അപരിചിതരായ മനുഷ്യരുടെ കഥയുമായി ജ്യോതി കമലം ഷാർജയിൽ
Mail This Article
ഷാർജ ∙ വർഷങ്ങളായി ദുബായിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ജ്യോതി കമലത്തിന്റെ അപരിചിതൻ എന്ന നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ. തിരക്കിനിടയിൽ വീണു കിട്ടുന്ന നിമിഷങ്ങളിൽ കുത്തിക്കുറിക്കാറുള്ള വരികൾ ചേർത്തുവച്ചു പുസ്തകത്തിന് രൂപം നൽകുകയായിരുന്നുവെന്ന് എഴുത്തുകാരി പറയുന്നു: സ്കൂളിലും കോളജിലും പഠിക്കുമ്പോൾ തുടങ്ങിവച്ച എഴുത്തു വളരെ വലിയ ഇടവേളയ്ക്കു ശേഷം തുടങ്ങുന്നതിൽ വലിയൊരു ജാള്യത ഉണ്ടായിരുന്നു. കോവിഡ് കാലത്തെ പാചക പരീക്ഷണം മടുത്തു തുടങ്ങിയപ്പോൾ ആണ് എഴുത്തിന്റെ ലോകത്തേക്ക് വീണ്ടും പടികൾ കയറിത്തുടങ്ങിയത്.
ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പറിച്ചു നട്ടപ്പെട്ടെങ്കിലും ഗ്രാമത്തിന്റെ ഓർമകളെ പിന്തുടരുന്നതിൽ മനസ് എന്നും സന്തോഷം കണ്ടിരുന്നു. അത് പിന്നെയും വളർന്ന് ഏഴാംകടലും കടന്ന് അന്തി മയങ്ങുമ്പോൾ ഉയർന്നു കേൾക്കുന്ന നിസ്‌കാര വാങ്ക്കൾ ത്രിസന്ധ്യക്കു മുഴങ്ങിക്കേട്ട അമ്പലമണികളെയും ചുംബിച്ച് ഇങ്ങേത്തലക്കൽ എത്തി നിൽക്കുന്നു. ഓരോ പ്രായത്തിലും അവസരത്തിലും ഓരോ പുസ്തകങ്ങളോടുമുള്ള സമീപനം വ്യത്യസ്തമാണ്. കാഴ്ചപ്പാടുകൾ മാറുമ്പോൾ വായിക്കാൻ താൽപര്യപ്പെടുന്ന പുസ്തകങ്ങളുടെ ശേഖരവും മാറുന്നു. ആത്മസംഘർഷങ്ങൾ അടിയറവു പറയിച്ചുകൊണ്ടു തഴുകിത്തലോടുമ്പോൾ ചില പുസ്തക വായനകൾ വെറും യാന്ത്രികമായി പരിതപിക്കാറുണ്ട്. മരം പെയ്യുന്നു എന്ന് പറയുമ്പോൾ മഴ പെയ്യേണ്ടെ സാറെ എന്ന് തിരുത്തുന്നതുപോലെ.
'അപരിചിതൻ' എന്നപേരിൽ എന്റെ പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷവും ആവേശവുമുണ്ട്. എന്റെ പരിവർത്തന സമയത്തും ആനന്ദത്തിന്റെ നിമിഷങ്ങളിലും ചില പുസ്തകങ്ങൾ വളരെ സഹായകരമായെന്ന് ഞാൻ തിരിച്ചറിഞ്ഞു. ക്യാംപസ്, ജീവിത യാത്രകൾ, വിനോദങ്ങൾ, ഭൂതകാലത്തിലെ ഓർമകൾ.. നിങ്ങൾ ഇപ്പോൾ ആസ്വദിക്കുന്ന അർഥവത്തായ നിമിഷങ്ങൾ എന്നിവയുടെ ഓർമകൾ 'അപരിചിതൻ' തീർച്ചയായും തിരികെ കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു. പ്രഭാത് ബുക്ക് ഹൗസ് ആണ് പ്രസാധകർ.