മുഖ്താർ ഉദരംപൊയിലിന്‍റെ നോവൽ 'പുഴക്കുട്ടി' പ്രകാശനം ചെയ്തു
Mail This Article
ഷാർജ∙ചിത്രകാരനും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മുഖ്താർ ഉദരംപൊയിലിന്‍റെ ആദ്യ നോവൽ 'പുഴക്കുട്ടി' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഗോത്ര കവി സുകുമാരൻ ചാലിഗദ്ധ എഴുത്തുകാരൻ ജേക്കബ് ഏബ്രഹാമിന് കോപ്പി നൽകിയാണ് പ്രകാശനം ചെയ്തത്.
അനാഥബാല്യങ്ങൾ അനുഭവിക്കേണ്ടിവരുന്ന സങ്കടങ്ങളും അപമാനങ്ങളും പ്രമേയമാകുന്ന നോവലാണ് 'പുഴക്കുട്ടി'. അഗതിമന്ദിരങ്ങളുടെ ചുമരുകൾക്കുള്ളിൽ കുട്ടികൾ നേരിടുന്ന കയ്പേറിയ അനുഭവങ്ങളുടെ തുറന്നെഴുത്തുകൊണ്ട് അത്യന്തം ഹൃദയസ്പർശിയായ വായനാനുഭവം സമ്മാനിക്കുന്ന നോവലാണിത്. കുട്ടികളുടെ വൈകാരിക മാനസിക അവസ്ഥകളെ മനസിലാക്കാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉപകരിക്കുന്ന പുസ്തകം കൂടിയാണിത്. എഴുത്തുകാരനും ആർ ജെയുമായ ഷാബു കിളിത്തട്ടിൽ ആയിരുന്നു അവതരണവും നിയന്ത്രണവും. മാതൃഭൂമി ബുക്സ് മാനേജർ നൗഷാദ്, എഴുത്തുകാരി ഹണി ഭാസ്കരൻ പ്രസംഗിച്ചു.