ADVERTISEMENT

ദുബായ് ∙ സാമ്പത്തിക ഇ‌‌ടപാടിൽ  സിവിൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ജയിലിൽ കഴിയുന്നവരെ വിട്ടയക്കാനുള്ള അതിപ്രധാന നിയമഭേദഗതി  ദുബായിലെ പരമോന്നത കോടതിയായ കസേഷൻ കോടതി പുറപ്പെടുവിച്ചു. ഇതുപ്രകാരം ആയിരത്തോളം തടവുകാരെ വിട്ടയച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപോർട്ട്. ഇതിൽ ഒട്ടേറെ മലയാളികളടക്കം ഇന്ത്യക്കാരുമുണ്ട്.  ഈ നിയമഭേദഗതി ദുബായിൽ മാത്രമാണ് ബാധകം.

കടക്കാരൻ പണം കയ്യിൽ വച്ച് തരാതിരിക്കുകയാണെന്ന് വായ്പ നൽകിയ ആൾ തെളിയിച്ചാൽ മാത്രമേ ഇനി കോടതിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ പറ്റൂ. ചെറിയ കടങ്ങൾ വാങ്ങി തടവിലായ ഒട്ടേറെ പേർക്ക് ഇത് ഗുണകരമാകും. നേരത്തെ സിവിൽ കേസിലെ കടക്കാരൻ കാശ് കൊടുക്കാതിരുന്നാൽ പരമാവധി 36 മാസം ജയിൽ ശിക്ഷ നൽകിയിരുന്നു. 

ഇത് സാങ്കേതികമായി വ്യക്തിഗത വായ്പകൾക്കും ബിസിനസ് ഉടമ എടുത്തവയ്ക്കും ക്രെഡിറ്റ് കാർഡ് കുടിശ്ശിക മുതലായവയ്ക്കും ബാധകമാകും. കൂടാതെ, മറ്റാരെങ്കിലും എടുത്ത വായ്പകളിൽ 'വ്യക്തിഗത ഗ്യാരന്റർ' ആയി നിലയുറപ്പിച്ച വ്യക്തികൾക്കും പുതിയ നിയമം സഹായകമാകും. കടക്കാരൻ ഫണ്ട് കടത്തിയെന്നോ ആ പണം അവർ മറച്ചുവച്ചെന്നോ തെളിഞ്ഞാലേ അറസ്റ്റ് ചെയ്യാനാകൂ. അല്ലെങ്കിൽ അത്തരം സന്ദർഭങ്ങളിൽ, അവർ അവരുടെ പേയ്‌മെന്റ് തവണകൾ അടയ്ക്കുന്നത് പൂർണമായും നിർത്തിയിരിക്കുമ്പോൾ മാത്രമേ അറസ്റ്റ് പാടുള്ളൂ.  അവർ നൽകാനുള്ള കുടിശ്ശിക തീർക്കാൻ കടക്കാരന് മതിയായ സമ്പത്തുണ്ടെന്ന് കടം നൽകിയ ആൾക്ക് തെളിയിക്കാൻ കഴിയുമ്പോഴാണ് അറസ്റ്റ് ചെയ്യാവുന്ന മറ്റൊരു സാഹചര്യമുണ്ടാവുക. എങ്കിൽപ്പോലും കടക്കാരന്റെ പക്കൽ ആ ഫണ്ടുണ്ടോ എന്ന് ബന്ധപ്പെട്ട കോടതി ഒരു ഹ്രസ്വാന്വേഷണം നടത്തണം. ദുബായ് കോർട്ട് ഓഫ് കസേഷന്റെ വിധി ബൗൺസ് ചെക്ക് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് യുഎഇ കൊണ്ടുവന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ളതാണ്.  ചെക്ക് നൽകുകയും പിന്നീട് മതിയായ ഫണ്ടില്ലെന്ന് കണ്ടെത്തുകയും ചെയ്യുന്നത് ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കില്ല.

ഏറ്റവും പുതിയ കോടതി വിധി ഇതിനകം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും പണം തിരിച്ചടക്കാനാകാതെ കുടുങ്ങിയവരെ സഹായിച്ചതായും യുഎഇയിലെ നിയമ സ്രോതസ്സുകൾ പറയുന്നു. ഈ തീരുമാനത്തെത്തുടർന്ന് കഴിഞ്ഞ മാസം 1,000 പേർ വരെ ജയിലിൽ നിന്ന് മോചിതരായി ലീഗൽ കൺസൾട്ടന്‍റസ് പറഞ്ഞു.  

∙ പുതിയ വിധി വ്യക്തമാക്കുന്നത്

കുടിശ്ശികക്കാരെ തടവിലാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഈ വിധി മാറ്റുന്നു. ചില വ്യവസ്ഥകൾ പാലിക്കാതെ കടക്കാരനെ തടവിലാക്കരുതെന്നാണ് വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും, കടം നൽകിയ ആൾ കടക്കാരന്റെ സാമ്പത്തിക ശേഷി (സമ്പന്നത) തെളിയിച്ചാൽ മാത്രമേ കടക്കാരനെ ജയിലിലടക്കാൻ കഴിയൂ. അല്ലെങ്കിൽ കടക്കാരൻ തന്റെ ഫണ്ടുകൾ കടത്തിവെട്ടിയതായി തെളിയിക്കപ്പെട്ടാലോ പണം നൽകാതിരിക്കാൻ അവ മറച്ചുവച്ചലോ. 

English Summary:

Economic deal: Dubai's Supreme Court to free 1,000 prisoners in major law change.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com