ADVERTISEMENT

ഷാര്‍ജ∙ വെറുതെ 'തള്ളു'കയല്ല ഷെഫ് കൃഷ് അശോക് ചെയ്തത്, വായില്‍ വെള്ളമൂറിച്ചു കൊണ്ട് ഒന്നാന്തരമൊരു മീന്‍ കറി പുസ്തക മേളയില്‍ ഉണ്ടാക്കി വിളമ്പി നല്‍കി.  ആരാണീ കൃഷ് അശോക് എന്നു തിരഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമില്‍ 6,50,000  ഫോളോവേഴ്‌സും യൂ ട്യൂബില്‍ 40,000 ഫോളോവേഴ്‌സുമുള്ള ഷെഫ് എന്നു കാണാനാകും. എന്താണിദ്ദേഹത്തിന്റെ പ്രത്യേകതയൊന്നു ചോദിച്ചാല്‍, ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ പാചകം ചെയ്യുന്ന ടെക്കി ഷെഫ് എന്ന് പറയാം. പുസ്തക മേളയിലെ കുക്കറി കോര്‍ണറിലാണ് കുട്ടികളും വീട്ടമ്മമാരുമടങ്ങിയ ഒരുപറ്റം പാചകപ്രിയരെ കൃഷ് അശോക് പിടിച്ചു നിര്‍ത്തിയത്. ഓരോ വിഷയങ്ങളും അദ്ദേഹം അവതരിപ്പിച്ചത് ചേരുവകളുടെ ചരിത്രവും ശാസ്ത്രവും പറഞ്ഞു കൊണ്ടായിരുന്നു. ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളായിരുന്നു ഡെമോയിലൂടെ കൃഷ് അവതരിപ്പിച്ചത്. പനീര്‍ പക്കോറ, സൗത്തിന്ത്യന്‍ ഫിഷ് കറി, പെരുങ്കായം എന്നിവയുടെ സവിശേഷ അവതരണം എടുത്തു പറയേണ്ടതായിരുന്നു. 

chef-book-2

ഏറ്റവും സ്വാദേറിയ ദക്ഷിണേന്ത്യന്‍ മീന്‍ കറിയും ബിരിയാണിയും ഏതാണെന്ന ചോദ്യം ഷെഫ് കൃഷ് സദസ്സിലേക്കെറിഞ്ഞു. രാവിലെ ഉണ്ടാക്കിയത്, ഉച്ചയ്ക്കുണ്ടാക്കിയത് തുടങ്ങിയ മറുപടികളായിരുന്നു വന്നത്. പക്ഷേ, പാകം ചെയ്ത് 24 മണിക്കൂര്‍ കഴിഞ്ഞുള്ള മീന്‍ കറിയും ബിരിയാണിയുമാണെന്നാണ് അദ്ദേഹത്തിന്‍റെ മറുപടി. ദക്ഷിണേന്ത്യയില്‍ മീന്‍ കറിയിലും ഇറച്ചിക്കറിയിലും പുളി ചേര്‍ക്കുന്നതിന്റെ കാരണം അതിന്റെ അസിഡിറ്റിയാണ്. ഉയര്‍ന്ന ടെംപറേച്ചറുള്ള ദക്ഷിണേന്ത്യന്‍ കാലാവസ്ഥയില്‍ പുളിയുടെ അസിഡിറ്റി ഷെല്‍ഫ് ലൈഫ് നല്‍കുന്നു. ചുവന്നുള്ളിയോ വെളുത്തുള്ളിയോ കഴിക്കാത്തവര്‍ക്കായാണ് പെരുങ്കായം ഉപയോഗിക്കുന്നത്. മുളക് ഇന്ത്യക്കാരുടെ പൂര്‍വികര്‍ ഉപയോഗിച്ചിട്ടില്ലായിരുന്നു. പോര്‍ച്ചുഗീസുകാരാണ് മുളക് ഇന്ത്യയിലെത്തിച്ചത്. തേങ്ങാപ്പാല്‍ കറികളില്‍ അവസാനം ചേര്‍ത്താല്‍ മസാല ഗുണം നഷ്ടപ്പെടും. വെളുത്തുള്ളി അവസാനം ചേര്‍ത്താല്‍ നേരിയ ഗുണമേ ലഭിക്കൂ. ഉള്ളി അവസാന സമയത്ത് ചേര്‍ത്താല്‍ രൂക്ഷത കൂടും. പക്കോറ മാവ് തയാറാക്കുമ്പോള്‍ അരിപ്പൊടിയില്‍ ചേനപ്പൊടി (ബേസന്‍) യോജിപ്പിച്ചാല്‍ വറുക്കാന്‍ തുടങ്ങുമ്പോള്‍ ഓരോ പൊടികള്‍ക്കും വ്യത്യസ്ത നിരക്കില്‍ വെള്ളം നഷ്ടപ്പെടും. അത് പക്കോറയെ കൂടുതല്‍ ക്രിസ്പിയാക്കും.ഇങ്ങനെ കാര്യ കാരണ സഹിതമായിരുന്നു ഷെഫ് കൃഷ് ഡെമോ. 

chef-book

തന്റെ ബെസ്റ്റ് സെല്ലര്‍ പാചക പുസ്തകമായ 'മസാല ലാബ്: ദി സയന്‍സ് ഓഫ് ഇന്ത്യന്‍ കുക്കിങ്' സ്വന്തം മുത്തശ്ശിക്ക് സമര്‍പ്പിച്ച് കൊണ്ടായിരുന്നു കൃഷിന്റെ പാചക ക്‌ളാസ് ആരംഭിച്ചത്. വീട്ടിലെ അടുക്കളയില്‍ നടത്തിയ പ്രായോഗിക നിരീക്ഷണങ്ങളില്‍ നിന്നാണ് തന്റെ പാചക അറിവിന്റെ ഭൂരിഭാഗവും നേടിയെടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. 

അടുക്കളയാണ് കുട്ടികള്‍ക്ക് ജീവിതത്തില്‍ എത്തപ്പെടാനാകുനാകുന്ന ഏറ്റവും വലിയ ഭൗതിക ശാസ്ത്രമോ രസതന്ത്രമോ ജീവശാസ്ത്രമോ ആയ ലാബ് എന്ന് മനസ്സിലാക്കിക്കൊടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. മനോഹരമായ ഒരു പാന്‍ ഇന്ത്യന്‍ മെനുവിലൂടെ ഭക്ഷണ പ്രേമികളുടെ ഇഷ്ടം നേടിയെടുത്തു കൃഷ് ഷെഫ്. 

English Summary:

Chef Krish with fish curry at Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com