ADVERTISEMENT

ദോഹ ∙ അൽബിദ പാർക്കിൽ നടക്കുന്ന ദോഹ എക്‌സ്‌പോയ്ക്ക് പുറമേ അറേബ്യൻ കുതിരകളുടെ ലോക ചാംപ്യൻഷിപ്, കൈറ്റ് ലോകകപ്പ്, വിന്റർ ബസാർ, ബലൂൺ ഫെസ്റ്റിവൽ, കലാപ്രദർശനങ്ങൾ എന്നിങ്ങനെ ഡിസംബറിലെ ശൈത്യത്തിൽ ആസ്വദിക്കാൻ ഖത്തറിന്റെ വിനോദ, കായിക മേഖലകളിൽ കാഴ്ചകളേറെ.  

ഖത്തറിന്റെ വടക്കൻ തീരത്തെ ഫുവൈറിത്ത് കൈറ്റ് ബീച്ചിൽ ഇന്നു മുതൽ 9 വരെയാണ് ജെകെഎ ഫ്രീസ്റ്റൈൽ കൈറ്റ് ലോകകപ്പ് നടക്കുന്നത്. തൊട്ടുപിന്നാലെ 7 മുതൽ 9 വരെ ദോഹ തുറമുഖത്ത് അറേബ്യൻ കുതിരകളുടെ ലോക ചാംപ്യൻഷിപ് നടക്കും. ഫ്രാൻസിന് പുറത്ത് 42 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി ഒരു അറബ് രാജ്യം വേദിയാകുന്നുവെന്നാണ് കുതിരകളുടെ ചാംപ്യൻഷിപ്പിന്റെ പ്രത്യേകത. ഹീനത്ത് സൽമ വിന്റർ ബസാറിനും ഇന്നു തുടക്കമാകും. ഹീനത്ത് സൽമ ഫാമിലെ പ്രാദേശിക കരകൗശല വിദഗ്ധർ, ചെറുകിട ബിസിനസ് സംരംഭകർ എന്നിവരുടെ ഉൽപന്നങ്ങളാണ് ബസാറിലുണ്ടാകുക. മിയ പാർക്കിൽ എല്ലാ വാരാന്ത്യങ്ങളിലുമായി മിയ ബസാർ മാർച്ച് 9 വരെയാണ്. എജ്യൂക്കേഷൻ സിറ്റിയിലെ സെറിമോണിയൽ കോർട്ടിൽ ശനിയാഴ്ചകളിൽ ടോർബ മാർക്കറ്റും സജീവമാണ്. ഡിസംബർ 10 മുതൽ 18 വരെ ദർബ് അൽ സായിയിൽ ഖത്തർ ദേശീയ ദിനാഘോഷങ്ങളിലും പങ്കെടുക്കാം. 18ന് അൽ ഹസം മാളിലും ദേശീയദിനാഘോഷങ്ങൾ വിപുലമാണ്. കലാ പ്രേമികൾക്ക് മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ടിൽ ഇന്നു മുതൽ ആരംഭിക്കുന്ന രത്‌നക്കല്ല്-ആഭരണ ഇല്ലസ്‌ട്രേഷൻ ശിൽപശാലയിൽ പങ്കെടുക്കാം. ഇന്നു മുതൽ 8 വരെ ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിലെ അൽ മയാസ തീയറ്ററിൽ 1001 അറേബ്യൻ രാത്രികൾ എന്ന നൃത്താവിഷ്‌കാരം ആസ്വദിക്കാം.

വാഹന പ്രേമികൾക്ക് ഡിസംബർ 6 മുതൽ 10 വരെ പേൾ ഖത്തറിൽ നടക്കുന്ന ഖത്തർ ക്ലാസിക് കാർ മത്സര-പ്രദർശനം ആസ്വദിക്കാം. 6ന് കത്താറ കൾചറൽ വില്ലേജിൽ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സംഘടിപ്പിക്കുന്ന ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ പ്രദർശനവും കാണാം. 7 മുതൽ 18 വരെ കത്താറ കൾചറൽ വില്ലേജിൽ 4-ാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ നടക്കും. ആകാശത്ത് ഹോട്ട് എയർ ബലൂണുകളുടെ വർണക്കാഴ്ചകൾക്കൊപ്പം ബലൂണിൽ ആകാശ സഞ്ചാരം നടത്തുകയും ചെയ്യാം. സ്വദേശി പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രങ്ങളുടെ ആഡംബര ഫാഷൻ ഡിസൈനുകളുമായി അൽ ഹസമിൽ റാസ പ്രദർശനം ഈ മാസം 11 മുതൽ 16 വരെയാണ്. ആഗോള തലത്തിൽ നിന്നുള്ള ഫാഷൻ ഡിസൈനർമാരുടെ പരമ്പരാഗത ഖത്തരി വസ്ത്ര ശേഖരം കാണാം. അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോയിലും ദിവസേന വൈകുന്നേരങ്ങളിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് മികച്ച ആസ്വാദനം ഉറപ്പാക്കുന്ന സാംസ്‌കാരിക, വിനോദ പരിപാടികളാണ് നടക്കുന്നത്.

