ഒരു മാസത്തിനിടെ ബൈക്ക് അപകടങ്ങളിൽ പരുക്കേറ്റത് 29 പേർക്ക്; ഖ്വാദ് ബെക്കിൽ കയറുമ്പോൾ കരുതലിന്റെ ക്ലച്ച് മറക്കരുത്

Mail This Article
ദോഹ ∙ സീലൈനിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഓൾ ടെറെയ്ൻ മോട്ടർ സൈക്കിളുകൾ (എടിവി-ഖ്വാദ് ബൈക്കുകൾ) ഓടിച്ചുണ്ടായ അപകടങ്ങളിൽ പരുക്കേറ്റത് 29 പേർക്ക്. ഖ്വാദ് ബൈക്കുകൾ ഓടിക്കാൻ കുട്ടികളെ അനുവദിക്കരുതെന്നും നിർദേശം. എടിവി സേഫ്റ്റി എല്ലാവരുടെയും ഉത്തരവാദിത്തമെന്നും അധികൃതർ. ശൈത്യകാല ക്യാംപിങ് സീസൺ തുടങ്ങിയ ഇക്കഴിഞ്ഞ നവംബർ മുതൽ ഇതുവരെ സീലൈൻ, മിസൈദ് ഏരിയകളിൽ ഖ്വാദ് ബൈക്ക് അപകടങ്ങളുമായി ബന്ധപ്പെട്ട് പരുക്കേറ്റ 29 കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് ഖത്തർ ദേശീയ ട്രൂമ റജിസ്ട്രി വെളിപ്പെടുത്തി. ഇവരിൽ 75 ശതമാനം പേർക്കും വെള്ളിയാഴ്ചകളിലാണ് പരുക്കേറ്റത്.
ഖ്വാദ് ബൈക്കുകളുടെ കൂട്ടിയിടിയാണ് മിക്ക അപകടങ്ങൾക്കും കാരണം. പകുതിയലധികം പേർക്കും ഗുരുതര പരുക്കുകളാണ് സംഭവിച്ചത്. ഹമദ് മെഡിക്കൽ കോർപറേഷന്റെ(എച്ച്എംസി) കീഴിലെ ഹമദ് ട്രൂമ സെന്ററിലാണ് പരുക്കേറ്റവർക്ക് ചികിത്സ നൽകിയത്. ഖ്വാദ് ബൈക്കുകൾ ഓടിക്കാനുള്ള പരിചയമില്ലായ്മ, തുറസ്സായ പ്രദേശങ്ങളിലൂടെ കൂടുതൽ എടിവി വാഹനങ്ങളുടെ തിരക്ക്, മരുഭൂമിയിൽ വാഹനം നിയന്ത്രിക്കാനുള്ള അപരിചിതത്വം തുടങ്ങി നിരവധി ഘടകങ്ങളാണ് ഖ്വാദ് ബൈക്കുകൾ ഓടിക്കുമ്പോൾ പരുക്കുകൾ ഉണ്ടാകാൻ കാരണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ആവേശം അപകടം വിളിച്ചു വരുത്തും
ഖ്വാദ് ബൈക്കുകളിൽ ആവേശവും അഭ്യാസം വേണ്ട. നോക്കിയും കണ്ടും ഓടിച്ചാൽ മതിയെന്ന് അധികൃതർ. ശൈത്യമെത്തിയതോടെ ഖ്വാദ് ബൈക്കുകൾ ഓടിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതമായി വാഹനം ഓടിക്കാൻ ശ്രദ്ധിക്കേണ്ട സേഫ്റ്റി ടിപ്‌സുകളും ഹമദ് ട്രൂമ സെന്ററിന്റെ കീഴിലെ ഹമദ് ഇൻജ്വറി പ്രിവൻഷൻ പ്രോഗ്രാം (എച്ച്‌ഐപിപി) അധികൃതർ പങ്കുവച്ചിട്ടുണ്ട്. 'പോകുന്നതിന് മുൻപ് അറിയാൻ' എന്ന തലക്കെട്ടിലാണ് സേഫ്റ്റി നിർദേശങ്ങൾ നൽകിയത്. സുരക്ഷാ നിർദേശങ്ങൾ പാലിച്ചാണ് മക്കൾ ഖ്വാദ് ബൈക്കുകൾ ഓടിക്കുന്നതെന്ന് രക്ഷിതാക്കളും ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു. എല്ലാവരുടെയും ഉത്തരവാദിത്തമാണ് എടിവി സേഫ്റ്റിയെന്നും അധികൃതർ ഓർമപ്പെടുത്തി.
