മിന്നും വർണശോഭയിൽ തിളങ്ങി പിറന്നാളിനൊരുങ്ങി യുഎഇ
Mail This Article
അബുദാബി ∙ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നാടും നഗരവും വർണ ദീപങ്ങളാൽ അണിഞ്ഞൊരുങ്ങി. പ്രധാന റോഡുകൾ, സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, ഷോപ്പിങ് മാളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ എന്നിവയെല്ലാം മിന്നിത്തിളങ്ങുകയാണ്.
ലക്ഷക്കണക്കിന് വർണദീപങ്ങൾകൊണ്ടാണ് വിവിധ എമിറേറ്റുകൾ അലങ്കരിച്ചിരിക്കുന്നത്. അബുദാബി നഗരത്തിൽ മാത്രം 4,800 ജ്യാമിതീയ രൂപങ്ങൾ സ്ഥാപിച്ചു. നാടിന്റെ പിറന്നാൾ ആഘോഷം സ്വദേശികൾക്കും ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. 3 ദിവസത്തെ അവധി കൂടി ലഭിച്ചതോടെ ഇത്തവണ ആഘോഷം ഉഷാറാകും.
അബുദാബി കോർണിഷ് സ്ട്രീറ്റ്, അൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, ഷെയ്ഖ് സായിദ് സ്ട്രീറ്റ്, എയർപോർട്ട് സ്ട്രീറ്റ്, ദുബായ് ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷാർജ ഇത്തിഹാദ് റോഡ് തുടങ്ങി വിവിധ എമിറേറ്റിലെ പ്രധാന ഹൈവേകളും കേന്ദ്രങ്ങളും അലങ്കരിച്ചു.
ത്രിമാന ആകൃതിയിൽ ആരോഹണ, അവരോഹണ രൂപത്തിലാണ് വർണ വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. 52ാം പിറന്നാളിനെ സൂചിപ്പിക്കുന്ന 52 എന്ന അക്കങ്ങളും മിന്നിമറയുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, എന്റെ രാജ്യം നീണാൾ വാഴട്ടെ, ഐക്യമാണ് നമ്മുടെ ശക്തി, സുരക്ഷിത നാട് തുടങ്ങിയ വാചകങ്ങൾ ഇംഗ്ലിഷിലും അറബിക്കിലും വർണവിളക്കിൽ തെളിയുന്നുണ്ട്. രാജ്യത്തിന്റെ ചിഹ്നം, ദേശീയ പതാക, ചരിത്ര സ്മാരകങ്ങൾ, കോട്ടകൾ, ഇമറാത്തി പൈതൃകം എന്നിവയുടെ രൂപങ്ങളുമുണ്ട്. പരിസ്ഥിതി സൗഹൃദ വിളക്കുകളാണ് ഇത്തവണത്തെ പ്രത്യേകത. അവ സുരക്ഷിതമാണെന്നും അബുദാബി നഗരസഭ അറിയിച്ചു.