അബഹ താഴ്‌വരയിൽ വിനോദ സഞ്ചാര വികസനത്തിന് ‘അർദാര’ കമ്പനി
Mail This Article
ജിദ്ദ ∙ സഞ്ചാരികളേ, മടിച്ചു നിൽക്കാതെ സൗദിയിലേക്ക് വരൂ... അബഹ താഴ്‌വരയിൽ വിനോദ സഞ്ചാര വികസനത്തിന് ‘അർദാര’ കമ്പനി. കിരീടാവകാശിയും പൊതുനിക്ഷേപ നിധി ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാനാണ് കമ്പനിയുടെ പ്രഖ്യാപനം നടത്തിയത്. ഇത് സുസ്ഥിര മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ജീവിത നിലവാരം ഉയർത്തുന്നതായിരിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
അബഹ താഴ്‌വരയിലെ സവിശേഷ സ്വഭാവമുള്ള അഞ്ച് പ്രധാന മേഖലകൾ വികസിപ്പിക്കാൻ കമ്പനി പ്രവർത്തിക്കും. കമ്പനിയുടെ ആദ്യ പദ്ധതികളിലൊന്നാണ് വാദി അബഹ. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഒരു ലോകോത്തര വിനോദ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് വാദി അബഹ പദ്ധതി. അസീർ പ്രവിശ്യയുടെ പൈതൃകം, പുരാതന ചരിത്രം എന്നിവയെ ഉൾക്കൊണ്ടുള്ള എൻജിനീയറിങ്, നാഗരിക സംസ്കാരം എന്നിവ പ്രതിഫലിപ്പിക്കുന്നതാവും ഇത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കും. ഉയർന്ന നിലവാരത്തിൽ ആധുനിക സവിശേഷതകളോട് കൂടിയ അപ്പാർട്ടുമെൻറുകളും വില്ലകളും ഒപ്പം 2000 വൈവിധ്യമാർന്ന മറ്റ് താമസ സൗകര്യങ്ങളും നിർമിക്കപ്പെടും.
∙ വാദി അബഹ പദ്ധതിയുടെ രൂപരേഖ
പദ്ധതി പ്രദേശത്തിന്റെ 30 ശതമാനത്തിലധികം സ്ഥലത്ത് തുറസ്സായ ഹരിത ഇടങ്ങൾ, 16 കിലോമീറ്റർ ചുറ്റളവിൽ ജലാശയം, 17 കിലോമീറ്റർ ദൈർഘ്യത്തിൽ കായിക പാതകൾ, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയാണ് ഈ പദ്ധതിക്ക് കീഴിൽ നിർമിക്കുക.
എല്ലാത്തരം താമസ സംവിധാനങ്ങളും വിവിധ വിനോദ ഉപകരണങ്ങളും സൗകര്യങ്ങളും വേദികളും ഈ പദ്ധതിയിൽ ഉൾപ്പെടും. ആഡംബര ഹോട്ടലുകൾ, വാണിജ്യ ഇടങ്ങൾ, ബിസിനസ് മേഖലകൾ എന്നിവയുമുണ്ടാകും. ഇവ പ്രദേശത്തെ പരമ്പരാഗത വാസ്തുവിദ്യ ശൈലിക്ക് അനുയോജ്യമായി ഏറ്റവും ഉയർന്ന നിലവാരത്തിൽ രൂപകൽപ്പന ചെയ്‌തതായിരിക്കുമെന്നും കിരീടാവകാശി പറഞ്ഞു.