ADVERTISEMENT

റിയാദ് ∙ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞ് സുഡാനില്‍ നിന്ന് റിയാദിലെത്തിയ ഇന്ത്യക്കാരിക്ക് സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും തുണയായി. ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന സുഡാനില്‍ നിന്ന് സുഡാന്‍ എയറിലാണ് തെലുങ്കാനയിലെ ഹൈദരാബാദ് നവാബ് സാഹെബ് നഗര്‍ സ്വദേശി സെയ്ദ മലേഖ (35) റിയാദിലെത്തിയത്. ഹൈദരാബാദിലേക്ക് യാത്ര ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ 2020ല്‍ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞത് ശ്രദ്ധയില്‍പ്പെട്ട എയര്‍ ഇന്ത്യ യാത്രയ്ക്ക് അനുമതി നല്‍കിയില്ല. ഇതോടെയാണ് സെയ്ദ മലേഖ റിയാദില്‍ കുടുങ്ങിയത്. ഇതോടെ എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിനെ വിവരം അറിയിച്ചു. എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്‍ നൗഷാദ് അലിയും ഷിഹാബ് കൊട്ടുകാടിന്റെ സഹായം തേടി. സംഘര്‍ഷത്തെ തുടര്‍ന്ന് സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നില്ല. ഇതുപരിഗണിച്ചാകാം സുഡാന്‍ എയര്‍ കാലാവധി പരിശോധിക്കാതെ യുവതിക്ക് റിയാദിലേക്ക് യാത്രാനുമതി നല്‍കിയതെന്ന് ഷിഹാബ് കൊട്ടുകാട് പറഞ്ഞു.

എയര്‍പോര്‍ട്ടിലെത്തി ഷിഹാബ് കൊട്ടുകാട്, നൗഷാദ് ആലുവ, കബീര്‍ പട്ടാമ്പി എന്നിവര്‍ സെയ്ദ മലഖേയെ സന്ദര്‍ശിച്ച് വിവരം ശേഖരിച്ചു. ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സുലര്‍ അര്‍ജുന്‍സിങ്ങിനെ വിവരം അറിയിച്ചു. എംബസിയില്‍ നിന്നുളള നിര്‍ദേശത്തെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ തടസ്സമായി. ഇവരെ സഹായിക്കുന്നതിന് എംബസി ഉദ്യോഗസ്ഥരായ പുഷ്പരാജ്, ഫൈസല്‍ എന്നിവരെ പാസ്‌പോര്‍ട്ട് വിഭാഗം ചുമതലപ്പെടുത്തി. തുടര്‍ന്ന് ഔട്ട്പാസ് ഇഷ്യൂ ചെയ്താണ് ഇവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കിയത്. 15 വര്‍ഷം മുമ്പ് സുഡാന്‍ പൗരനെ വിവാഹം ചെയ്ത സെയ്ദ മലേഖയ്ക്ക് സുഡാന്‍ പൗരത്വമുളള നാല് മക്കളുണ്ട്. ഇന്ത്യയിലെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിന് ശേഷം പുതിയ പാസ്‌പോര്‍ട്ടില്‍ സുഡാനിലേക്ക് മടങ്ങുമെന്നും ഇവര്‍ പറഞ്ഞു. 

English Summary:

Indian Embassy in Riyadh helpd Woman With Expired Passport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com