പൈതൃകവും കലയും രുചിയും പങ്കുവച്ച് 3 മേളകൾക്ക് സമാപനം

Mail This Article
ദോഹ ∙ മികച്ച ജനപങ്കാളിത്തത്തോടെ സമുദ്രയാന പൈതൃകവും സാംസ്‌കാരികതയും കലയും രുചിഭേദങ്ങളും പ്രതിഫലിപ്പിച്ചുള്ള 3 പ്രധാന ഫെസ്റ്റിവലുകൾ സമാപിച്ചു. കത്താറ ബീച്ചിൽ നടന്ന പരമ്പരാഗത പായ്ക്കപ്പൽ മേള, ദോഹ എക്‌സ്‌പോ വേദിയിലെ കോഫി-ടീ-ചോക്‌ളേറ്റ് ഫെസ്റ്റിവൽ, ദോഹ തുറമുഖത്തെ പൗ വൗ ഫെസ്റ്റിവൽ എന്നീ ഫെസ്റ്റിവലുകളാണ് ഇന്നലെ അവസാനിച്ചത്.
കത്താറ ബീച്ചിൽ ഇന്ത്യ ഉൾപ്പെടെ 12 രാജ്യങ്ങളുടെ പങ്കാളിത്തത്തിലാണ് പായ്ക്കപ്പൽ പ്രദർശനം നടന്നത്. സമുദ്രോൽപന്ന വിപണികളും മറൈൻ മത്സരങ്ങളും ശിൽപശാലകളുമായി മികച്ച സന്ദർശക പങ്കാളിത്തത്തോടെയാണ് പായ്ക്കപ്പൽ മേള സമാപിച്ചത്. അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോയുടെ ഫാമിലി സോണിൽ നടന്ന 6-ാമത് കോഫി-ടീ-ചോക്‌ളേറ്റ് ഫെസ്റ്റിവലും സമാപിച്ചു. ഇത്തവണ മികച്ച പങ്കാളിത്തമാണുണ്ടായത്. 10 ദിവസം നീണ്ട മേളയിലേക്ക് 60,000ത്തിലധികം സന്ദർശകരെത്തി. 50 കോഫി ഷോപ്പുകളും 10 റസ്റ്ററന്റുകളുമാണ് ഇത്തവണ പങ്കെടുത്തത്. രുചിമേളയ്‌ക്കൊപ്പം കുട്ടികൾക്കായി ഗെയിം സോണും വിനോദ പരിപാടികളും ഉണ്ടായിരുന്നൂ.
പൗ വൗ എന്നറിയപ്പെടുന്ന വേൾഡ് വൈഡ് വോൾസ് ഇന്റർനാഷനൽ മ്യൂറൽ ഫെസ്റ്റിവൽ ഇന്നലെ പൂർത്തിയായത് ദോഹ തുറമുഖത്തെ കെട്ടിടങ്ങൾക്ക് ചിത്രകലയുടെ സൗന്ദര്യം നൽകിയാണ്. 13 പ്രാദേശിക, മേഖലാ, രാജ്യാന്തര ചുമർചിത്ര കലാകാരന്മാരുടെ അതിമനോഹരചിത്രങ്ങളാണ് ദോഹ തുറമുഖത്തെ ആകർഷണീയമാക്കുന്നത്. ദോഹ തുറമുഖത്തെ ഓപ്പൺ ഗാലറിയാക്കി മാറ്റിയാണ് ചുമർചിത്രകലാ ഫെസ്റ്റിവൽ സമാപിച്ചത്. ദോഹ തുറമുഖത്ത് വിന്റർ ഫെസ്റ്റിവലിന് തുടക്കമിട്ടാണ് ചിത്രകലാ മേള അവസാനിച്ചത്.
വിന്റർ ഫെസ്റ്റിവലിന് പുറമേ ഇനി കത്താറയിൽ 7 മുതൽ 18 വരെ ഖത്തർ ബലൂൺ ഫെസ്റ്റിവൽ, 9ന് ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ പ്രദർശനം തുടങ്ങിയ കാഴ്ചകൾ ഏറെയുണ്ട്.