∙ രണ്ടു മാസം പിന്നിട്ട് എക്‌സ്‌പോ ദോഹ
ഉദ്ഘാടനം കഴിഞ്ഞ്  2 മാസം പിന്നിടുമ്പോൾ രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനമായ എക്‌സ്‌പോ ദോഹയിൽ ഇതുവരെ നടന്നത് 1,500 ഇവന്റുകളും 250 ശിൽപശാലകളും.

ഒക്‌ടോബർ 2നാണ് അറബ് മേഖല ആതിഥേയത്വം വഹിക്കുന്ന പ്രഥമ രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോയ്ക്ക് 88 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ അൽബിദ പാർക്കിൽ തുടക്കമായത്. 10 ലക്ഷത്തിലധികം സന്ദർശകരാണ് 2 മാസത്തിനിടെ ദോഹ എക്‌സ്‌പോ സന്ദർശിച്ചതെന്ന് കഴിഞ്ഞ ദിവസം എക്‌സ്‌പോ സംഘാടക കമ്മിറ്റി വെളിപ്പെടുത്തിയിരുന്നു. ഇതുവരെ പൊതു, സ്വകാര്യ സ്‌കൂളുകളിൽ നിന്നായി 6,000 വിദ്യാർഥികളാണ് എക്‌സ്‌പോ സന്ദർശിച്ചത്. കൃഷി, സുസ്ഥിരത, പുതുമ തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടാൻ സ്‌കൂൾ വിദ്യാർഥികളെ എക്‌സ്‌പോ വലിയ രീതിയിൽ സഹായിക്കുന്നു. ഹരിത സാങ്കേതികവിദ്യ, സുസ്ഥിരതാ നയം, സുസ്ഥിര കൃഷി തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലാണ് ഇവന്റുകളും പ്രദർശനങ്ങളും സംഘടിപ്പിച്ചത്. ദിവസേന പരിസ്ഥിതി, സാംസ്‌കാരിക, വിനോദ ഇവന്റുകളാണ് എക്‌സ്‌പോയിൽ പുരോഗമിക്കുന്നത്. വിദ്യാഭ്യാസ, കലാ, കായിക പരിപാടികളും സജീവമാണ്. വിജ്ഞാനവും വിനോദവും കോർത്തിണക്കി കുട്ടികൾക്കായി വൈവിധ്യമായ പരിപാടികളും മത്സരങ്ങളും നടക്കുന്നുണ്ട്. 2024 മാർച്ച് 28 വരെയാണ് എക്‌സ്‌പോ തുടരുന്നത്. കൾചറൽ, ഫാമിലി, ഇന്റർനാഷനൽ എന്നിങ്ങനെ 3 സോണുകളായി തിരിച്ചാണ് എക്‌സ്‌പോ നടക്കുന്നത്. ഇനിയുള്ള ദിനങ്ങളിലും സുസ്ഥിരതാ പ്രമേയത്തിലൂന്നിയ നൂറുകണക്കിന് ഇവന്റുകൾക്കാണ് സംഘാടകർ തയാറെടുക്കുന്നത്. 1960 ൽ നെതർലൻഡ്സിലെ റോട്ടർഡാമിലാണ് രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോയുടെ തുടക്കം.

ദോഹ എക്‌സ്‌പോ സന്ദർശിക്കാനെത്തിയ വിദ്യാർഥികൾ
ദോഹ എക്‌സ്‌പോ സന്ദർശിക്കാനെത്തിയ വിദ്യാർഥികൾ

