ADVERTISEMENT

ദോഹ∙ രാജ്യത്ത് 50 വയസ്സിനു മുകളിലുള്ള 91.9 ശതമാനം പേർക്കും ആരോഗ്യകരമായ കാഴ്ചശക്തിയെന്ന് സർവേ. കാഴ്ചാവെല്ലുവിളി 8.1 % പേർക്ക് മാത്രം. പൊതുജനാരോഗ്യ മന്ത്രാലയമാണ് 'ദേശീയ അന്ധതയും കാഴ്ചാ വെല്ലുവിളിയും’ എന്ന തലക്കെട്ടിൽ നടത്തിയ സർവേ ഫലം പ്രഖ്യാപിച്ചത്. പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ, ലോകാരോഗ്യ സംഘടന എന്നിവയുടെ സഹകരണത്തോടെയാണ് സർവേ നടത്തിയത്.

രാജ്യത്തെ അൻപതും അതിനുമുകളിലും പ്രായമുള്ളവരിൽ നടത്തിയ സർവേയിൽ  5,060 പേർ പങ്കെടുത്തു. സർവേയിൽ പങ്കെടുത്ത 91.9% പേരുടെയും കാഴ്ചയ്ക്ക് മങ്ങലില്ല. 8.1% പേർക്ക് കാഴ്ചത്തകരാറുണ്ട്. ഇവരിൽ 0.2 % പേരും ഗുരുതര കാഴ്ചാപ്രശ്‌നമുള്ളവരാണ്. പരിശോധനയ്ക്കു വിധേയരായവരിൽ 0.3% പേരിൽ അന്ധത സ്ഥിരീകരിച്ചു. 33 % പേരിലും അന്ധതയ്ക്ക് കാരണം ഡയബറ്റിക് റെറ്റിനോപ്പതിയാണ്. തിമിരം (20 %), ഗ്ലൗക്കോമ (13 %), റെറ്റിനൽ രോഗങ്ങൾ (13 %), തിരുത്താനാകാത്ത റിഫ്രാക്ടഡ് വിഷൻ പ്രശ്‌നങ്ങൾ (6.7 %) എന്നിങ്ങനെയാണ് അന്ധതയുടെ മറ്റ് കാരണങ്ങൾ. 

 2009 സർവേ അപേക്ഷിച്ച് അന്ധതയുടെ ആധിക്യം 4 മടങ്ങ് കുറവാണെന്ന് മന്ത്രാലയത്തിലെ സാംക്രമികേതര രോഗപ്രതിരോധ വകുപ്പ് ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽതാനി ചൂണ്ടിക്കാട്ടി. ഗുരുതര കാഴ്ച വൈകല്യവും 8 മടങ്ങ് കുറവാണ്. രാജ്യത്തിന്റെ നേത്രരോഗ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും വിട്രസ് ഹെമറേജ്, റെറ്റിനൽ ഡിറ്റാച്ച്‌മെന്റ്, കാഴ്ചശക്തി നഷ്ടപ്പെടൽ തുടങ്ങിയ സങ്കീർണതകളെ പ്രതിരോധിക്കാൻ ഡയബറ്റിക് റെറ്റിനോപ്പതി നേരത്തെ പരിശോധിച്ച് കണ്ടെത്തുന്നതിനുള്ള പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള കർമപദ്ധതിക്ക് സർവേ ഫലങ്ങൾ വഴികാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

MoPH survey: 91.9% of elderly have normal vision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com