ADVERTISEMENT

ദുബായ് ∙ യുഎഇ ദേശീയ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി ഗ്ലോബൽ വില്ലേജ്. പ്രധാന നടവഴികളിലെല്ലാം ദേശീയ പതാക സ്ഥാപിച്ചു. വെളിച്ച സംവിധാനം പൂർണമായും ദേശീയ പതാകയുടെ നിറത്തിലേക്കു മാറി. പരിപാടികൾ ഡിസംബർ 3 വരെ നീളും. സാംസ്കാരിക പരിപാടികളുടെ വലിയ നിരയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പ്രധാന വേദിയോടു ചേർന്ന പാർക്കിൽ ഒപെറയും സംഗീതവും ചേരുന്ന പ്രത്യേക കലാപ്രകടനം ഡിസംബർ 1 മുതൽ 3വരെ നടക്കും. ഇമറാത്തി കലാരൂപങ്ങളായ യോലയും അയ്യാലയും ഡിസംബർ ഒന്നു മുതൽ 3വരെ പാർക്കിൽ ആസ്വദിക്കാം. 

ഇതോടൊപ്പം ഹെന്ന കിയോസ്ക്കുകളിൽ നിന്നു മൈലാഞ്ചി ഇടാനും പ്രത്യേക ഫോട്ടോ ബൂത്തുകളിൽ നിന്ന് പരമ്പരാഗത ഇമറാത്തി വേഷത്തിൽ ചിത്രമെടുക്കാനും ദേശീയ പക്ഷിയായ ഫാൽക്കണുമൊത്ത് ചിത്രമെടുക്കാനും അവസരമുണ്ട്. യുഎഇ സ്റ്റോളിൽ നിന്ന് സുവനീറുകൾ വാങ്ങാം. പരമ്പരാഗത ഇമറാത്തി വിഭവങ്ങളുടെ പ്രത്യേക മേളയും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വെടിക്കെട്ടുണ്ടായിരിക്കും. ഡിസംബർ 1, 2, 3 തീയതികളിലായിരിക്കും കരിമരുന്ന് പ്രയോഗങ്ങൾ. കൂടാതെ സംഗീത കച്ചേരികൾ മുതൽ നാടോടി നൃത്തം വരെ വിനോദ സാംസ്കാരിക പരിപാടികളും അരങ്ങേറും. ഡിസംബർ 2ന് അബുദാബി എമിറേറ്റിലെ അൽമർയ ഐലൻഡ്, കോർണിഷ്, യാസ് ഐലൻഡ്, അൽഐൻ, അൽദഫ്ര, അൽ വത്ബ ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ, ബവാബത്ത് അൽ ഷർഖ് എന്നിവിടങ്ങളിൽ രാത്രി എട്ടിനും ഒൻപതിനും ഇടയ്ക്കായിരിക്കും വെടിക്കെട്ട്.

അൽ വത്ബ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ 1 മുതൽ 3 വരെ കരിമരുന്ന് പ്രയോഗവും ഡ്രോൺ ഷോയും ഉണ്ടായിരിക്കും. എമിറേറ്റ്സ് ഫൗണ്ടൻ യുഎഇ പതാകയുടെ നിറങ്ങളാൽ അലങ്കരിക്കും. നാടോടി കലാപരിപാടികളും ബാൻഡ് വാദ്യം ഉൾപ്പെടെ ഫെസ്റ്റിവൽ ദേശീയ ദിന പ്രമേയത്തിലേക്കു മാറും. 

അബുദാബി എമിറേറ്റ്സ് പാലസിൽ ഡിസംബർ രണ്ടിനു രാത്രി 9ന്  ലൈറ്റ് ഷോയും അരങ്ങേറും. ഇതിനു മുൻപ് വൈകിട്ട് 3 മുതൽ 6 വരെ ദേശീയ ദിന എയർ ഷോയും ഉണ്ടായിരിക്കും. ദുബായിൽ ക്രീക്ക്, ഫെസ്റ്റിവൽ സിറ്റി, ഗ്ലോബൽ വില്ലേജ്, പാം ജുമൈറ, ദ് പോയിന്റ്, ജുമൈറ ബീച്ച്, ലാ മെർ, ബുർജ് അൽ അറബ്, എക്സ്പോ സിറ്റി എന്നിവിടങ്ങളിലായിരിക്കും വെടിക്കെട്ട് ഒരുക്കുന്നുണ്ട്. ഷാർജയിൽ കോർണിഷ്, കൽബ, അൽ ബത്തീൻ, വാദി ഹെലോ എന്നിവിടങ്ങളിൽ ദേശീയദിനാഘോഷ പരിപാടികളും വെടിക്കെട്ടും ഉണ്ടായിരിക്കും.

English Summary:

UAE National Day: Dubai Global Village is hosting a four-day celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com