എഎഫ്‌സി ഏഷ്യൻ കപ്പിന് മലയാളികൾ ഉൾപ്പെടെ 6,000 വൊളന്റിയർമാർ

Mail This Article
ദോഹ ∙ ജനുവരിയിൽ ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിൽ 6,000 വൊളന്റിയർമാർ സേവനരംഗത്തുണ്ടാകും. 20 പ്രവർത്തന മേഖലകളിലായാണ് 6,000 പേരുടെ സേവനം. ഖത്തറിൽ താമസിക്കുന്ന 18നും 72നും ഇടയിൽ പ്രായമുള്ള 107 രാജ്യക്കാരായ വൊളന്റിയർമാരെയാണ് തിരഞ്ഞെടുത്തതെന്ന് പ്രാദേശിക സംഘാടകർ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ടവരിൽ 5 ശതമാനം പേരും ആദ്യമായി വൊളന്റിയറാവുന്നവരാണ്. മറ്റുള്ളവർ ഫിഫ ലോകകപ്പ് ഉൾപ്പെടെ ഖത്തറിലെ നിരവധി ഇവന്റുകളിൽ വൊളന്റിയറിങ്ങിൽ പരിചയസമ്പത്തുള്ളവരും. 2011 ൽ ഖത്തർ ആതിഥേയത്വം വഹിച്ച എഎഫ്‌സി ഏഷ്യൻ കപ്പിൽ വൊളന്റിയർ ആയി പ്രവർത്തിച്ചവരും ഇത്തവണയുമുണ്ട്.
50,000 അപേക്ഷകളിൽ നിന്നാണ് 6,000 പേരെ തിരഞ്ഞെടുത്തത്. ലുസെയ്ൽ സ്റ്റേഡിയത്തിലെ വൊളന്റിയർ സെന്ററിൽ നടത്തിയ 850 അഭിമുഖ സെഷനുകളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. എഎഫ്‌സി ഏഷ്യൻ കപ്പിൽ നിരവധി മലയാളികളും വൊളന്റിയർമാരാണ്. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിലെ 7 ഫിഫ ലോകകപ്പ് വേദികളിലുൾപ്പെടെ 9 സ്റ്റേഡിയങ്ങളിലായാണ് ഏഷ്യൻ കപ്പ് നടക്കുന്നത്.