നക്ഷത്ര: നല്ല നാളെയുടെ നക്ഷത്രം
Mail This Article
അബുദാബി/ഷാർജ ∙ രാജസ്ഥാൻ പുഷ്കർ ഗ്രാമത്തിലെ കുരുന്നുകളുടെ നല്ല നാളേക്കായി അബുദാബിയിലിരുന്ന് പുസ്തകമെഴുതുകയാണ് 9 വയസ്സുകാരിയായ മലയാളി. അബുദാബി ഇന്ത്യൻ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയും തിരുവനന്തപുരം സ്വദേശിയുമായ നക്ഷത്ര പ്രേം ആണ് സുസ്ഥിര ലോകത്തിനും ജീവകാരുണ്യത്തിനുമായി തൂലിക ചലിപ്പിക്കുന്നത്.
‘ഫോർ അവ്‌ർ പ്ലാനറ്റ്’ എന്ന പേരിൽ ഇംഗ്ലിഷിൽ ഇറക്കിയ പുസ്തകത്തിന്റെ അറബിക് പതിപ്പ് ഇന്നു രാവിലെ 11.35ന് ഷാർജ എക്സ്പോ സെന്റർ ഏഴാം ഹാളിൽ പ്രകാശനം ചെയ്യുമ്പോൾ ഈ കുഞ്ഞുപ്രതിഭയുടെ തിളക്കം കൂടുതൽ മേഖലകളിലെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചമേകും.
ആഗോള കാലാവസ്ഥാ ഉച്ചകോടിക്കു (കോപ്28) ആതിഥേയത്വം വഹിക്കുന്ന സുസ്ഥിര വർഷത്തിൽ (2023) തന്നെ പരിസ്ഥിതി സംരക്ഷണത്തിനായി പുസ്തകം ഇറക്കാൻ സാധിച്ച ആവേശത്തിലാണ് നക്ഷത്ര. സുസ്ഥിര വികസനത്തെക്കുറിച്ചുള്ള യുഎന്നിന്റെ 17 മാർഗനിർദേശങ്ങൾ ലളിതമായി 17 കഥകളാക്കിയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വേനലവധിക്കാലത്ത് രാജസ്ഥാനിലെ ജിപ്‌സി ക്യാംപ് സന്ദർശിച്ച് അവരുടെ ജീവിതം നേരിട്ടറിഞ്ഞ നക്ഷത്ര പുസ്തകത്തിൽനിന്നുള്ള വരുമാനം ഈ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കുകയായിരുന്നു. സ്‌കൂൾ ട്യൂഷൻ ഫീസ്, പഠനോപകരണങ്ങൾ, വസ്ത്രം, വിനോദം എന്നിവയ്ക്കായി റോയൽറ്റിയുടെ ആദ്യഗഡു നൽകി. സ്വന്തം പുസ്തകം വായിച്ച് കൊടുത്തും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽകരിച്ചും ഒന്നിച്ച് ഭക്ഷണം കഴിച്ചും ഏറെ നേരം അവരോടൊപ്പം ചെലവഴിച്ചു.
കണക്ട് എയ്ഡിന്റെ യുവ അംബാസഡർ
സ്വീഡൻ ആസ്ഥാനമായുള്ള ഇന്റർനാഷനൽ സോളിഡാരിറ്റി നെറ്റ്‌വർക് ‘കണക്ട് എയ്ഡിന്റെ യുവ അംബാസഡറായ നക്ഷത്ര ഇവരുമായി ചേർന്ന് നിർധനർക്ക് ടെന്റുകളും സംഭാവന ചെയ്തു. സസ്റ്റെയ്നബിൾ ഡവലപ്മെന്റ് ഗോൾസ് (എസ്.ഡി.ജി) ചൈൽഡ് അംബാസഡർ എന്ന നിലയിൽ സ്കൂളിലും സമ്മേളനങ്ങളിലും സ്ഥിരം ക്ഷണിതാവാണ് നക്ഷത്ര.
സ്റ്റാർ ടെക് കിഡ്സ് ആപ് സംരംഭക
വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ പരിപോഷിപ്പിക്കാൻ രൂപം നൽകിയ സ്റ്റാർ ടെക് കിഡ്സ് മൊബൈൽ ആപ്പാണ് നക്ഷത്രയുടെ പുതിയ സംരംഭങ്ങളിലൊന്ന്. പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ തിളങ്ങുന്ന നക്ഷത്ര യുഎഇയിലെ യൂത്ത് ഫെസ്റ്റിവലുകളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്വീഡൻ ആസ്ഥാനമായ കണക്ടഡ് സംഘടിപ്പിച്ച ‘കണക്ട് എയ്ഡ്’ ലോക ഉച്ചകോടിയിൽ നക്ഷത്രയുമായുള്ള അഭിമുഖം ഉൾപ്പെടുത്തിയിരുന്നു. ലോക ശിശു സമ്മേളനത്തിലെ പ്രഭാഷകയായും തിരഞ്ഞെടുക്കപ്പെട്ടു. അബുദാബിയിൽ എൻജിനീയർമാരായ തിരുവനന്തപുരം സ്വദേശി പ്രേം ജോസ് ആന്റണി-സ്വപ്‌ന ദമ്പതികളുടെ മകളാണ്. സഹോദരൻ നവ്യുക്ത്.