ADVERTISEMENT

റിയാദ് ∙ മരുഭൂമിയിലെ തണുപ്പ് കാലം അസഹനീയമാണ്. അതിനാൽ ആടുകളെയും ഒട്ടകങ്ങളെയും മേയിച്ച് കഴിയുന്ന മസറയിലെ ജീവിതങ്ങൾക്ക് ഇത്തിരി ചൂട് പകരാൻ ഒരു കൈസഹായവുമായെത്തുകയാണ് റിയാദിലെ ഒരു പറ്റം മനുഷ്യ സ്നേഹികൾ. മരുഭൂമിയിലെ നന്മതേടി  എന്ന പേരിൽ അറിയപ്പെടുന്ന  വാട്സാപ് ഗ്രൂപ്പ് അംഗങ്ങളാണ് തുടർച്ചയായി മൂന്നാം വർഷവും  തണുപ്പിൽ നിന്ന് രക്ഷനേടാനായി ബ്ലാങ്കറ്റുകൾ സമ്മാനിക്കാനെത്തിയത്. മരം കോച്ചുന്ന തണുപ്പിൽ  പ്ലൈവുഡിലും മറ്റും തീർത്ത പോർട്ടോ കാബിനുകൾ പോലുള്ള  കൊച്ചു ഷെഡുകളിൽ തണുപ്പിന്റെ ആധിക്യത്തിൽ ഞരമ്പുകളും കൈകാലുകളുമൊക്കെ കോച്ചി മരവിക്കും. ഒറ്റപ്പെട്ട കൃഷിയിടങ്ങളിലും മസറകളിലുമൊക്കെ തൊഴിലിടമാക്കി കഴിയുന്നവരുടെ തണുപ്പുകാലത്തെ  പരിമിതികളെ നേരിൽ കണ്ട് അറിഞ്ഞ ഒരാളുടെ ആശയമാണ് മൂന്ന് വർഷം മുമ്പ് ഇത്തരമൊരു ഉദ്യമത്തിനു തുടക്കം കുറിച്ചത്. ഒരു തണുപ്പ് നിറഞ്ഞ കാലത്ത് മക്കയിൽ നിന്ന് റിയാദിലേക്കുള്ള യാത്രയിൽ വഴിയരികിലെ വിജനമായ മരുപ്രദേശത്ത് തണുപ്പിനെ പ്രതിരോധിക്കാനായി തലമുതൽ ദേഹമാസകലം അരിചാക്കുകൾ കൊണ്ട് തുന്നിപിടിപ്പിച്ച മേലാവരണവുമായി  ആടുകളെ തെളിയിച്ച് വരുന്നൊരാൾ. അതിശക്തമായി വീശിയടിക്കുന്ന ശീതക്കാറ്റിൽ തന്റെ കാലുകൾ മരവിച്ചു പോകാതിരിക്കാനായി  അയാൾ കാലുറപോലെയും ചാക്കുകൾ കൊണ്ട് പൊതിഞ്ഞു കെട്ടിയിരുന്ന കാഴ്ചയാണ് ഇത്തരമൊരു കാരുണ്യപ്രവർത്തനത്തിലേക്ക് വഴിതിരിച്ചത്. 

 തുടക്കത്തിൽ  സുലൈമാൻ വിഴിഞ്ഞം, സിദ്ദീഖ് നെടുങ്ങോട്ടൂര്,സുഹൈൽ കൂടാളി എന്നിവർ ചേർന്ന് ആരംഭിച്ച ബ്ലാങ്കറ്റ് വിതരണം കഴിഞ്ഞ വർഷം റിയാദിന്റെ പ്രാന്ത പ്രദേശങ്ങളിലെ മരുഭൂമികളിൽ വിവിധ ഇടങ്ങളിലായി കഴിയുന്ന 100 പേരിലേക്ക് എത്തിക്കാനായി. വീണ്ടും ഒരു ശൈത്യകാലമെത്തുമ്പോഴേക്കും ഈ പ്രവർത്തികൾ ഏകോപിപ്പിക്കാനായി ഒരു വനിതയടക്കം 13 പേരാണ്  ഈ സംഘത്തിലുള്ളത്. ഇത്തവണയും സഹായമനസ്കരായ ഉദാരമതികളിൽ നിന്നും ബ്ലാങ്കറ്റുകൾ സമാഹരിച്ച് പരമാവധി ആളുകൾക്ക് ബ്ലാങ്കറ്റുകൾ സമ്മാനിക്കണമെന്നാണ് ഈ കൂട്ടായ്മയുടെ ആഗ്രഹം. ആദ്യ ഘട്ടമായി റിയാദിനു 70 കിലോമീറ്റർ അകലെയുള്ള ബെൻബാൻ എന്ന മരുഭൂമിയിലുള്ളവർക്കാണ് വിതരണം നടത്തിയത്. വരുന്ന വെള്ളിയാഴ്ചകളിൽ മുസഹ്മിയ, ദുർമ്മ എന്നിവിടങ്ങളിലും റിയാദിൽ നിന്നും 100 കിലോമീറ്റർ അകലെ മദീന റോഡിലുള്ളപ്രദേശം എന്നിങ്ങനെ നാല് പ്രദേശങ്ങളിലുള്ളവർക്കും ബ്ലാങ്കറ്റ് എത്തിക്കാനാണ്  ഈ കൂട്ടായ്മയുടെ പരിശ്രമം. 

