ADVERTISEMENT

മനാമ∙ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം ബാക്കി നിൽക്കേ രക്ഷിതാക്കളുടെ വോട്ടുകൾ അവരവരുടെ പക്ഷത്ത് എത്തിക്കാൻ അവസാന വട്ട ശ്രമത്തിലാണ് മുന്നണികൾ. ഇന്ത്യൻ സമൂഹത്തിന്റെ സ്‌കൂൾ ആണെങ്കിലും മലയാളികൾ നേതൃത്വം നൽകുന്ന പാനലുകൾ മാത്രമാണ് മത്സരിക്കാൻ തയ്യാറായിട്ടുള്ളത് എന്നത് കൊണ്ട് തന്നെ പ്രവാസി മലയാളികൾ ചേരി തിരിഞ്ഞുള്ള തിരഞ്ഞെടുപ്പ് പോരാട്ടമാണ് ഇന്ത്യൻ സ്‌കൂളിൽ നടക്കുന്നത്. രാഷ്ട്രീയപരമായ ഒരു നീക്ക്  പോക്കും മത്സരലില്ലെങ്കിലും മുന്നണിയിൽ മത്സരിക്കുന്ന സ്‌ഥാനാർഥികളുടെ മതവും രാഷ്ട്രീയവും പോലും വിജയപരാജയങ്ങൾ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 

മുന്നണികളുടെ കൊട്ടിക്കലാശത്തിൽ നിന്നും
മുന്നണികളുടെ കൊട്ടിക്കലാശത്തിൽ നിന്നും

കോവിഡ് കാലഘട്ടത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായത് കാരണം പുതിയ രക്ഷിതാക്കളാണ് വോട്ടർമാരിൽ വലിയ ഒരു വിഭാഗവും. എന്നാൽ മത്സരിക്കാൻ നിൽക്കുന്ന മുന്നണികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതാവട്ടെ രക്ഷിതാക്കൾ അല്ലാത്ത, ബഹ്‌റൈനിൽ ഏറെക്കാലം സാമൂഹിക  സാംസ്കാരിക രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളവരും  ഇന്ത്യൻ സ്കൂളുമായി മുൻപ് പല തരത്തിലും ബന്ധമുള്ളവരുമാണ്. നിലവിലെ ഭരണ സമിതിയും( പ്രോഗ്രസ്സീവ് പാരന്‍റ്സ് പാനൽ ) 9 വർഷം  മുൻപ് ഭരണം നഷ്ടപ്പെട്ട മുന്നണിയും( യുണൈറ്റഡ് പാരന്‍റസ് പാനൽ ) തമ്മിലാണ്  പ്രധാന മത്സരം നടക്കുന്നത്. ഈ രണ്ടു  മുന്നണിയിലും സൗഹൃദങ്ങൾ ഉള്ള, മുൻപ് ഭരണ സമിതിക്ക് ഒപ്പം പ്രവർത്തിച്ച ചില ആളുകൾ ചേർന്നുണ്ടാക്കിയ പുതിയ മുന്നണിയും( ഇന്ത്യൻ സ്‌കൂൾ പാരന്‍റ്സ് ഫോറം ) മൂന്നാം മുന്നണിയായി രംഗത്തുണ്ട്. 

മുന്നണികളുടെ കൊട്ടിക്കലാശത്തിൽ നിന്നും
മുന്നണികളുടെ കൊട്ടിക്കലാശത്തിൽ നിന്നും

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ  മൂന്നു മുന്നണികളുടെയും പ്രചാരണത്തിന്റെ കൊട്ടിക്കലാശം വിവിധ കേന്ദ്രങ്ങളിൽ നടന്നു. മുന്നണികളുടെ ശക്തി തെളിയിക്കുന്ന തരത്തിലുള്ള ഈ പ്രചാരണ കലാശത്തിന് വിവിധ ഹോട്ടലുകളും ക്ലബ്ബ് ഓഡിറ്റോറിയങ്ങളുമാണ് മുന്നണികൾ ബുക്ക് ചെയ്തിരുന്നത്. രക്ഷിതാക്കളും മുന്നണിയെ പിന്തുണയ്ക്കുന്നവരുമായ ആളുകളെ നിറയ്ക്കാൻ പ്രവർത്തകർ ഇന്നലെ ഉച്ച മുതൽക്ക് തന്നെ ശ്രമം തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയാ വഴിയും വാട്‍സ് ആപ്പിലൂടെയും നടക്കുന്ന പ്രചാരണങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മുതൽ  കേരളത്തിൽ നിന്നുള്ള നേതാക്കളുടെ ശുപാർശകൾ  വരെ മുന്നണികൾ ഉപയോഗപ്പെടുത്തിന്നുണ്ട്. 

