അബുദാബി–അൽദന്ന റെയിൽ സർവീസിന് പച്ചക്കൊടി; യാത്ര കൂടുതൽ എളുപ്പമാകു
Mail This Article
അബുദാബി ∙ അബുദാബിക്കും അൽദഫ്രയിലെ അൽ ദന്നയ്ക്കുമിടയിൽ റെയിൽ സർവീസ് ആരംഭിക്കുന്നു. ഇതുസംബന്ധിച്ച കരാറിൽ ഇത്തിഹാദ് റെയിലും ദേശീയ എണ്ണക്കമ്പനിയായ അഡ്നോക്കും ഒപ്പുവച്ചു. അബുദാബിയിൽനിന്ന് 250 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അൽ ദന്നയിൽ 29,000 പേർ താമസിക്കുന്നുണ്ട്.
അഡ്‌നോക്ക് ജീവനക്കാരും കുടുംബാംഗങ്ങളുമാണ് ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും. പുതിയ റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ അബുദാബി–അൽദന്ന യാത്ര കൂടുതൽ എളുപ്പമാകുമെന്ന് മാത്രമല്ല ദൈർഘ്യവും ചെലവും കുറയ്ക്കാനാകുമെന്ന് പ്രസിഡൻഷ്യൽ കോർട്ട് ഓഫിസ് ഓഫ് ഡവലപ്‌മെന്റ് ആൻഡ് മാർട്ടിയേഴ്സ് ഫാമിലി അഫയേഴ്സ് ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. യുഎഇയിലെ സുസ്ഥിര ഗതാഗത വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിൽ അഡ്‌നോക്കിന്റെ പ്രതിബദ്ധതയാണ് ഇത്തിഹാദ് റെയിലുമായുള്ള പങ്കാളിത്തം തെളിയിക്കുന്നതെന്ന് മന്ത്രിയും അഡ്‌നോക് എംഡിയും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ പറഞ്ഞു. മലിനീകരണ മുക്ത രാജ്യമെന്ന യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് ഈ പദ്ധതി കരുത്തുപകരും.
ഇതുസംബന്ധിച്ച കരാറിൽ ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മലാക്കും അഡ്നോക് ഗ്രൂപ്പ് ബിസിനസ് സപ്പോർട്ട് ആൻഡ് സ്‌പെഷൽ ടാസ്‌ക് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സെയ്ഫ് അൽ ഫലാഹിയും ഒപ്പുവച്ചു.
2016 മുതൽ ചരക്കുസേവനം ഭാഗികമായി തുടങ്ങിയ ഇത്തിഹാദ് റെയിൽ ഫെബ്രുവരി മുതൽ രാജ്യമാകെ വ്യാപിപ്പിച്ചിരുന്നു. 2021ൽ പ്രഖ്യാപിച്ച ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് അന്തിമ ഘട്ടത്തിലേക്കു നീങ്ങുകയാണ്. 11 നഗരങ്ങളെ ബന്ധിപ്പിച്ച് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലുള്ള പാസഞ്ചർ ട്രെയിനിൽ അബുദാബിയിൽനിന്ന് ദുബായിലേക്ക് 50 മിനിറ്റിനകവും ഫുജൈറയിലേക്ക് 100 മിനിറ്റിനകവും എത്താം. 2030ഓടെ വർഷത്തിൽ 3.65 കോടി യാത്രക്കാർക്ക് സേവനം നൽകാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ യാത്രാസേവനം എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.