ADVERTISEMENT

റിയാദ് ∙ ബെനാമി പേരിൽ ബിസിനസ് നടത്തിയ കേസിൽ പ്രതികളായ മലയാളിക്കും സൗദി പൗരനും റിയാദ് ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചു. റിയാദ് കേന്ദ്രീകരിച്ച് ബെനാമിയായി കോൺട്രാക്ടിങ് സ്ഥാപനം നടത്തിയിരുന്ന മലയാളിയായ അബ്ദുറഹീം സൈദലവി, സ്ഥാപന നടത്തിപ്പിന് ആവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരനായ അബ്ദുൽ അസീസ് ബിൻ സൌദ് മുഹമ്മദ് അൽ ജരിയാൻ എന്നിവർക്കാണ് കോടതി ശിക്ഷ ലഭിച്ചത്.  ഇരുവരും ഒരു വർഷം വീതം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. കൂടാതെ  60,000 റിയാൽ പിഴ ശിക്ഷയും ഇരുവർക്കുമെതിരെ ചുമത്തിയിട്ടുമുണ്ട്. 

മലയാളിയെ തടവ് ശിക്ഷ പൂർത്തിയാക്കുമ്പോൾ  സൗദിയിൽ നിന്ന് നാടുകടത്താനും പുതിയ തൊഴിൽ വീസയിൽ വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു. സൗദി പൗരന് അഞ്ചു വർഷത്തേക്ക് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കുമേർപ്പെടുത്തി. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും പ്രതികളിൽ നിന്ന് ഈടാക്കാനും വിധിയുണ്ട്. പിടികൂടി അറസ്റ്റ് ചെയ്യുമ്പോൾ മലയാളിയുടെ പക്കൽ നിന്നും കണ്ടെത്തിയ പണം കണ്ടു കെട്ടുന്നതിനും കോടതി വിധിച്ചു.

ഇവർ നടത്തിയിരുന്ന സ്ഥാപനം അടച്ചുപൂട്ടാനും കൊമേഴ്‌സ്യൽ റജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനും കോടതി ഉത്തരവിട്ടു.  മലയാളിയുടെയും സൗദി പൗരന്റെയും പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകരുടെ ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി വിധിച്ചു.

മലയാളി വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 1,31,000 റിയാൽ വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ  സുരക്ഷാ വകുപ്പുകളുടെ പരിശോധനയിലാണ് പിടിയിലായത്. പണത്തിന്റെ ഭൂരിഭാഗവും വാഹനത്തിന്റെ അടിഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത്ര വലിയ തുകയ്ക്കുള്ള അനധികൃത പണത്തിന്റെ ഉറവിടം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ബെനാമി ബിസിനസിലൂടെ സമ്പാദിച്ച പണമാണിതെന്ന് കണ്ടെത്തുകയായിരുന്നു. സുരക്ഷാ വകുപ്പുകളും പബ്ലിക് പ്രോസിക്യൂഷനും വിശദമായ അന്വേഷണങ്ങൾ നടത്തി ഇരുവർക്കുമെതിരായ കേസ് കോടതിക്ക് സമർപ്പിച്ചു.

സൗദിയിൽ ബെനാമി ബിസിനസുകൾക്കെതിരെയും നിയമലംഘകർക്കെതിരെയും കർശന പരിശോധനയാണ് തൊഴിൽവകുപ്പ് നടത്തിവരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com