ADVERTISEMENT

ദോഹ ∙ അടുത്ത 4 വർഷത്തിനകം ഖത്തറിന്റെ പ്രാദേശിക പച്ചക്കറി-പഴം വിപണിയുടെ സംയുക്ത വാർഷിക വളർച്ച നിരക്ക് (സിഎജിആർ) 4.2 ശതമാനമായി വർധിക്കുമെന്ന് റിപ്പോർട്ട്. മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിലെ ഭക്ഷ്യ സുരക്ഷാ രംഗത്ത് കോവിഡ് പ്രത്യാഘാതം വളരെ കുറവാണെന്നും മാർക്കറ്റ്-റിസർച്ച് ഗ്രൂപ്പ് ആയ മോർഡോർ ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. സുസ്ഥിര സാങ്കേതിക വിദ്യകളായ ഹൈഡ്രോപോണിക്‌സ്, അക്വാകൾചർ, വെർട്ടിക്കൽ ഫാമിങ്, അക്വാപോണിക്‌സ് എന്നിവയും അനുബന്ധ ഹരിത സാങ്കേതിക വിദ്യകളും ഉപയോഗിച്ച് കോവിഡ് പ്രതിസന്ധിഘട്ടത്തിലും മിതമായ നിരക്കിൽ ഭക്ഷ്യ ലഭ്യത ഉറപ്പാക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ചതിലൂടെ ഖത്തറിന്റെ പ്രാദേശിക പഴം-പച്ചക്കറി ഉൽപാദനവും കുത്തനെ ഉയർത്തി.

സർക്കാരിന്റെ താൽപര്യമനുസരിച്ച് പ്രാദേശിക വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിലും സ്വയം പര്യാപ്തതയുടെ തോത് ഉയർത്തുന്നതിലും കാർഷിക മേഖല ഗണ്യമായ പുരോഗതി കൈവരിച്ചു. പച്ചക്കറികളുടെയും പഴങ്ങളുടെയും പ്രാദേശിക ഉൽപാദനം വർധിപ്പിച്ച് 100 ശതമാനം സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള നടപടികൾ പുരോഗതിയിലാണ്. ഇതിനായി 35 തന്ത്രപ്രധാനമായ പദ്ധതികൾ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് രാജ്യമെന്നു റിപ്പോർട്ടിൽ പറയുന്നു. 

ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനാൽ ഖത്തറിലെ ജനങ്ങളിൽ ഭൂരിഭാഗത്തിനും ജൈവ ഭക്ഷ്യ സാധനങ്ങളോടാണ് കൂടുതൽ താൽപര്യം. ഉപഭോക്താക്കളുടെ ഡിമാൻഡ് കണ്ടറിഞ്ഞു തന്നെ പ്രാദേശിക ഫാമുകൾ ജൈവ പച്ചക്കറികളും പഴങ്ങളും ഉൽപാദിപ്പിക്കുന്നത് വർധിച്ചു. നഗരസഭ മന്ത്രാലയം ജൈവ ഉൽപാദനം കാര്യക്ഷമമാക്കാൻ കർഷകർക്ക് കൃഷിഭൂമി ഉൾപ്പെടെയുള്ള പിന്തുണയും നൽകുന്നു. പച്ചക്കറി ഉൽപാദനം കൂട്ടാൻ 24 വ്യത്യസ്ത നഴ്‌സറികൾക്കായി 72 ഗ്രീൻ ഹൗസുകളും വിതരണം ചെയ്തിട്ടുണ്ട്. പ്രതിവർഷം 40,000 ടൺ പച്ചക്കറി ഉൽപാദനമാണ് ഈ ഗ്രീൻഹൗസുകളിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷം പ്രാദേശിക പച്ചക്കറി ഉൽപാദനത്തിൽ 70 ശതമാനം സ്വയം പര്യാപ്തത കൈവരിക്കുകയാണ് നഗരസഭ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതികളുടെ ലക്ഷ്യം.

English Summary:

Mordor Intelligence: Qatari fruits and vegetable market to grow by CAGR 4.2%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com