ഉമ്മൻ ചാണ്ടിയുടെ അപരന് പിന്നാലെ സൗദിയിൽ നിന്നും കോടിയേരി ബാലകൃഷ്ണനും അപരൻ, വൈറൽ

Mail This Article
ദമാം∙ നിറഞ്ഞ പുഞ്ചിരിയുമായി കാറിന്‍റെ മുൻവശത്തിരുന്നു തന്നെ നോക്കുന്ന സുപരിചിത മുഖം കണ്ട് അൽഹസയിലെ മലയാളിയായ ഷിബി മോഹനൻ അമ്പലപ്പുഴ ഒരു നിമിഷം അമ്പരന്നുപോയി. സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മുഖമുള്ള ഒരാൾ കാറിലിരിക്കുന്നു. ആദ്യത്തെ അമ്പരപ്പ് മാറി വിസ്മയമായി . പിന്നെ കൗതുകത്തോടെ ഓടി അരികിലെത്തി ചാഞ്ഞും ചരിഞ്ഞുമൊക്കെ സൂക്ഷിച്ചു നോക്കി. കേരളത്തിനു പ്രിയപ്പെട്ട സഖാവ് കോടിയേരിയുടെ അതേ പുഞ്ചിരിയും മുഖഭാവങ്ങളും വന്നു മാറി മറിയുന്നു. അടുത്തെത്തി തന്നെ അടിമുടി സാകൂതം വീക്ഷിക്കുന്ന ഷിബിഅമ്പലപ്പുഴയോട് കാറിലിരുന്ന് പ്രിയപ്പെട്ട സഖാവ് ചോദിച്ചു:കൈഫൽ ഹാൽ ..? എന്താണ് വിശേഷം എന്നർഥം. എന്താണ് എന്നെ ഇങ്ങനെ നോക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അറബികിൽ ജിജ്ഞാസയോടെ ചോദിച്ചു തുടങ്ങിയത് അൽഹസ സ്വദേശിയായ ഫരീദ് മുഹമ്മദ് അൽ ബുഷ്തിർ എന്ന സൗദി പൗരനായിരുന്നു. അൽഹസയിലെ അൽമൂസാ ആശുപത്രിയിൽ നിന്ന് അരാംകോ ആശുപത്രിയിൽ ജോലിസംബന്ധമായി കാര്യത്തിനായി പോകുമ്പോഴായിരുന്നു യൂട്യൂബറും വ്ളോഗറും കലാകാരനുമായ ഷിബിയില്‍ കോടിയേരിയുടെ അപരൻ കണ്ണുടക്കിയത്.
അമ്പരപ്പും വിസ്മയും കൗതുകത്തിനു വഴിമാറിയപ്പോൾ കൈയിലുണ്ടായിരുന്നു മൊബൈൽ ഫോണ്‍ വിഡിയോയിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചു. സമൂഹ മാധ്യമത്തിലൂടെ കോടിയേരിയുടെ അപരനെ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആർക്കും സമീപിക്കാവുന്ന, മുഖം നിറയെ ചിരിയുള്ള സൗമ്യനായ കോടിയേരിയുടെ ചിത്രവും വിഡിയോയുമൊക്കെ ഫരീദിന് കാട്ടിക്കൊടുത്തു.
ഇത് കേരളം ഭരിക്കുന്ന പാർട്ടിയുടെ ഉന്നത നേതാവും കേരളത്തിന്‍റെ ആഭ്യന്തരമന്ത്രിയുമായിരുന്നുവെന്നു പറഞ്ഞു പരിചയപ്പെടുത്തി. കോടിയേരിയുടെ ചിത്രവും വിഡിയോയും കണ്ട ഫരീദിനും കൗതുകവും വിസ്മയവും ചിരിയും അടക്കാനായില്ല. തന്റെ ചിത്രവും കോടിയേരിയുടെ ചിത്രവും മാറി മാറി നോക്കി പിന്നെ ചെറു പുഞ്ചിരിയോടെ, അതെ, കോടിയേരിയുടെ അതേ ചിരിയെ ഓർമ്മിപ്പിക്കും വിധം ചിരിച്ചുകൊണ്ടു പറഞ്ഞു. ശരിക്കും എന്റെ അഖു(സഹോദരൻ) ആണെന്നേ പറയു, അവിശ്വസനീയമായിരിക്കുന്നു.
തുടർന്നാണ് ഷിബി മോഹനൻ അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്നത്. വിഡിയോയും പോസ്റ്റുമൊക്കെ വൈറലായതോടെ സൗദി സ്വദേശിയായ ഫരീദും സ്നാപ്ചാറ്റിലടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ തന്റെയും കോടിയേരിയുടേയും ചിത്രങ്ങളും ഷിബിമോഹനൻ ചെയ്ത റീൽസുമൊക്കെ ഷെയർ ചെയ്തു. കൂടാതെ കുടുംബത്തോടും ഈ അതിശയവിവരം പങ്കുവച്ചു.
വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ മലയാളികളുടേയും പ്രവാസികളുടേയും ശ്രദ്ധ നേടിയതോടെ ധാരാളം സ്വദേശി സുഹൃത്തുക്കളടക്കം തന്നെ വിളിച്ചതായി ഫരീദ് പറയുന്നു. ഇന്ത്യയിൽ തന്നെപ്പോലെയുള്ള രൂപ സാദൃശ്യമുള്ള ഒരു വലിയ നേതാവ്, മുൻ മന്ത്രി ഉണ്ടായിരുന്നുവെന്നും മറ്റും കാട്ടി കോടിയേരിയുടെ പലതരം പടങ്ങളും വിഡിയോകളും അയച്ചു തന്നതായും ഫരീദ് സന്തോഷത്തോടെ പറഞ്ഞു.
അൽ ഹസയിലെ അരാംകോയുടെ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യിക്കുന്നതിനായി രോഗിയുമായി എത്തിയതായിരുന്നു സ്വകാര്യ ആതുരസേവന സ്ഥാപനത്തിൽ ജീവനക്കാരനായ ഫരീദ്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലയളവിൽ കോടിയേരി നവോദയുടേയും കേളിയുടേയുമൊക്കെ വിവിധ പരിപാടികളിലായി സൗദി അറേബ്യ സന്ദർശിച്ചിരുന്നു. നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി രൂപസാദൃശമുള്ള സൗദി പൗരനും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.