കരയിൽ നങ്കൂരമിട്ട കപ്പലിന്റെ രൂപത്തിലൊരു മത്സ്യചന്ത: ന്യായവിലയ്ക്ക് ഏത് 'വെറൈറ്റി'യും 'ചൂടോടെ' കിട്ടും
Mail This Article
റിയാദ്∙ കരയിൽ നങ്കൂരമിട്ട കപ്പലിന്റെ രൂപത്തിലൊരു മത്സ്യവിൽപന കേന്ദ്രം . അരനൂറ്റാണ്ടിലേറെയായി പഴക്കമേറിയ റിയാദിലെ പ്രശസ്തമായിരുന്ന അൽ മുറബ്ബ മത്സ്യചന്തയാണ് കപ്പലിന്റെ പുതിയ രൂപത്തിൽ പുനരാരംഭിച്ചത്. നഗരകേന്ദ്രത്തിലെ ബത്ഹക്ക് സമീപം അൽ മുറബ്ബ റിയാദ് നാഷനൽ മ്യൂസിയം പാർക്കിന് പിൻവശത്തുണ്ടായിരുന്ന പഴയ ചന്ത പ്രവർത്തിച്ചിരുന്നിടത്ത് തന്നെയാണ് റിയാദ് മുനിസിപ്പാലിറ്റി വകയായി പുത്തൻ രൂപത്തിൽ നിർമ്മിച്ച ചന്തയുടെ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയിരിക്കുന്നത്.
ഒമ്പത് വർഷം മുമ്പാണ് അവിടെയുണ്ടായിരുന്ന പഴയ മത്സ്യ വിപണി കെട്ടിടം നവീകരണത്തിനായി പൊളിച്ചിരുന്നു.പുതിയ കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായിരുന്നെങ്കിലും വിൽപ്പന വിപണി പ്രവർത്തനങ്ങൾ ചന്തയിൽ വീണ്ടും തുടങ്ങിയിട്ട് ഇല്ലായിരുന്നു. ഒരു മാസം മുൻപാണ് 34 ഓളം മീൻവിൽപ്പന സ്റ്റാളുകളുമായി വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങിയത്. ഇവിടെയുള്ള സ്വദേശികളും മലയാളികളടക്കമുള്ള പ്രവാസികളും മീൻ വാങ്ങാനായി പ്രധാനമായും ആശ്രിയിച്ചിരുന്നത് മുൻപും ഇവിടെ പ്രവർത്തിച്ചിരുന്ന മീൻചന്തയെ ആയിരുന്നു. കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫ്, ദമാം,ജീസാൻ എന്നിവിടങ്ങളടക്കമുള്ള സൗദിയുടെ കടലോര മത്സ്യമേഖലകളിൽ നിന്നുമാണ് ഇവിടേക്ക് മീൻ എത്തുന്നത്.
യുഎഇ, ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ വിദേശരാജ്യങ്ങളിൽ നിന്നുമുള്ള മീനും അൽ മുറബ്ബ മത്സ്യവിപണന കേന്ദ്രത്തിലേക്ക് എത്തുന്നുണ്ട്. ദിവസംതോറും മത്സ്യബന്ധനം നടത്തി നേരിട്ടു കൊണ്ടുവരുന്ന പച്ചമീനുകളും, ഫ്രോസൺ അടക്കമുള്ള എല്ലാത്തരം മത്സ്യങ്ങളും ഇവിടെ വിൽപ്പനക്കുണ്ട്. സൗദിയുടെ പ്രധാന മത്സ്യമൊത്തവിൽപ്പന കേന്ദ്രങ്ങളിൽ നിന്നും നേരിട്ടാണ് അതിരാവിലെ തന്നെ ലോഡുകൾ എത്തിക്കുന്നത്. പുതിയ മത്സ്യം ന്യായവിലക്ക് കിട്ടുമെന്നതിനാൽ വാങ്ങാനായി റിയാദിലെ മലയാളികളടക്കമുള്ളവരുടെ നല്ല തിരക്കും അനുഭവപ്പെടുന്നുണ്ടെന്ന് ഇവിടെ കച്ചവടം നടത്തുന്ന മലയാളികൾ പറയുന്നു. നിരവധി മലയാളികളാണ് ഇവിടെ മത്സ്യ കച്ചവട സ്റ്റാളുകൾ നടത്തുന്നത്.
രാവിലെ 6 മുതൽ രാത്രി 11 വരെയാണ് പ്രവർത്തി സമയം. മീൻ വാങ്ങുന്നതിനോടൊപ്പം പലതരം മീൻ വിഭവങ്ങൾ ചൂടോടെ വാങ്ങാനും കഴിക്കാനും സൗകര്യത്തോടെ റെസ്റ്ററന്റുകളും ഈ ബഹുനില മാർക്കറ്റിലുണ്ട്. ശുചിമുറിയടക്കമുള്ള എല്ലാവിധ പ്രാഥമിക സൗകര്യങ്ങളും, വിശാലമായ പാർക്കിങ് സൗകര്യവും മത്സ്യമാർക്കറ്റ് പ്രവർത്തിപ്പിക്കുന്ന മഹാർ കമ്പനി ഇവിടെ ഒരുക്കിയിട്ടുണ്ട്.