10 സെക്കൻഡിനകം ചെക്–ഇൻ, ബോർഡിങ്ങിന് 3 സെക്കൻഡ്
Mail This Article
അബുദാബി ∙ നിമിഷങ്ങൾക്കകം ചെക്ക്–ഇൻ ചെയ്ത് വിമാനത്തിൽ കയറാവുന്ന അബുദാബി രാജ്യാന്തര വിമാനത്താവള നടപടികൾ ശ്രദ്ധേയമാകുന്നു. 10 സെക്കൻഡുകൾക്കകം ചെക്ക്–ഇൻ ചെയ്യാം. ബോർഡിങിന് 3 സെക്കൻഡ് മതി. നിർമിത ബുദ്ധി സമന്വയിപ്പിച്ച് സജ്ജമാക്കിയ ടെർമിനൽ എയിലാണ് ആയാസ രഹിത യാത്ര ഒരുക്കിയത്. ചെക്ക്–ഇൻ ചെയ്ത് സ്മാർട്ട് ഗേറ്റ് കടക്കുമ്പോൾ തന്നെ നിർമിത ബുദ്ധി ക്യാമറ സ്കാൻ ചെയ്തുകഴിഞ്ഞിരിക്കും.
യാത്രക്കാരന് നടപടികൾ പൂർത്തിയാക്കി ഗേറ്റിലെത്താൻ 12 മിനിറ്റ് മതി. അഞ്ചിടങ്ങളിൽ സ്ഥാപിച്ച ബയോമെട്രിക് സംവിധാനവും നടപടി എളുപ്പമാക്കുന്നു. വൈകാതെ 9 ഇടങ്ങളിൽ കൂടി ബയോമെട്രിക് സ്ഥാപിക്കും.
സെൽഫ് സർവീസ് ചെക്ക്–ഇൻ, സെൽഫ് സർവീസ് ബാഗ് ഡ്രോപ്, ഇമിഗ്രേഷൻ ഇ–ഗേറ്റ് തുടങ്ങി ഒട്ടേറെ നവീന സൗകര്യങ്ങൾ. ബയോമെട്രിക് കവാടത്തിലൂടെ യാത്രക്കാരൻ പ്രവേശിക്കുമ്പോൾ തന്നെ വ്യക്തിഗത രേഖകൾ സ്വമേധയാ രേഖപ്പെടുത്തുന്നതിനാൽ പാസ്പോർട്ടിൽ എക്സിറ്റ്/എൻട്രി സീലിനായി കാത്തുനിൽക്കേണ്ട. എല്ലാവർക്കും ഈ സേവനം ലഭിക്കും.
നിലവിൽ ഇത്തിഹാദ് യാത്രക്കാർക്കു മാത്രമുള്ള സെൽഫ് സർവീസ് ചെക്ക്–ഇൻ വൈകാതെ അബുദാബിയിൽനിന്ന് സർവീസ് നടത്തുന്ന എല്ലാ വിമാന യാത്രക്കാർക്കും ലഭ്യമാക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.