ADVERTISEMENT

അബുദാബി∙ ചൂടും തണുപ്പും ഇല്ലാത്ത അനുകൂല കാലാവസ്ഥയിൽ മരുഭൂമിയിൽ ടെന്റ് കെട്ടി താമസിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ജോലി, ബിസിനസ് തിരക്കുകൾക്കിടയിൽ മനസ്സിനും ശരീരത്തിനും ആയാസം തേടി മരുഭൂമിയിൽ എത്തുന്നവരിൽ സ്വദേശികളും മലയാളികൾ ഉൾപ്പെടെ വിദേശികളും ഉൾപ്പെടും. വാരാന്ത്യങ്ങളിലാണ് മരുഭൂമിയിൽ കൂടാരങ്ങൾ നിറയുക. 

കുടുംബമായും ബാച്ചിലേഴ്സ് സംഘമായും കൂടാരത്തിൽ കഴിയാൻ എത്തുന്നവർ ഏറെ. ജന്മദിനം, വിവാഹ വാർഷികം, കമ്പനിയുടെ ആഘോഷങ്ങൾ എന്നിവയും മരുഭൂമിയിൽ സംഘടിപ്പിക്കാറുണ്ട്. മരുഭൂമയിൽ താമസമൊരുക്കുന്ന ഡെസർട്ട് ക്യാംപിങ് കമ്പനികളുടെ ചാകരക്കാലം കൂടിയാണിത്. ഇവരുടെ പാക്കേജിൽ എത്തുന്നവർക്ക് ഭക്ഷണം, താമസം, വിനോദ പരിപാടികൾ, ഗതാഗതം എന്നിവ ഒരുക്കുമെങ്കിലും ചെലവേറും. ഈ സേവനം ചെയ്യുന്നവരിൽ മലയാളി കമ്പനികളുമുണ്ട്. എന്നാൽ സ്വന്തം നിലയിൽ മരുഭൂമിയിൽ ടെന്റ് കെട്ടി താമസിക്കുന്ന കുടുംബങ്ങളും ഏറെയുണ്ട്.

മരുഭൂമിയുടെ വന്യതയിൽ എല്ലാം മറന്ന് ഒരു ദിനം ചെലവഴിക്കാനായി എത്തുന്നവർ ആവശ്യമായ ഭക്ഷണവും വെള്ളവും വെളിച്ചവുമെല്ലാം കരുതണം. മരുഭൂവാസം ഇഷ്ടപ്പെടുന്നവരിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും വിദേശ രാജ്യക്കാരുമെല്ലാം ഉണ്ട്. വിജനമായ മരുഭൂമിയിൽ കൂടാരം കെട്ടാൻ അനുയോജ്യമായതും വന്യമൃഗങ്ങളുടെ ശല്യമില്ലാത്തതും അവയുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്തതുമായ സ്ഥലം അതാതു എമിറേറ്റിലെ നഗരസഭ മുൻകൂട്ടി പ്രഖ്യാപിക്കും. ഈ സ്ഥലങ്ങളിൽ കൂടാരം കെട്ടി താമസിക്കുന്നത് സുരക്ഷിതമായിരിക്കും.

അനുവദിക്കപ്പെട്ട സ്ഥലത്തു മാത്രമേ ടെന്റ് കെട്ടാവൂ. പരിസ്ഥിതിക്കും ഭൂമിക്കും കോട്ടംതട്ടുംവിധം പാഴ് വസ്തുക്കൾ വലിച്ചെറിയരുത്. ടെന്റിനു തൊട്ടടുത്തായി പാചകത്തിനോ ക്യാംപ് ഫയറിനോ തീ കൂട്ടരുത്. നിശ്ചിത അകലത്തിൽ സുരക്ഷിതമായി മാത്രമേ പാചകം ചെയ്യാവൂ. മരുഭൂമിയിൽ എത്തുന്നവരിൽ 2 വിഭാഗമുണ്ട്. താൽക്കാലിക ടെന്റിൽ കുറച്ചുസമയം ചെലവഴിച്ചും പുറത്ത് തീകൂട്ടി ചുറ്റുമിരുന്നു ബാർബിക്യൂ ചെയ്ത് ഭക്ഷണം കഴിച്ചും പാതി രാത്രിയോടെ മടങ്ങുന്നവരാണ് ഒരു കൂട്ടർ. എന്നാൽ ഒരു രാത്രി മുഴുവൻ മരുഭൂമിയുടെ മടിത്തട്ടിൽ കളിച്ചും ഉല്ലസിച്ചും ഉറങ്ങിയും കഴിച്ചുകൂട്ടി പിറ്റേ ദിവസം ഉച്ചയോടെ മടങ്ങുന്നവരാണ് മറ്റൊരു കൂട്ടർ.

