450 കമ്പനികളും ഫാക്ടറികളുമായി ‘മെയ്ഡ് ഇൻ ഖത്തർ’
Mail This Article
ദോഹ ∙ തദ്ദേശീയ ഉൽപന്നങ്ങളുടെ വൈവിധ്യവുമായി ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ 'മെയ്ഡ് ഇൻ ഖത്തർ' പ്രദർശനം തുടങ്ങി. മേള വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖ്വാസിം അൽ അബ്ദുല്ല അൽതാനി ഉദ്ഘാടനം ചെയ്തു.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ ഖത്തർ ചേംബർ ആണ് മെയ്ഡ് ഇൻ ഖത്തർ സംഘടിപ്പിക്കുന്നത്. പെട്രോ കെമിക്കൽസ്, ഫർണിച്ചർ, ഭക്ഷ്യസാധനങ്ങൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, സേവനങ്ങൾ, വിവിധ മേഖലകൾ എന്നിങ്ങനെ 6 വിഭാഗങ്ങളിൽ നിന്നുള്ള 450 കമ്പനികളും ഫാക്ടറികളുമാണ് പങ്കെടുക്കുന്നത്. ഈ മേഖലകളിലെ വ്യത്യസ്ത ഉൽപന്നങ്ങളും നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സേവനങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. നിക്ഷേപകർക്കും വിദേശ പങ്കാളികൾക്കും ഉഭയകക്ഷി യോഗങ്ങൾക്കുള്ള വേദി കൂടിയാണ് പ്രദർശനം. പുതിയ പങ്കാളിത്തങ്ങൾക്കും കരാറുകൾക്കുമുള്ള അവസരം കൂടിയാണിത്.
വിപണിയിൽ തദ്ദേശീയമായി നിർമിച്ച ഉൽപന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്വയം പര്യാപ്തത നേടുന്നതിലും ഇറക്കുമതി ഉൽപന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഫാക്ടറികളും കമ്പനികളുമാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. പ്രദർശനം നാളെ സമാപിക്കും.