ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കണം: മുഹമ്മദ് ബിൻ സൽമാൻ
Mail This Article
റിയാദ് ∙ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം തടയാൻ കൂട്ടായ ആഗോള ശ്രമങ്ങൾക്ക് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ആഹ്വാനം ചെയ്തു. ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്നും കിരീടാവകാശി പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങൾ വിളിച്ചു ചേർത്ത അസാധാരണ യോഗത്തിലാണ് സൗദിയുടെ ആവശ്യം.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയിലുള്ള ബ്രിക്‌സ് ഗാസ വിഷയത്തിൽ അസാധാരണ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇസ്രയേലിലേക്കുള്ള ആയുധക്കയറ്റുമതി നിർത്തിവെക്കാൻ സൗദി ആവശ്യപ്പെട്ടത്. പടക്കോപ്പുകളയക്കുന്നതും നിർത്തലാക്കണം. ദ്വിരാഷ്ട്ര ഫോർമുല കൂടാതെ പ്രശ്‌നപരിഹാരം പലസ്തീനിൽ അസാധ്യമാണെന്നും സൗദി കിരീടാവകാശി പറഞ്ഞു.
1967-ലെ അതിർത്തിയിൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഗൗരവമേറിയതും സമഗ്രവുമായ സമാധാന പ്രക്രിയ ആരംഭിക്കണം. അത് നടപ്പിലാക്കുകയല്ലാതെ പലസ്തീനിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാൻ ഒരു മാർഗവുമില്ല. ബ്രിക്‌സിൽ ചേരാൻ സൗദിക്ക് ക്ഷണം ലഭിച്ച ശേഷമുള്ള ആദ്യ യോഗമായിരുന്നു ഇത്.