മൂന്ന് മുന്നണികളിലും  വിവിധ രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികൾ ഉള്ളത് കൊണ്ട് തന്നെ ബഹ്‌റൈനിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകൾ ഒന്നും തന്നെ പരസ്യ പിന്തുണ നൽകിയിട്ടില്ല. സി പി ഐ യുടെ ബഹ്‌റൈൻ ഘടകമായ നവകേരള മാത്രമാണ് പി പി എ  മുന്നണിയുമായി പരസ്യമായി സഹകരിക്കാൻ രംഗത്ത് വന്നിട്ടുള്ളത്. കെ എം സി സി, ഒ ഐ സി സി ,മറ്റു സംഘടനാ  നേതാക്കളും അസോസിയേഷൻ ഭാരവാഹികളും  എല്ലാം പല മുന്നണികളിൽ ചേർന്ന് വ്യക്തി വോട്ടുകൾ അവർക്ക് ഇഷ്ടപ്പെടുന്ന മുന്നണിക്ക് വേണ്ടി കാൻവാസ്‌ ചെയ്യുന്നുണ്ട്.ഇന്ന് രാവിലെ 9 മണി മുതൽ വൈകീട്ട് 7 മണിവരെയാണ് വോട്ട് ചെയ്യാനുള്ള അവസരം ഉള്ളത്. 9 മാണി മുതൽ വോട്ടുകൾ എണ്ണിത്തുടങ്ങും .ഇന്ന് അർദ്ധ രാത്രിയോടെ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഇന്ത്യൻ സ്‌കൂൾ ഭരണം ആർക്കാണെന്നുള്ള ചിത്രം വ്യക്തമാകും.

മുന്നണികളുടെ കൊട്ടിക്കലാശത്തിൽ നിന്നും
മുന്നണികളുടെ കൊട്ടിക്കലാശത്തിൽ നിന്നും

∙ മുന്നണികൾക്ക് ബിസിനസ് ലക്ഷ്യമെന്ന് രക്ഷിതാക്കൾ 
ഇന്ത്യൻ സ്‌കൂളിലെ തിരെഞ്ഞെടുപ്പ് ഇന്ത്യൻ സമൂഹത്തിലെ ഒരു പ്രധാന ചർച്ചയാകുന്നത് സ്‌കൂളിലെ ഭരണം തങ്ങളുടേതാക്കാൻ മുന്നണികൾ നടത്തുന്ന കഠിനശ്രമം തന്നെയാണ്. രക്ഷിതാക്കളാണ് വോട്ടർമാർ എങ്കിലും മുന്നണികളുടെ ചുക്കാൻ പിടിക്കുന്നത് മുഴവനും രക്ഷിതാക്കൾ അല്ലാത്ത,ബഹ്‌റൈൻ ബിസിനസ് സമൂഹവുമായി ബന്ധമുള്ളവരാണ്. അത് കൊണ്ട് തന്നെ സ്‌കൂളിനെ ടെണ്ടറുകളും കോട്രാക്റ്റുകളും ലഭിക്കാൻ വേണ്ടിയാണ് മുന്നണികളുടെ ഭാഗമാകാൻ പലരും താൽപര്യപ്പെടുന്നത് എന്നതാണ് നിക്ഷ്പക്ഷമതികളായ രക്ഷിതാക്കളുടെ വിലയിരുത്തൽ. 

ഫീസ് കുറയ്ക്കാമെന്നുള്ള പ്രലോഭനങ്ങൾ മുതൽ നൂറു ദിവസം കൊണ്ട് സ്വപ്നം കാണാൻ പോലും കഴിയാത്ത പദ്ധതികൾ വരെ മുന്നണികൾ പ്രഖ്യാപിച്ചതും അത്തരം സംശയങ്ങളെ സാധൂകരിക്കുന്നതാണ്.എല്ലാ മുന്നണികളുടെയും പിന്നിൽ നിന്ന് പ്രവർത്തിക്കുന്നവരിൽ പലരും വിവിധ ബിസിനസ് നടത്തുന്നവരോ അതുമായി ബന്ധമുള്ളവരോ ആണ് എന്നതും മുന്നണികളുടെ ബിസിനസ് ബന്ധങ്ങൾ ഉറപ്പിക്കുന്നു. പത്ര പരസ്യങ്ങൾക്ക്  മുതൽ പ്രചാരണങ്ങൾക്കും  പ്രചാരണ സമാപനങ്ങൾ നടത്താൻ വേണ്ടി വന്ന ചിലവുകൾക്കും  അടക്കം പല മുന്നണികളും ബിസിനസ്സുകാരിൽ നിന്ന് സംഭാവനയ വാങ്ങിയാണ്  ചിലവുകൾ കണ്ടെത്തിയത് എന്നതും രക്ഷിതാക്കളുടെ സംശയങ്ങളെ ബലപ്പെടുത്തുന്നു.

English Summary:

Bahrain Indian school elections are just hours away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com