ഖത്തർ ഫുട്‌ബോൾ ടീം കോച്ചിനെ മാറ്റി
Mail This Article
ദോഹ ∙ ഖത്തറിന്റെ ദേശീയ ഫുട്‌ബോൾ ടീം (അൽ അന്നാബി) പരിശീലകനായിരുന്ന പോർച്ചുഗീസ് കോച്ച് കാർലോസ് ക്വിറോസിനെ മാറ്റി. പുതിയ പരിശീലകനായി സ്‌പെയ്‌നിന്റെ മാർക്യൂസ് ലോപസിനെ നിയമിച്ചു.ജനുവരിയിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനായി അൽ അന്നാബിയുടെ പരിശീലനം പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷമായി പരിശീലകനെ മാറ്റിയത്. പ്രാദേശിക ക്ലബ്ബായ അൽ വക്ര സ്‌പോർട്‌സ് ക്ലബ്ബിന്റെ പരിശീലകനായ സ്പാനിഷുകാരൻ മാർക്യൂസ് ലോപസിനെയാണ് അൽ അന്നാബിയുടെ പുതിയ പ്രധാന പരിശീലകനായി നിയമിച്ചത്.
അതേസമയം പോർച്ചുഗീസ് പരിശീലകനായ കാർലോസ് ക്വിറോസ് പരസ്പര ധാരണയിലാണ് പരിശീലക സ്ഥാനത്ത് നിന്ന് മാറുന്നതെന്ന് ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന ഏഷ്യൻ കപ്പിനായി അൽ അന്നാബിക്ക് ഇനി മാർക്യൂസ് ലോപസ് പരിശീലനം നൽകും.
അഞ്ചര വർഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ ഡിസംബർ 31ന് സ്പാനിഷ് താരമായ ഫെലിക്‌സ് സാഞ്ചസ് പടിയിറങ്ങിയ സാഹചര്യത്തിലാണ് ജനുവരിയിൽ ഖത്തർ ദേശീയ ഫുട്‌ബോൾ ടീം പരിശീലകനായി കാർലോസ് നിയമിതനായത്. ഈ വർഷം കാർലോസ് പരിശീലനം നൽകിയ 11 മത്സരങ്ങളിൽ 4 എണ്ണത്തിൽ മാത്രമാണ് ഖത്തർ വിജയിച്ചത്. 3 എണ്ണം സമനിലയിലും 4 മത്സരങ്ങളിൽ തോൽവിയും നേരിട്ടു. ഫിഫ ലോകകപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 യോഗ്യതാ മത്സരങ്ങളിൽ മികച്ച തുടക്കമാണ് ഖത്തർ കാഴ്ചവെച്ചത്.