എയർ അറേബ്യ റാസൽഖൈമ–കോഴിക്കോട് വിമാന സർവീസ് നാളെ മുതൽ
Mail This Article
റാസൽഖൈമ ∙ മധ്യപൂർവദേശത്തെയും വടക്കൻ ആഫ്രിക്കയിലെയും ആദ്യത്തെ ഏറ്റവും വലിയ ബജറ്റ് വിമാന സർവീസായ എയർ അറേബ്യ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് നാളെ(22) നേരിട്ട് സർവീസ് ആരംഭിക്കും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് വിമാന സർവീസ്.
ബുധൻ, വെള്ളി ദിവസങ്ങളിൽ യുഎഇ സമയം ഉച്ചയ്ക്ക് 2.55ന് റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന എ 320 വിമാനം ഇന്ത്യൻ സമയം രാത്രി 8.10ന് കോഴിക്കോട്ടെത്തും. ഇൗ ദിവസങ്ങളിൽ രാത്രി 8.50 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന മടക്ക വിമാനം 11.25ന് റാസൽഖൈമയിലെത്തും. ഞായറാഴ്ചകളിൽ രാവിലെ 10.55ന് റാസല്‍ഖൈമയിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കോഴിക്കോട്ടെത്തും. വെള്ളിയാഴ്ച കോഴിക്കോട് നിന്ന് വൈകിട്ട് 4.50 ന് പുറപ്പെടുന്ന വിമാനം 7.25ന് റാസൽഖൈമയിലെത്തും. നാളെ ഉച്ചയ്ക്ക് 1.30ന് റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വി െഎപി ലോഞ്ചിൽ ഉദ്ഘാടന പരിപാടികൾ നടക്കും.
യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനുള്ള എയർ അറേബ്യയുടെ പ്രതിബദ്ധതയുടെ തെളിവായി റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് പുതിയ നോൺ-സ്റ്റോപ്പ് വിമാനസർവീസ് ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എയർ അറേബ്യ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ആദിൽ അൽ അലി പറഞ്ഞു. യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാര-ടൂറിസം ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഇത് സഹായകമാകും.
2014 മേയിൽ റാസൽഖൈമയിൽ നിന്ന് എയർ അറേബ്യ പ്രവർത്തനം ആരംഭിച്ചു. ഷാർജ, അബുദാബി, റാസൽഖൈമ എന്നിവയുൾപ്പെടെ യുഎഇയിലെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നാണ് എയർ അറേബ്യ പ്രവർത്തിക്കുന്നത്. യാത്രക്കാരെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതിൽ മികവ് പ്രകടിപ്പിക്കുന്നു. എയർ അറേബ്യയുടെ വെബ്‌സൈറ്റ് സന്ദർശിച്ചോ കോൾ സെന്ററിൽ വിളിച്ചോ ട്രാവൽ ഏജൻസികൾ മുഖേനയോ ഉപയോക്താക്കൾക്ക് വിമാനം ബുക്ക് ചെയ്യാം. വിവരങ്ങൾക്ക്:https://www.airarabia.com/en.