ADVERTISEMENT

ദുബായ് ∙ വസ്തു ഇടപാടുകളുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ യുഎഇ പാസ് റജിസ്ട്രേഷൻ നിർബന്ധമാക്കും. വിൽക്കലും വാങ്ങലും യുഎഇ പാസ് പോർട്ടൽ വഴിയാക്കാനാണ് നീക്കം. വ്യക്തിഗത വിവരങ്ങൾ, രേഖകൾ, വാടക കരാർ, ഡ്രൈവിങ് ലൈസൻസ്, വാഹന വിവരങ്ങൾ, മെഡിക്കൽ റെക്കോർഡുകൾ തുടങ്ങി സമഗ്ര വിവരങ്ങൾ ലഭ്യമാകുന്ന ഏകജാലക സംവിധാനമാണ് യുഎഇ പാസ്. ഈ പോർട്ടലിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തി ഇടപാടുകൾ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. കോർപറേറ്റ് നികുതി നടപടികൾ എളുപ്പമാക്കാം. 

പ്ലേ സ്റ്റോർ, ആപ്സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് UAE PASS ആപ് ഡൗൺലോഡ് ചെയ്യാം.
പ്ലേ സ്റ്റോർ, ആപ്സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് UAE PASS ആപ് ഡൗൺലോഡ് ചെയ്യാം.

പ്രാദേശിക റിയൽ എസ്റ്റേറ്റ് വിപണിയിൽ വർധിച്ചുവരുന്ന ഇടപാടുകൾ സുതാര്യമാക്കാൻ യുഎഇ പാസ് സംവിധാനം സഹായിക്കും. വ്യക്തിഗത ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടി ഇടപാടിന് കോർപറേറ്റ് നികുതി ബാധകമല്ല. എന്നാൽ ഇതുപയോഗിച്ച്  ബിസിനസ് നടത്തുകയാണെങ്കിൽ  കോർപറേറ്റ് നികുതി റജിസ്ട്രേഷൻ നിർബന്ധം. ഇടപാടുകൾ യുഎഇ പാസ് വഴിയാക്കുന്നത് അധിക സുരക്ഷ ഉറപ്പാക്കുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യും.

ഡിജിറ്റൽ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്  കൂടുതൽ സർക്കാർ സേവനങ്ങൾ യുഎഇ പാസുമായി ബന്ധിപ്പിച്ചുവരുന്നത്. ഇതു സേവനം വേഗത്തിലാക്കാൻ സഹായിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത ഓഫിസുകളിൽ നേരിട്ടു ഹാജരാകുന്നതും ഒഴിവാക്കാം. ധനകാര്യ, വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയങ്ങളിൽ യുഎഇ പാസ് ഉപയോഗിച്ചാണ് സേവനം. വാടക കരാർ പുതുക്കുക, ജല–വൈദ്യുതി കണ‌ക്‌ഷൻ, ബാങ്കുകളിലും ഇത്തിസലാത്ത്, ഡു തുടങ്ങി വിവിധ ഓഫിസുകളിലും എമിറേറ്റ്സ് ഐഡി അപ്ഡേറ്റ് ചെയ്യുന്നതും യുഎഇ പാസ് വഴിയാക്കിയിരുന്നു. വൈകാതെ എല്ലാ മേഖലയിലെയും സേവനങ്ങൾ യുഎഇ പാസ് വഴി ബന്ധിപ്പിക്കാനാണ് ആലോചിക്കുന്നത്.

യുഎഇ പാസ് എന്ന ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ കാർ‍ഡ്

യുഎഇ പൗരന്മാർക്കും താമസക്കാർക്കുമുള്ള ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ കാർ‍ഡാണ് യുഎഇ പാസ്. ഓൺലൈൻ സേവനങ്ങൾക്ക് സേവന ദാതാക്കളെ തിരിച്ചറിയാനായി യുഎഇ പാസ് ഉപയോഗിക്കുന്നു. കോടതി, ലേബർ, എമിഗ്രേഷൻ, നഗരസഭ, ഗതാഗതം തുടങ്ങി പ്രാദേശിക, ഫെഡറൽ സർക്കാർ സേവനങ്ങളെല്ലാം യുഎഇ പാസുമായി ബന്ധിപ്പിച്ചുവരുന്നു.  

ഉപയോഗം, നേട്ടം
എമിറേറ്റ്സ് ഐഡി, വീസ എന്നിവയ്ക്ക് അപേക്ഷിക്കുക, പുതുക്കുക, കെട്ടിടം വാടകയ്ക്ക് എടുക്കുക, പുതുക്കുക, വാടകക്കരാർ (തൗതീഖ്) അറ്റസ്റ്റ് ചെയ്യുക, പുതുക്കുക, വാഹനം റജിസ്റ്റർ ചെയ്യുക, സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് അടയ്ക്കുക, ബിസിനസ് ആരംഭിക്കുക തുടങ്ങി അയ്യായിരത്തോളം സേവനങ്ങൾക്കുള്ള ഇടപാടുകൾ യുഎഇ പാസ് ഉപയോഗിച്ച് സ്വന്തമായി 24 മണിക്കൂറും നടത്താം. വിവിധ ആവശ്യങ്ങൾക്ക് സർക്കാർ ഓഫിസിനെയോ ടൈപ്പിങ് സെന്ററിനെയോ ആശ്രയിക്കുന്നത് ഒഴിവാക്കാം.

സുരക്ഷിതം
യുഎഇ പാസ് മറ്റൊരാൾക്ക് ദുരുപയോഗം ചെയ്യാൻ സാധിക്കില്ല. ഇതുപയോഗിച്ച് ഏതെങ്കിലും സർക്കാർ സേവനത്തിനു ശ്രമിച്ചാൽ ബന്ധപ്പെട്ട വകുപ്പ് അതതു വ്യക്തിക്ക് മൊബൈലിൽ അയയ്ക്കുന്ന കോഡ് നൽകിയാൽ മാത്രമേ സൈറ്റ് തുറക്കൂ. സേവനങ്ങൾ നടത്തുമ്പോൾ വ്യക്തി ഇ–സിഗ്നേച്ചർ നൽകുകയും വേണമെന്നതും സുരക്ഷ ഉറപ്പാക്കുന്നു. പ്ലേ സ്റ്റോർ, ആപ്സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് UAE PASS ആപ് ഡൗൺലോഡ് ചെയ്യാം.

English Summary:

UAE Pass registration mandatory for property transactions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com