ചെങ്കടൽതീരത്തെ തുറമുഖനഗരത്തിൽ 128,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റുമായ് ലുലു
Mail This Article
യാമ്പു: ചെങ്കടൽതീരത്തെ തുറമുഖനഗരമായ യാമ്പുവിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. സൗദി അറേബ്യയിലെ 34 മത്തേതും ആഗോള തലത്തിൽ 259–ാമത്തേതുമായ ലുലു ഹൈപ്പർ മാർക്കറ്റാണ് നവംബർ 5ന് യാമ്പുവിൽ മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്.
സൗദിയുടെ പരിവർത്തനത്തിൽ ലുലു ഗ്രൂപ്പ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സൗദിയിലെ ഓരോ ഉപഭോക്താവിനെയും തൃപ്തരാക്കുന്ന, മികച്ച ഗുണമേന്മയും ഉന്നത നിലവാരവും പുലർത്തുന്ന സ്ഥാപനമാണ് ലുലു എന്നും ഗവർണർ പറഞ്ഞു. 128,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ സൗദി റോയൽ കമ്മീഷൻ സെൻ്ററിൽ ആരംഭിച്ച ലുലു ഹൈപ്പർ മാർക്കറ്റ് അതിവിശാലവും ഉപഭോക്താക്കൾക്ക് ആയസരഹിതമായി ഷോപ്പിംഗ് അനുഭവം നൽകുന്നതാണ്.
സൗദി ഭരണാധികാരികളുടെ ഭാവനാസമ്പന്നതയും ദീർഘദർശനവും എടുത്ത് പറയേണ്ടതാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി അഭിപ്രായപ്പെട്ടു. സൗദി അറേബ്യയിൽ 100 ലുലു ഹൈപ്പർ മാർക്കറ്റ് എന്ന ലക്ഷ്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും യൂസഫലി കൂട്ടിച്ചേർത്തു.
സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും അദ്ദേഹം നന്ദി അറിയിച്ചു.
യാമ്പു റോയൽ കമ്മീഷന് വേണ്ടി സി. ഇ. ഒ എഞ്ചിനീയർ അബ്ദുൽ ഹാദി അൽ ജൂഹാനി, യാമ്പു ചേമ്പർ ഓഫ് കോമേഴ്‌സ് ചെയർമാൻ അഹമ്മദ് ബിൻ സാലിം അൽ ശഹദലി തുടങ്ങിയവർ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി യോടൊപ്പം ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ചു. ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ്, ലുലു ജിദ്ദ റീജിയണൽ ഡയറക്ടർ റഫീഖ് മുഹമ്മദ് അലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.