ഗ്ലോബൽ സ്റ്റാർ റേറ്റിങ് സിസ്റ്റം ഫോർ സർവീസസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു

Mail This Article
ദുബായ്∙ രാജ്യത്തെ സർക്കാർ സേവന കേന്ദ്രങ്ങൾ വിലയിരുത്തി തയ്യാറാക്കിയ ഗ്ലോബൽ സ്റ്റാർ റേറ്റിങ് സിസ്റ്റം ഫോർ സർവീസസ് 2023 ന്റെ ഫലങ്ങൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. 25 മന്ത്രാലയങ്ങളിലും ഫെഡറൽ ഗവൺമെന്റ് സ്ഥാപനങ്ങളിലുള്ള സേവന കേന്ദ്രങ്ങൾ, വെബ്‌സൈറ്റുകൾ, സ്മാർട് ആപ്ലിക്കേഷനുകൾ, കോൾ സെന്ററുകൾ എന്നിവയുൾപ്പെടെ 124 സർക്കാർ സേവന ചാനലുകൾ സമഗ്രമായ വിലയിരുത്തലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സേവനങ്ങൾക്കായുള്ള ഗ്ലോബൽ സ്റ്റാർ റേറ്റിങ് സിസ്റ്റത്തിന്റെ ഫലങ്ങൾ അംഗീകരിച്ചതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ആറ് സേവനകേന്ദ്രങ്ങൾ ആദ്യ 6 സ്ഥാനങ്ങളിൽ എത്തി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവയും ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിച്ചു. പശ്ചിമ മേഖലകൾ ശ്രദ്ധേയ പുരോഗതി കൈവരിച്ചു. അൽ ദഫ്ര സെന്റർ പശ്ചിമ മേഖലയിൽ മികവ് പുലർത്തി. ഒരു വർഷത്തിനുള്ളിൽ അതിന്റെ പ്രകടനത്തിൽ ശ്രദ്ധേയമായ കുതിപ്പ് നേടിയതായും 4 സ്റ്റാർ റേറ്റിങ്ങിൽ നിന്ന് 6 സ്റ്റാർ റേറ്റിങ്ങിലേക്ക് നീങ്ങിയതായും അറിയിച്ചു.
എല്ലാ കേന്ദ്രങ്ങളും മൂല്യനിർണയത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ല. ഏറ്റവും മോശം കേന്ദ്രങ്ങളുടെ പട്ടികയിൽപ്പെട്ട കൽബ ആശുപത്രിയിലെ സേവന കേന്ദ്രം ഡയറക്ടറെ മാറ്റാൻ നിര്‍ദേശം നൽകി. റാസൽഖൈമയിലെ ഊർജ, ഇൻഫ്രാസ്ട്രക്ചർ സേവന കേന്ദ്രവും മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത സേവന കേന്ദ്രങ്ങളിലൊന്നാണെന്ന് ചൂണ്ടിക്കാട്ടി.