ADVERTISEMENT

ജിദ്ദ ∙ അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് സൗദിയിലെ പ്ലാന്റിൽ നിർമിച്ച ആദ്യ കാറുകൾ ലേലത്തിൽ വിൽക്കുന്നു. എല്ലാവർക്കും ലേലത്തിൽ പങ്കെടുക്കാൻ സാധിക്കും. പത്തു ലക്ഷം റിയാൽ മുതലാണ് ലേലം ആരംഭിക്കുക. ജിദ്ദയ്ക്കു സമീപം റാബിഗ് കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലാണ് ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറി പ്രവർത്തിക്കുന്നത്. സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് കാർ ഫാക്ടറിയും ലൂസിഡ് കമ്പനി അമേരിക്കക്ക് പുറത്ത് സ്ഥാപിക്കുന്ന ആദ്യത്തെ കാർ ഫാക്ടറിയുമാണിത്. 

കിങ്ഡം ഡ്രീം എഡിഷൻ എന്ന് പേരിട്ട ലൂസിഡ് എയർ കാറുകളുടെ പ്രത്യേക പതിപ്പുകളാണ് ലേലത്തിൽ വിൽക്കുന്നത്. സൗദി വിപണിയിൽ മാത്രം വിൽക്കാൻ കിങ്ഡം ഡ്രീം എഡിഷനിൽപ്പെട്ട 93 കാറുകളാണ് പ്രത്യേക പതിപ്പുകളായി ലൂസിഡ് കമ്പനി പുറത്തിറക്കുന്നത്.

ഇക്കൂട്ടത്തിൽപ്പെട്ട ഒന്നാം നമ്പർ കാറും 93-ാം നമ്പർ കാറും നാളെ മുതൽ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഡിജിറ്റൽ ലേലത്തിൽ വിൽക്കാനാണ് പദ്ധതി. ലക്ഷ്വറി ഗോൾഡൻ കളർ, 21 ഇഞ്ച് ടയറുകൾ എന്നിവയെല്ലാം ഈ കാറുകളുടെ സവിശേഷതകളാണ്. പ്രത്യേക പതിപ്പിൽപ്പെട്ട ഒന്നാം നമ്പർ കാറിന്റെ ലേലം നാളെ രാത്രി ഒൽപതിന് ആരംഭിച്ച് നവംബർ 11 ന് രാത്രി പതിനൊന്നിന് അവസാനിക്കും.

93-ാം നമ്പർ കാറിന്റെ ലേലം ഇൗ മാസം 10 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച്  12 ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. സെവൻ കാർ ലോഞ്ച് പ്ലാറ്റ്‌ഫോം (സെവൻ വേൾഡ് ഡോട്ട്‌കോം) വഴിയാണ് ഡിജിറ്റൽ ലേലം നടക്കുക. ലൂസിഡ് എയർ സൗദി പതിപ്പ് ലേലത്തിൽ വിൽക്കാനുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോം ആയിരിക്കും സെവൻ വേൾഡ് ഡോട്ട്‌കോം.

 ലേലത്തിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും സൗദിയിലെ ഡൗൺ സിൻഡ്രം ചാരിറ്റബിൾ അസോസിയേഷന് സംഭാവന ചെയ്യും. അസാധാരണ പതിപ്പിലുള്ള കാർ സ്വന്തമാക്കുന്നതിനു പുറമെ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള അവസരവുമാണ് ലേലത്തിലൂടെ ലഭിക്കുന്നത്.

English Summary:

Electric car manufacturer Lucid is auctioning off first cars built at its Saudi plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com