കുദു - കേളി ഫുട്ബോൾ: റിയൽ കേരളക്ക് വിജയം, യൂത്ത് ഇന്ത്യ - റെയിൻബോ മത്സരം സമനിലയിൽ
Mail This Article
റിയാദ് ∙ കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന കുദു കേളി പത്താമത് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ നാലാം വാര മത്സരത്തിൽ റിയൽ കേരള എഫ്സിക്ക് വിജയവും യൂത്ത് ഇന്ത്യ എഫ്സി റെയിൻബോ എഫ്സി മത്സരം സമനിലയിലും കലാശിച്ചു.
ആദ്യ മത്സരത്തിൽ ദാറൂപ് മെഡിസിൻസ് ആൻഡ് അറഫാ ഗോൾഡ് കൊണ്ടോട്ടി റിയൽ കേരള എഫ്സിയും, ഇസ്സ ഗ്രൂപ്പ് അസീസിയ സോക്കറും തമ്മിൽ ഏറ്റുമുട്ടി. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് റിയൽ കേരള എഫ്സി വിജയിച്ചു. ഇതോടെ ഗ്രൂപ്പ് ബിയിൽ രണ്ടു കളികളിൽ നിന്നായി റിയൽ കേരളക്ക് മൂന്ന് പോയിന്റും, അസീസിയ സോക്കറിന് ഒരു പോയിന്റും ലഭിച്ചു. ഗ്രൂപ്പിലെ അടുത്ത മത്സരം രണ്ടു ടീമുകൾക്കും നിർണായകമാണ്. കളിയുടെ ആദ്യ പകുതിയുടെ പതിനഞ്ചാം മിനുട്ടിലും രണ്ടാം പകുതിയുടെ നാലാം മിനുട്ടിലുംഒൻപതാം നമ്പർ താരം ശിവദാസനും ആദ്യ പകുതിയുടെ പതിനേഴാം മിനുട്ടിൽ ആറാം നമ്പർ ഹംസയും റിയൽ കേരള എഫ്സിക്ക് വേണ്ടി ഗോളുകൾ നേടി. ശിവദാസനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ രാജൻ പള്ളിത്തടം, കിഷോർ ഇ നിസാം, ഹുസൈൻ മണക്കാട്, സംഘാടക സമിതി ഗതാഗത കൺവീനർ ഒപി ജോർജ്, ടെക്‌നിക്കൽ ജോയിന്റ് കൺവീനർമാരായ രാജേഷ് ചാലിയാർ, സുഭാഷ്, റിഫ സെക്രട്ടറിയേറ്റ് അംഗം ശരീഫ് കാളികാവ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
രണ്ടാം മത്സരത്തിൽ മിഡി ഈസ്റ്റ് ഫുഡ് പ്രോഡക്റ്റ് ആൻഡ് ഇമാദ് യൂണിഫോം റെയിൻബോ എഫ്സിയും ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ എഫ്സിയും തമ്മിൽ മാറ്റുരച്ചു. ആദ്യ പകുതിയുടെ മുപ്പതാം മിനുട്ടിൽ പന്ത്രണ്ടാം നമ്പർതാരം നുഫൈൽ യൂത്ത് ഇന്ത്യ എഫ്സിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ കളി അവസാനിക്കാൻ ഒരു മിനുട്ട് ബാക്കി നിൽക്കെ മനോഹരമായ ഒരു മുന്നേറ്റത്തിലൂടെ റെയിൻബോയുടെ 26-ആം നമ്പർ താരം മുഹമ്മദ് റാഷിക്ക് സമനില ഗോൾ നേടി. രണ്ടാം മത്സരത്തിലെ മികച്ച കളിക്കാരനായി മുഹമ്മദ് റാഷിക്കിനെ തിരഞ്ഞെടുത്തു.
സഫമക്ക പ്രതിനിധി ഷിന്റോ കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി കേന്ദ്രകമ്മറ്റി അംഗങ്ങളായ സജീവൻ, നൗഫൽ സിദ്ധീഖ്, ഷിബു തോമസ്, സംഘാടക സമിതി പബ്ലിസിറ്റി കൺവീനർ വിനയൻ, സ്റ്റേഷനറി കൺവീനർ ജയകുമാർ എന്നിവർ കളിക്കാരുമായി പരിചയപെട്ടു.
ഗ്രൂപ്പ് എ യിലെ എല്ലാ ടീമുകളുടെയും രണ്ടു കളികൾ വീതം അവസാനിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട് ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്തും നാലു പോയിന്റുമായി റെയിൻബോ എഫ്സി രണ്ടാം സ്ഥാനത്തും നിൽക്കുന്നു.അലി അൽ ഖഹത്താനിയുടെ നേതൃത്വത്തുള്ള എട്ടംഗ സംഘം കളി നിയന്ത്രിച്ചു.