സൗദിയുമായുള്ള സൗഹൃദം തടയാൻ ഒരു ശക്തിക്കും കഴിയില്ല: പുട്ടിൻ
Mail This Article
റിയാദ് ∙ മധ്യപൂർവദേശത്ത് സമാധാനവും സ്ഥിരതയും നേടാൻ സൗദിയും റഷ്യയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ.റിയാദിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ച നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ഊർജം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലെ സഹകരണവും ശക്തമാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു.
കഴിഞ്ഞ 7 വർഷമായി സൗദിയുമായുള്ള ബന്ധം വളരെ ശക്തമാണെന്നു പറഞ്ഞ പുടിൻ മുഹമ്മദ് ബിൻ സൽമാനെ മോസ്കോയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അടുത്ത കൂടിക്കാഴ്ച മോസ്‌കോയിൽ നടക്കണമെന്നാണ് ആഗ്രഹം. രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക മേഖലകളിൽ റഷ്യയും സൗദിയും തമ്മിൽ നല്ല ബന്ധമുണ്ട്. ഈ കെട്ടുറപ്പ് തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും പുട്ടിൻ പറഞ്ഞു. ഗാസയിലെ സംഘർഷത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിയ പുടിനെ റിയാദ് അമീർ ഫൈസൽ ബിൻ ബന്ദർ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസൈദ് അൽ-ഐബാൻ, റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് എന്നിവർ ചേർന്നു സ്വീകരിച്ചു.