ്വകാര്യ മേഖലകളോട് അദ്ദേഹം അഭ്യർഥിച്ചു. സുസ്ഥിര വികസനത്തിലെ നിക്ഷേപം എന്ന പ്രമേയത്തിൽ അബുദാബിയിൽ നടക്കുന്ന എട്ടാമത് ലോക നിക്ഷേപക ഫോറത്തിനു നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്‌മെന്റ് ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

വ്യാപാരവും നിക്ഷേപവും സുഗമമാക്കാനും ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്‌ടിച്ച് ആഗോള സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനും ലോക നിക്ഷേപക ഫോറത്തിനു സാധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ഈ രംഗത്ത് നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള നിക്ഷേപക സ്ഥാപനങ്ങളുമായി തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാനും സഹായിക്കും. വെല്ലുവിളികൾ അഭിമുഖീകരിച്ച് വികസനവും പുരോഗതിയും കൈവരിച്ച് സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടു.

നാഷനൽ എക്‌സിബിഷൻ സെന്ററിൽ 20 വരെ നീളുന്ന സമ്മേളനത്തിൽ 160 രാജ്യങ്ങളിൽ നിന്നുള്ള 7000 ഏറെ പേർ പങ്കെടുക്കുന്നുണ്ട്. യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, വിവിധ രാഷ്ട്രത്തലവന്മാർ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്റെയും അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെയും പിന്തുണയോടെയാണ് പരിപാടി.

പുനരുപയോഗ ഊർജത്തിലൂടെ യുഎഇ സുസ്ഥിര വളർച്ചയിലേക്ക്
പുനരുപയോഗ ഊർജ മേഖലയിലെ നിക്ഷേപത്തിലൂടെ യുഎഇ സുസ്ഥിര സാമ്പത്തിക വളർച്ചയിലേക്കു നീങ്ങുകയാണെന്ന് വിദേശ, വ്യാപാര സഹമന്ത്രി ഡോ. താനി അൽ സയൂദി പറഞ്ഞു. പുനരുപയോഗ ഊർജ വിതരണം മൂന്നിരട്ടിയാക്കുന്നതിന്റെ ഭാഗമായി 7 വർഷത്തിനകം 5400 കോടി ഡോളർ നിക്ഷേപിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ 15 വർഷത്തിനിടെ സംശുദ്ധ ഊർജത്തിൽ രാജ്യം 4000 കോടിയിലേറെ ഡോളർ നിക്ഷേപിച്ചു. 30 വർഷത്തിനകം നിക്ഷേപം 16,000 കോടി ഡോളർ ആക്കി വർധിപ്പിക്കുമെന്നും പറഞ്ഞു.

English Summary:

8th World Investment Forum in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com