ആഗോള ഗ്രീൻ ഫ്യൂച്ചർ സൂചികയിൽ നേട്ടം; ഊർജ പരിവർത്തനം യുഎഇ രണ്ടാമത്
Mail This Article
ദുബായ് ∙ ആഗോള ഊർജ പരിവർത്തനത്തിൽ യുഎഇ രണ്ടാം സ്ഥാനത്തെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ദുബായ് എക്‌സ്‌പോ സിറ്റിയിൽ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ആഗോള ഗ്രീൻ ഫ്യൂച്ചർ സൂചികയിൽ (ജിഎഫ്‌ഐ) ലോകത്ത് ആറാമതും ഊർജ പരിവർത്തനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുമാണ് രാജ്യം. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മേഖലയിലെ ദേശീയ തന്ത്രങ്ങളും നയങ്ങളും ഫലം കണ്ടതിന്റെ തെളിവാണിതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ കേന്ദ്രീകൃത സൗരോർജ പ്ലാന്റ് സ്ഥാപിച്ചതു കൂടാതെ 70 രാജ്യങ്ങളിലെ സംശുദ്ധ ഊർജ പദ്ധതികളിൽ 5000 കോടി ഡോളർ യുഎഇ നിക്ഷേപിക്കുകയും ചെയ്തു. 10 വർഷത്തിനകം ഈ മേഖലയിൽ 5000 കോടി ഡോളർ കൂടി നിക്ഷേപിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും കഴിഞ്ഞ 5 വർഷത്തിനിടെ രാജ്യം എടുത്ത 120 തീരുമാനങ്ങൾ അവലോകനം ചെയ്തു.
ദേശീയ പാരിസ്ഥിതിക ലക്ഷ്യങ്ങൾ നേടുന്നതിന് മന്ത്രിമാരുടെ കൗൺസിലിൽ 10 പുതിയ സംരംഭങ്ങളും തീരുമാനങ്ങളും സ്വീകരിച്ചു. പ്രകൃതിദത്ത സംവിധാനങ്ങളും സുസ്ഥിരതയും നിരീക്ഷിക്കാനും സംരക്ഷിക്കാനും ഈ മേഖലയിലെ പ്രവർത്തകരുടെ കാര്യക്ഷമത ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.