സുരക്ഷാ നിർദേശങ്ങൾ ശ്രദ്ധിക്കാം
∙ ചെറിയ കുട്ടികൾ എടിവി-ഖ്വാദ് ബൈക്കുകൾ ഓടിക്കരുത്.
∙ ഹെൽമറ്റ്, ഗ്ലൗസുകൾ, ആംങ്കിൾ ബൂട്ട്, കണ്ണട തുടങ്ങിയ പേഴ്‌സനൽ പ്രൊട്ടക്ടീവ് ഉപകരണങ്ങൾ (പിപിഇ)ധരിക്കാതെ ഖ്വാദ് ബൈക്കുകൾ ഓടിക്കാൻ പാടില്ല.
∙ അനുവദനീയ സ്ഥലങ്ങളിൽ മാത്രമേ എടിവി-ഖ്വാദ് ബൈക്കുകൾ ഓടിക്കാൻ പാടുള്ളു. ഗതാഗത വകുപ്പ്, മവാതർ, ഖത്തർ ടൂറിസം തുടങ്ങിയ അധികൃതരുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഇത്തരം വാഹനങ്ങൾ ഓടിക്കാൻ അനുമതിയുള്ളു. അടിയന്തര സാഹചര്യങ്ങളിൽ എച്ച്എംസിയുടെ ആംബുലൻസ് സേവനങ്ങളും ഈ ലൊക്കേഷനുകളിൽ ലഭിക്കും.
∙ അപകടങ്ങൾക്ക് ഇരയാകുന്ന 25 ശതമാനം പേരും യാത്രക്കാർ ആണെന്നതിനാൽ യാത്രക്കാർക്കായി പ്രത്യേകമായി നിർമിച്ച ഖ്വാദ് ബൈക്കുകളിൽ മാത്രമേ യാത്രക്കാരെ കയറ്റാൻ പാടുള്ളു. മറ്റുള്ളവയിൽ ഡ്രൈവർ മാത്രമേ അനുവദിക്കൂ.
∙ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2.00 മുതൽ രാത്രി 10.00 വരെയാണ് കൂടുതൽ അപകടങ്ങൾ എന്നതിനാൽ തിരക്കേറിയ സമയങ്ങളിൽ ഖ്വാദ് ബൈക്കുകൾ ഓടിക്കുന്നത് ഒഴിവാക്കണം. ജന-വാഹന തിരക്കിനിടയിൽ വിദഗ്ധരായ ഡ്രൈവർമാർ മാത്രമേ ഖ്വാദ് ബൈക്കുകൾ ഓടിക്കാൻ പാടുള്ളു.
∙ ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും വാഹനം ഓടിക്കണം. അശ്രദ്ധമായ ഡ്രൈവിങ് മതിലുകൾ, പോസ്റ്റുകൾ തുടങ്ങിയ സ്ഥിരമായ വസ്തുക്കൾ അല്ലെങ്കിൽ മറ്റ് വാഹനങ്ങളുമായുള്ള കൂട്ടിയിടിക്ക് കാരണമാകും. ഇത്തരം സന്ദർഭങ്ങളിലുണ്ടാകുന്ന അപകടങ്ങളിൽ പരുക്ക് തീവ്രമാകാൻ ഇടയാകും.
∙ ഖ്വാദ് ബൈക്കുകൾ ഓഫ് റോഡ് ഉപയോഗത്തിന് മാത്രമുള്ളതാണ്. സാധാരണ റോഡുകളിൽ ഓടിക്കാൻ പര്യാപ്തമായ സവിശേഷതകൾ ഇവയ്ക്കില്ലെന്നതും ഓർമ വേണം.