ADVERTISEMENT

ഷാർജ ∙ എല്ലാം സാധ്യമെന്ന് തെളിയിച്ച യുഎഇ ബഹിരാകാശ രംഗത്ത് നേടിയത് അതുല്യ ഉയരങ്ങളാണെന്ന് അമേരിക്കൻ ബഹിരാകാശ യാത്രികയും യുഎസ് നേവി ഓഫിസറും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ്. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ യുഎഇയുടെ പ്രഥമ ബഹിരാകാശ സ‍ഞ്ചാരി ഹസ്സ അൽ മൻസൂരിയോടൊപ്പം സദസ്സുമായി സംവദിക്കുകയായിരുന്നു അവർ. മനുഷ്യ സമൂഹത്തിനായി നാസയ്ക്ക് വലിയ പദ്ധതികളുണ്ട്. ഭൂമിയിൽ ജീവിക്കുക എന്നതിനപ്പുറം മറ്റു ഗ്രഹങ്ങളിലേക്കു കൂടി എത്താൻ ശ്രമിക്കുക എന്നത് സുപ്രധാനമാണ്. എന്നാൽ ചൊവ്വാ ദൗത്യം അൽപം പ്രയാസം പിടിച്ച കാര്യമാണെന്നും പറഞ്ഞു. ഭൂമി, ചൊവ്വ, ചന്ദ്രൻ എന്നിവയുടെ ഡയഗ്രം സ്‌ക്രീനിൽ പ്രദർശിച്ചുകൊണ്ടായിരുന്നു സുനിതയുടെ സംഭാഷണം. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള സഞ്ചാരം ശക്തിപ്പെടുത്തണമെന്നു പറഞ്ഞ അവർ, ചൊവ്വാ യാത്ര കൂടുതൽ കാര്യങ്ങൾ ലോകത്തിനു മനസ്സിലാക്കാൻ ഉപകരിക്കുമെന്നും പ്രത്യാശിച്ചു. 

നാസയുടെ ഇന്റർനാഷനൽ സ്‌പേസ് സ്‌റ്റേഷൻ റഷ്യൻ പങ്കാളികളുമായി ചേർന്ന് നിർമിച്ചതാണ്. അവിടേക്ക് ബോയിങ് സ്റ്റാർ ലൈനർ, സ്‌പേസ് എക്‌സ് ഡ്രാഗൺ സ്‌പേസ് ക്രാഫ്റ്റ് എന്നിവയിലൂടെ സ്‌പേസ് ഷട്ടിൽ പ്രോഗ്രാമുകൾ നടക്കുന്നു. കാനഡ, ജപ്പാൻ രാജ്യങ്ങളുമായും യൂറോപ്പുമായും ചേർന്നാണു പ്രവർത്തിക്കുന്നത്. ബോയിങ് സ്റ്റാർ ലൈനറിൽ ആളുകൾ അടുത്ത വർഷാദ്യം സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ. നാസയുടെ ആദ്യ മിഷനിൽ അംഗമാവാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണെന്നും പറഞ്ഞു. 

ചന്ദ്രന്റെ അടുത്തായി സ്‌പേസ് സ്‌റ്റേഷൻ നിർമിക്കാൻ നാസയ്ക്ക് പദ്ധതിയുണ്ട്. ചന്ദ്രനിലേക്കും കൂടുതൽ പറക്കലുകൾക്ക് ഇതു സഹായകമാകും. പത്തോ പതിനഞ്ചോ വർഷത്തിനകം മനുഷ്യർക്ക് ചന്ദ്രനിൽ ജീവിക്കാനാകുന്ന കാലം വരുമെന്ന് സുനിത വില്യംസ്.

സാങ്കേതിക വിദ്യ അത്രയേറെ വികസിച്ചിരിക്കുന്നു. കഴിഞ്ഞ 3 ദശകത്തിനുള്ളിൽ ബഹിരാകാശ രംഗത്ത് വൻ കുതിച്ചു ചാട്ടമാണുണ്ടായത്. 20 വർഷം മുൻപ്  നാസയിലെത്തുമ്പോൾ തനിക്ക് ഇത്രയും കാര്യങ്ങൾ ചെയ്യാനാകുമോയെന്ന് സംശയമുണ്ടായിരുന്നു. പക്ഷേ, അതൊരു വലിയ വിജയമായിരുന്നുവെന്ന് ഇന്നു തിരിച്ചറിയാനാകുന്നുവെന്നു പറഞ്ഞപ്പോൾ നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെട്ട സദസ്സ് കരഘോഷംമുഴക്കി.

ഇത്രയധികം പണം ചെലവഴിച്ച് (10,300 കോടി ഡോളർ) എന്തിനാണ് ബഹിരാകാശ യാത്രകൾ നടത്തുന്നതെന്ന ചോദ്യത്തിന് മനുഷ്യ വികസനത്തെ സഹായിക്കുന്നതാണ് ബഹിരാകാശ യാത്രകളെന്നും അതിൽ ചെലവഴിക്കുന്ന പണത്തിന്റെ അളവ് പ്രധാനമല്ലെന്നും മറുപടി നൽകി. എല്ലാം എളുപ്പവും സാധ്യമാകുന്നതും എന്നായിരുന്നു ബഹിരാകാശ സഞ്ചാരികളാകാൻ ആഗ്രഹിക്കുന്ന പുതിയ തലമുറയോടു പറഞ്ഞത്. ഗവേഷണം തുടരുന്നവർക്ക് അസാധ്യമായി ഒന്നുമില്ലെന്നും പറഞ്ഞു. അന്യഗ്രഹ ജീവികളുണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഇഷ്ടപ്പെട്ട പുസ്തകം. ലൈഫ് ഓഫ് പൈ. സിനിമ അപ്പോളോ–8. 

ബഹിരാകാശ വാസം എളുപ്പമല്ലെന്നും ഗുരുത്വാകർഷണ ബലം ഇല്ലാത്തതിനാൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമാണെന്നു ഹസ്സ അൽ മൻസൂരി പറഞ്ഞു. കടുത്ത മർദം താഴെ നിന്നുണ്ടാകുന്നതിനാൽ ആദ്യമൊക്കെ ഇരിക്കുന്നതുപോലും വേദനാജനകവും അത്യന്തം പ്രയാസകരവുമായിരുന്നു. പിന്നീടതിനോട് പൊരുത്തപ്പെട്ടു. സ്‌പേസിലെ സാധാരണ ജീവിതം ആദ്യ സമയത്ത് അത്യന്തം ദുഷ്‌കരമെന്ന് സുനിതയും പറഞ്ഞു. ശരീരത്തിന്റെ ഓരോ ഭാഗത്തെയും അത് ബാധിക്കും. ദൗത്യം കഴിഞ്ഞ് ഭൂമിയിൽ തിരിച്ചിറങ്ങുന്ന ആദ്യ സമയത്തും ബുദ്ധിമുട്ടുകളുണ്ടാകും. നടക്കുമ്പോൾ വീഴുമെന്ന തോന്നലുണ്ടാകുമെന്നും സുനിത പറഞ്ഞു. സദസ്സിന്റെ വിവിധ ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകി.

English Summary:

Sunita Williams at Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com