ADVERTISEMENT

അബുദാബി ∙ സംശുദ്ധ, പുനരുപയോഗ ഊർജത്തിൽ ആഗോള കേന്ദ്രമാകാനൊരുങ്ങി യുഎഇ. പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികൾ വ്യാപകമാക്കി സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ ഫലപ്രദമായി നേരിടുകയാണ് ലക്ഷ്യം. ലോക ഊർജ ദിനാചരണത്തോടനുബന്ധിച്ചാണ് രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. യുഎഇ പ്രഖ്യാപിച്ച സുസ്ഥിരതയുടെ വർഷത്തിൽ തന്നെ  കാലാവസ്ഥാ ഉച്ചകോടി നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായിൽ നടക്കുന്നത് എന്നതും പ്രധാന്യമർഹിക്കുന്നു. 2012ൽ ദുബായിൽ നടന്ന വേൾഡ് എനർജി ഫോറത്തിലാണ് ഒക്ടോബർ 22 ലോക ഊർജ ദിനമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്രസഭയ്‌ക്ക് പുറമേ 54 രാജ്യങ്ങളുടെ പ്രതിനിധികൾക്കൊപ്പമായിരുന്നു പ്രഖ്യാപനം. 

ആഗോള താപനം കുറയ്ക്കാനും പുനരുപയോഗ ഊർജ ഉൽപാദനത്തിനു ഊന്നൽ നൽകുന്നതിനുമുള്ള നയരേഖ യുഎഇ എനർജി സ്ട്രാറ്റജി 2050 പദ്ധതി ആസൂത്രണം ചെയ്താണ് സൗരോർജം ഉൾപ്പെടെ പുനരുപയോഗ ഊർജ ഉൽപാദനം വ്യാപകമാക്കുന്നത്. 2030ഓടെ പുനരുപയോഗ ഊർജത്തിന്റെ വിഹിതം മൂന്നിരട്ടിയാക്കും. ഊർജ ആവശ്യം നിറവേറ്റുന്നതിനും യുഎഇയുടെ സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനുമായി 7 വർഷത്തിനകം 20,000 കോടി ദിർഹത്തിന്റെ നിക്ഷേപം കൊണ്ടുവരുമെന്ന് ഊർജ അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ അൽ മസ്റൂയി പറഞ്ഞു.

സംശുദ്ധ, പുനരുപയോഗ ഊർജം ഉൽപാദനം വർധിപ്പിക്കണമെന്ന് ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി വൈസ് ചെയർമാനും ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഭാവിയുടെ ആവശ്യങ്ങൾ മുന്നിൽ കണ്ട് ഈ രംഗത്തെ വികസനം ശക്തിപ്പെടുത്തണമെന്നും കൂട്ടിച്ചേർത്തു. 2050ഓടെ സംശുദ്ധ ഊർജ സ്രോതസുകളിൽനിന്ന് ഊർജ ഉൽപാദന ശേഷി 100% ആക്കുകയാണ് ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050 പദ്ധതിയുടെ ലക്ഷ്യം. 

കഴിഞ്ഞ വർഷം മാത്രം 15,900 കോടി ദിർഹം മൂല്യമുള്ള 11 പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികളാണ് യുഎഇയിൽ ആരംഭിച്ചത്. 2021ൽ തന്നെ രാജ്യം 7,035.75 മെഗാവാട്ട് സംശുദ്ധ ഊർജം ഉൽപാദിപ്പിക്കുന്നുണ്ട്. ബറാക ആണവോർജ പദ്ധതിയിലെ ഊർജോൽപാദനം ഇതിനു പുറമെയാണ്. 2021ൽ ശുദ്ധമായ ഊർജം 19.63%, പുനരുപയോഗ ഊർജം 12%, ആണവോർജം 7.55% എന്നീ തോതിലായിരുന്നു യുഎഇയുടെ ഉൽപാദനം. സൗരോർജത്തിൽ രാജ്യത്തിന്റെ മേൽക്കോയ്മയും കുറഞ്ഞ ചെലവും ഊർജ സുരക്ഷയും മത്സരക്ഷമതയും വർധിപ്പിക്കുന്നു.

English Summary:

UAE Energy Strategy 2050

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com