ADVERTISEMENT

ഷാര്‍ജ∙ മരിച്ചതിനുശേഷമാണ് ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കേരളം കൂടുതല്‍ തിരിച്ചറിഞ്ഞതെന്നും അദ്ദേഹമായിരുന്നു ശരിയെന്ന് കാലം തെളിയിക്കുമെന്നും  മകള്‍ അച്ചു ഉമ്മന്‍ പറഞ്ഞു. ചൊവ്വാഴ്ച ഉമ്മന്‍ ചാണ്ടിയുടെ എണ്‍പതാം ജന്മദിനമായിരുന്നു. ഈ ദിനത്തില്‍ അദ്ദേഹത്തെ കുറിച്ച് ഒട്ടേറെ ഓര്‍മകളാണ് പങ്കുവയ്ക്കാനുള്ളത്. അദ്ദേഹം ആരായിരുന്നെന്നും എന്തായിരുന്നെന്നും ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയ ദിവസങ്ങളാണ് കടന്നുപോയത്. അപ്പയുടെ ജീവിതം ജനങ്ങള്‍ക്കിടയിലായിരുന്നു, അദ്ദേഹം ഒരുപാട് പുസ്തകങ്ങളൊന്നും വായിക്കുന്ന ആളായിരുന്നില്ല. അറിവ് നേടിയത് ജനങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയായിരുന്നു. 

ജീവിതാനുഭവങ്ങളിലൂടെ ലഭിച്ച അറിവ് മറ്റുള്ളവരിലേക്ക് പകര്‍ത്താനും ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്ദേശം അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു. ആ ജീവിതം ഏറ്റവും മനോഹരമായി കാലം സാക്ഷി എന്ന ആത്മകഥയിലൂടെ സണ്ണിക്കുട്ടി ഏബ്രഹാം രേഖപ്പെടുത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ വലിയ പ്രതിസന്ധികള്‍ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ എളുപ്പവഴികള്‍ സ്വീകരിക്കാമായിരുന്നിട്ടും അത്തരം വഴികളൊന്നും ഉമ്മന്‍ ചാണ്ടി സ്വീകരിച്ചില്ലെന്നതാണ് ആ ജീവിതത്തെ വേറിട്ടുനിര്‍ത്തുന്നത്. 

ആദര്‍ശം വിട്ടുകൊണ്ട് ഉമ്മന്‍ ചാണ്ടി എന്ന നേതാവ് മുന്നോട്ടു പോയിരുന്നില്ല. അതായിരിക്കാം അദ്ദേഹത്തിന് ഒട്ടേറെ തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്നത്. വേട്ടയാടലുകള്‍ക്കും ചതികള്‍ക്കും ഉമ്മന്‍ ചാണ്ടി വിധേയനാകേണ്ടി വന്നിട്ടുണ്ട്. വൈകിയാണെങ്കിലും സത്യം തിരിച്ചറിയപ്പെടുമെന്ന വിശ്വാസം അവസാനം വരെ അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു. താന്‍ നിരപരാധിയാണെന്ന റിപ്പോര്‍ട്ട് കയ്യില്‍കിട്ടിയ ശേഷമാണ് ഉമ്മന്‍ ചാണ്ടി എന്ന ജനനേതാവ് ഈ ലോകം വിട്ടുപോയതെന്നും മകള്‍ അച്ചു ഉമ്മന്‍ പറഞ്ഞു. ഇനിയും ഉമ്മന്‍ ചാണ്ടിക്ക് നീതി ലഭിക്കേണ്ടതുണ്ട്, വൈകിയാണെങ്കിലും ആ നീതി ലഭിക്കുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിൽ ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി' പ്രകാശനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അവര്‍. വ്യവസായി സി.പി.സാലിഹ് പുസ്തകം ഏറ്റുവാങ്ങി. സണ്ണിക്കുട്ടി ഏബ്രഹാം, പുന്നക്കൻ മുഹമ്മദലി, വനിതാ വിനോദ് എന്നിവർ സംബന്ധിച്ചു.

English Summary:

Time will prove that Oommen Chandy was right: Achu Oommen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com