 'മരുഭൂമിയിലെ നന്മതേടി വാട്സാപ് ഗ്രൂപ്പ് അംഗങ്ങൾ.
'മരുഭൂമിയിലെ നന്മതേടി വാട്സാപ് ഗ്രൂപ്പ് അംഗങ്ങൾ.

ഇത്തവണ എകദേശം 120 പേർക്കോളം വിതരണം നടത്താനുള്ള തീവ്രശ്രമത്തിലാണ് സംഘം. കഴിഞ്ഞ വർഷം വരെ ബ്ലാങ്കറ്റുകളാണ് എത്തിച്ചു നൽകിയതെങ്കിലും  ജാക്കറ്റുകൾക്കും ആവശ്യക്കാരുണ്ടായിരുന്നു. ഇത്തവണ ജാക്കറ്റുകളും കോട്ടുകളുമൊക്കെ ക്രമീകരിക്കാനും വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നതായി അവർ പറഞ്ഞു.  ഈ കാരുണ്യപ്രവർത്തനത്തിൽ പങ്കുചേരാൻ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേർ താൽപര്യം പ്രകടിപ്പിക്കുന്നതായും  കൂട്ടായ്മ സംഘാടകർ പറയുന്നു.  സാമൂഹിക മാധ്യമങ്ങളിലൂടെ ബ്ലാങ്കറ്റ് വിതരണ ഉദ്യമം വീക്ഷിച്ച ചില സൗദി സ്വദേശികൾ പിന്തുണയുമായി എത്തിയിട്ടുണ്ട്. അവധിക്ക് നാട്ടിലേക്ക് കൊണ്ടുപോകാനായി വാങ്ങി സൂക്ഷിച്ചിരുന്ന ബ്ലാങ്കറ്റുകൾ വിതരണത്തിനായി എത്തിച്ചു നൽകി  സഹജീവി സ്നേഹത്തിനു മികച്ച പിന്തുണ നൽകിയ തുച്ഛശമ്പളക്കാരായ പ്രവാസികളുണ്ടെന്നും  സുലൈമാൻ വിഴിഞ്ഞം പറഞ്ഞു.

സംഘം വിതരണത്തിന് എത്തിക്കുന്നത് ഏറ്റവും ഗുണമേൻമയുള്ള മേൽത്തരം കട്ടികൂടിയ ബ്ലാങ്കറ്റുകളാണ്. നല്ലയിനമായിതിനാൽ കേടുപാടുകൾ സംഭവിക്കാതെ വർഷങ്ങളോളം ഉപയോഗിക്കാനാവും. അതിനാൽ ഒരോ വർഷവും അർഹരായ ആളുകളുള്ള പുതിയ ഇടങ്ങളിലാണ് ബ്ലാങ്കറ്റുകൾ  വിതരണം ചെയ്യുന്നത്.

ഇത്തവണത്തെ ആദ്യഘട്ട വിതരണത്തിൽ സുലൈമാൻ വിഴിഞ്ഞം, സിദ്ദിഖ് നെടുങ്ങോട്ടൂർ, സുഹൈൽ കൂടാളി, ഷൈജു പച്ച, സമീർ, നിഖില സമീർ, ഷമീർ കല്ലിങ്ങൽ, ഷഫീഖ്, സലിം പുളിക്കൽ, ഗോപൻ എസ്. കൊല്ലം, എൽദോ, അൻവർ, അനസ്‌ തുടങ്ങിയവർ പങ്കെടുത്തു.ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ  പുതിയതും, ഉപയോഗപ്രദമായ പഴയതുമായ ബ്ലാങ്കറ്റുകളും ജാക്കറ്റുകളും വിതരണത്തിനായി നൽകുവാൻ  താൽപര്യപ്പെടുന്നവർ 0508004283 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

English Summary:

WhatsApp community by giving blankets to workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT