അവധിദിനങ്ങൾക്ക് കൂടുതൽ നിറം പകരാൻ പുതിയ അനുഭവമൊരുക്കി അൽനൂർ ദ്വീപ്

Mail This Article
ഷാർജ ∙ തണുപ്പ് കാല യാത്രകൾക്കും അവധിദിനങ്ങൾക്കും കൂടുതൽ നിറം പകരാൻ പുതിയ അനുഭവമൊരുക്കുകയാണ് ഷാർജയിലെ പ്രമുഖ വിനോദകേന്ദ്രങ്ങളിലൊന്നായ അൽനൂർ ദ്വീപ്. പ്രകൃതിയും കലയും വിനോദവും സമന്വയിപ്പിക്കുന്ന ‘എക്സ്പ്ലോറർ പാസ്’ എന്ന അനുഭവമാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. കുടുംബങ്ങൾക്കും കുട്ടികൾക്കും ദ്വീപ് കാഴ്ചകൾ കൂടുതൽ ക്രിയാത്മകമായി അടുത്തറിയാനും സംവദിക്കാനുമുള്ള അവസരം പര്യവേക്ഷണ പാസ് വാഗ്ദാനം ചെയ്യുന്നു.

ശലഭവീട്ടിലേയ്ക്കുള്ള വഴി
‘എക്സ്പ്ലോറർ പാസ്’ എന്ന പാസിന്റെ ഭാഗമായി ഓരോ സന്ദർശകനും ദ്വീപിൽ പ്രവേശിക്കുമ്പോൾ തന്നെ ഒരു പര്യവേക്ഷണ കിറ്റ് ലഭിക്കും. പ്രത്യേകം തയാറാക്കിയ ദ്വീപിന്റെ ഭൂപടം, ഇവിടുത്തെ ജീവജാലങ്ങളെയും സസ്യങ്ങളെയും കുറിച്ചുള്ള രസകരമായ അറിവുകൾ എന്നിയവയെല്ലാം കിറ്റിന്റെ ഭാഗമാണ്. ഭൂപടം പിന്തുടർന്ന് ദ്വീപിന്റെ പല ഭാഗങ്ങളിലായി മറഞ്ഞിരിക്കുന്ന കലാസൃഷ്ടികളും പ്രകൃതികാഴ്ചകളും സ്വയം കണ്ടെത്താനാവും. കുട്ടികൾക്ക് കളിക്കാനുള്ള ഇടവും പച്ചപ്പ് മൂടിക്കിടക്കുന്ന വഴികളിൽ ഫോട്ടോയെടുക്കാനും ഷാർജ നഗരക്കാഴ്ചയാസ്വദിച്ച് ഊഞ്ഞാലാടാനുമെല്ലാം അവസരമുണ്ട്.

ദ്വീപ് കാഴ്ചകൾ ആസ്വദിച്ചതിന് ശേഷം സന്ദർശകർക്ക് ശലഭവീട്ടിലേക്ക് പ്രവേശിക്കാം. ചിത്രശലഭങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവും മനോഹരമായ കാഴ്ചകളുമാണ് ഇവിടെ കാത്തിരിക്കുന്നത്. പരിശീലനം നേടിയിട്ടുള്ള ഗൈഡിന്റെ സാന്നിധ്യത്തിൽ കുട്ടികൾക്ക് വിവിധയിനം ചിത്രശലഭങ്ങളെ അടുത്തറിയാനും അവയുടെ ജീവിതചക്രം മനസ്സിലാക്കാനും അവസരമുണ്ടാവും. അൽ നൂർ ദ്വീപിലേക്കുള്ള പ്രവേശനം, ശലഭവീട്ടിലൂടെയുള്ള ഗൈഡഡ് ടൂർ, എക്സ്പ്ലോറർ കിറ്റ് എന്നിവയെല്ലാം അടങ്ങുന്നതാണ് എക്സ്പ്ലോറർ പാസ്. മുതിർന്നവർക്കും കുട്ടികൾക്കും 75 ദിർഹമാണ് നിരക്ക്.

എക്‌സ്‌പ്ലോറർ പാസിന് പുറമേ, ദ്വീപിലേക്കുള്ള പ്രവേശനം മാത്രമുള്ള -സെൽഫ് ഗൈഡഡ് ടൂർ-, ശലഭവീട്ടിലെ സന്ദർശനമടക്കമുള്ള 'സ്റ്റാൻഡേർഡ് പാസ്' എന്നിവയുമുണ്ട്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കുമായി info@alnoorisland.ae എന്ന വിലാസത്തിലോ 06 506 7000 & 0569929983 എന്ന നമ്പറിലോ ബന്ധപ്പെടാം.