ഫ്രീസ്റ്റൈൽ കൈറ്റ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം
ഗ്ലോബൽ കൈറ്റ് സ്‌പോർട്‌സ് അസോസിയേഷന്റെ (ജികെഎ) ഫ്രീസ്റ്റൈൽ കൈറ്റ് ലോകകപ്പിന്റെ ഫൈനൽ മത്സരങ്ങൾക്ക് ഖത്തറിന്റെ ഫുവൈറിത്ത് കൈറ്റ് ബീച്ചിൽ ഇന്ന് തുടക്കമാകും. ജികെഎ കൈറ്റ് വേൾഡ് ടൂറിന്റെ ഇത്തവണത്തെ സീസണിലെ ഫൈനൽ മത്സരങ്ങൾക്കാണ് വടക്കൻ തീരത്തെ ഫുവൈറിത്ത് ബീച്ച് വീണ്ടും വേദിയാകുന്നത്. തിരമാലകൾക്കിടയിലൂടെയുള്ള ആവേശകരമായ അഭ്യാസ പ്രകടനങ്ങൾക്കാണ് ബീച്ച് വേദിയാകുക. പുരുഷ വിഭാഗത്തിൽ 4 തവണ ഫ്രീസ്റ്റൈൽ ലോക ചാംപ്യൻ ആയ ബ്രസീലിന്റെ കാർലോസ് മാരിയോ ആണ് ഇതുവരെയുള്ള റൗണ്ടുകളിൽ മുൻനിരയിലുള്ളത്.  ലീഡർബോർഡിൽ നിലവിലെ ലോക ചാംപ്യൻ ആയ ഇറ്റലിയുടെ ജിയാൻ മരിയ കോക്കോലൂട്ടോ ആണ് കാർലോസിന് തൊട്ടുപിറകിൽ. ഈ വർഷം ആദ്യം ഫുവൈറിത്തിൽ നടന്ന മത്സരത്തിൽ നേടിയ വിജയത്തോടെ കിരീടത്തിലേക്കുള്ള തടസ്സങ്ങൾ മറികടന്നെങ്കിലും ബ്രസീലിലെ ക്വാർട്ടർ ഫൈനലിൽ നിന്ന് പുറത്തായത് അപ്രതീക്ഷിതമായിരുന്നു. റാങ്കിങ്ങിൽ മൂന്നാമത് സ്വിറ്റ്‌സർലന്റിന്റെ മാക്‌സിമി ചബ്ലോസ് ആണ്. കഴിഞ്ഞ വർഷത്തെ ഫ്രീറൈഡ് സ്‌കീയിങ് ലോക ചാംപ്യൻ ആണ് ചബ്ലോസ്. വനിതാ വിഭാഗത്തിൽ ബ്രസീലിയൻ താരം ബ്രൂണ കജിയ ആണ് മുൻപിൽ. തന്റെ വിജയചരിത്രത്തിലേക്ക് നാലാമത് ഫ്രീസ്റ്റൈൽ ലോക ചാംപ്യൻഷിപ് കിരീടം നേടാനുള്ള തയാറെടുപ്പിലാണ് ഇത്തവണത്തെ ഏറ്റവും മുതിർന്ന താരം കൂടിയായ ബ്രൂണ. നിലവിലെ ഫ്രീസ്റ്റൈൽ ലോക ചാംപ്യൻ ആയ അമേരിക്കയുടെ മികെയ്‌ലി സോൾ ആണ് രണ്ടാമത്. സ്പാനിഷ് താരം ക്ലൗഡിയ ലിയോൺ മൂന്നാമതാണ്.

doha-expo3

അറേബ്യൻ കുതിരകളുടെ ലോക ചാംപ്യൻഷിപ് 7 മുതൽ
അറേബ്യൻ കുതിരകളുടെ ലോക ചാംപ്യൻഷിപ് ഈ മാസം 7 മുതൽ 9 വരെ ദോഹ തുറമുഖത്തു നടക്കും. ഇതാദ്യമായാണ് ചാംപ്യൻഷിപ്പിന് ഖത്തർ വേദിയാകുന്നത്.  42 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഫ്രാൻസിന് പുറത്ത് വേൾഡ് അറേബ്യൻ ഹോഴ്‌സ് ചാംപ്യൻഷിപ് നടക്കുന്നത്. 2025 ലും ചാംപ്യൻഷിപ്പിന് ഖത്തർ ആണ് ആതിഥേയത്വം വഹിക്കുന്നത്. ഒരു അറബ് രാജ്യം ഇതാദ്യമായാണ് ചാംപ്യൻഷിപ്പ് നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇക്വസ്ട്രിയൻ കമ്യൂണിറ്റിയിൽ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്താനും മുന്തിയ ഇനം അറേബ്യൻ കുതിരകളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കാനും ഇത് സഹായകമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. കത്താറ കൾചറൽ വില്ലേജും നാഷനൽ സെന്റർ ഫോർ അഗ്രികൾചറൽ എക്‌സിബിഷൻസ് ആൻഡ് അഗ്രികോൾ കോംപിറ്റീഷൻസും ചേർന്നാണ് ചാംപ്യൻഷിപ്പിന് വേദിയൊരുക്കുന്നത്. ഈ വർഷം 21 രാജ്യങ്ങളിൽ നിന്നുള്ള 150 കുതിരകളാണ് മത്സരിക്കുന്നത്.


 ∙ ദോഹ തുറമുഖത്ത് 6 മുതൽ പ്രവേശന നിയന്ത്രണം
ദോഹ തുറമുഖത്ത് ഈ മാസം 6 മുതൽ 9 വരെ ഉച്ചയ്ക്ക് ശേഷം പ്രവേശനം നിയന്ത്രിക്കും. നാളെ മുതൽ ശനിയാഴ്ച വരെ ഉച്ചയ്ക്ക് 2.00 മുതൽ രാത്രി 8.00 വരെ അനുമതിയുള്ള വ്യക്തികൾക്ക്  മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി. നിയന്ത്രണമുള്ള സമയങ്ങളിൽ തുറമുഖത്തെ ഹോട്ടൽ, റസ്റ്ററന്റ് എന്നിവിടങ്ങളിൽ റിസർവേഷനുകളുള്ള വ്യക്തികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.

English Summary:

Winter With The View Window Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com