കുടുംബസമേതവും ബാച്ചിലർമാർ കൂട്ടത്തോടെയും വാരാന്ത്യങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ തമ്പടിക്കുന്നു. ഷഹാമ, അൽവത്ബ ലേക്, ലിവ, ബാബ് അൽ നുജൂം, അറേബ്യൻ നൈറ്റ്സ് വില്ലേജ്, അൽഐനിലെ ജബൽഹഫീത്, ഗ്രീൻ മുബഷറ, അൽഖസന, എന്നിവിടങ്ങളിലാണ് അനുമതിയുള്ളത്.

അനുമതിയില്ലാത്ത സ്ഥലത്ത് കൂടാരം കെട്ടുന്നവർക്കും പാഴ്‌വസ്തുക്കളും ഭക്ഷണ അവശിഷ്ടങ്ങളും മരുഭൂമിയിൽ വലിച്ചെറിയുന്നവർക്കും ചെടികളും മരങ്ങളും  നശിപ്പിക്കുകയും മൃഗങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്നവർക്ക് പിഴ ഉൾപ്പെടെ ശക്തമായ നിയമ നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

മരുഭൂയാത്രയ്ക്കു മുൻപ് പോകുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം. ഇത്തരം യാത്രകൾ ചെയ്ത് പരിചയമുള്ള ഒന്നിലേറെ പേർ ഉണ്ടാകുന്നത് വഴി തെറ്റാതിരിക്കാൻ സഹായിക്കും. എവിടേക്കാണ് യാത്ര പോകുന്നതെന്ന് ബന്ധുക്കളെയോ അടുത്ത സുഹൃത്തുക്കളെയോ അറിയിക്കണം. പെട്ടെന്നു കാലാവസ്ഥ മോശമായാൽ യാത്ര അവസാനിപ്പിച്ചു മടങ്ങണം. തിരക്കു കൂടിയതോടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സഹായം തേടുന്നവരെ കണ്ടെത്താൻ നൂതന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി നിയമലംഘകരെയും പിടികൂടും.

മരുഭൂമിയിലെ ക്യാംപിങ്ങിനുള്ള യാത്രയ്ക്കു മുൻപ് 
∙ അറ്റകുറ്റപ്പണി നടത്തി വാഹനത്തിനു തകരാറില്ലെന്ന് ഉറപ്പുവരുത്തണം.
∙ ടാങ്കിൽ നിറയെ ഇന്ധനമുണ്ടാകണം. 
∙ ദീർഘദൂര യാത്രയാണെങ്കിൽ കൂടുതൽ ഭക്ഷണവും വെള്ളവും കരുതണം.
∙ മൊബൈൽ ഫോൺ ചാർജറും പവർബാങ്കും എടുക്കാൻ മറക്കരുത്
∙ ടെന്റുകൾക്കു സമീപം തീകൂട്ടരുത്.
∙ മടങ്ങുമ്പോൾ തീകെടുത്തി അവശിഷ്ടങ്ങളും ചപ്പുചവറുകളും നീക്കണം.
∙ പ്രഥമശുശ്രൂഷാ കിറ്റുകൾ ഉണ്ടെന്ന് ഉറപ്പാക്കണം
∙ ഇഴജന്തുക്കളോ പ്രാണിയോ മൃഗമോ കടിച്ചാൽ മുറിവ് വൃത്തിയാക്കി ഉടൻ വൈദ്യസഹായം തേടണം.

English Summary:

Camping in the UAE: Emiratis move to the desert in winter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT