സ്കൂളുകൾ തുടങ്ങാൻ ലൈസൻസ്: റജിസ്‌ട്രേഷൻ 11 മുതൽ
Mail This Article
ദോഹ∙ അടുത്ത അധ്യയന വർഷത്തിലേക്ക് സ്വകാര്യ സ്‌കൂളുകളും കിന്റർഗാർട്ടനുകളും തുടങ്ങുന്നതിനുള്ള ലൈസൻസ് റജിസ്‌ട്രേഷൻ നവംബർ 11ന് തുടങ്ങും. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് റജിസ്‌ട്രേഷൻ ക്ഷണിച്ചത്. സ്വകാര്യ മേഖലയിൽ സ്‌കൂളുകളും കിന്റർഗാർട്ടനുകളും തുടങ്ങാൻ താൽപര്യമുള്ളവർക്ക് നവംബർ 11 മുതൽ ഡിസംബർ 31 വരെ റജിസ്റ്റർ ചെയ്യാം. സ്വകാര്യ സ്‌കൂളുകളും കിന്റർഗാർട്ടനുകളും തുടങ്ങുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അപേക്ഷകൻ വിദ്യാഭ്യാസ മന്ത്രാലയത്തിലോ അനുബന്ധ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവരാകരുത്. പ്രായം 21 വയസ്സിൽ കുറയാൻ പാടില്ല. അപേക്ഷയ്ക്കൊപ്പം ആവശ്യപ്പെടുന്ന രേഖകളിൽ ഖത്തർ ഐഡിയുടെ പകർപ്പുണ്ടാകണം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ https://www.edu.gov.qa/ar/Pages/HomePage.aspx എന്ന വെബ്‌സൈറ്റിലൂടെ റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.