ADVERTISEMENT

അബുദാബി ∙ യുഎഇയിൽ ഇന്നലെ പുലർച്ചെ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് അടുത്ത ആഴ്ച വരെ  തുടരുമെന്നും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കും സാധ്യതയുണ്ട്.  ബുധനാഴ്ച വരെ മൂടൽ മഞ്ഞുണ്ടാകും. രാജ്യത്തിന്റെ വടക്കുഭാഗങ്ങളിലും തീരപ്രദേശങ്ങളിലും മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബർ മുതൽ മാർച്ച് വരെ താപനില കുറയും.

ബുധനാഴ്ച വരെ പകൽ 26 ഡിഗ്രിയും രാത്രി 16 ഡിഗ്രി സെൽഷ്യസുമാണ് ശരാശരി താപനില. ദുബായിൽ ഇന്നു പകൽ കൂടിയ താപനില 27 ഡിഗ്രി. വ്യാഴാഴ്ച അത് 25 ഡിഗ്രിയായി കുറയും. ദുബായിൽ രാത്രി താപനില 17 ഡിഗ്രിയാകും. ഇന്നലെ പുലർച്ചെ കനത്ത മൂടൽമഞ്ഞ് ഗതാഗതത്തെ സാരമായി ബാധിച്ചു. ദൂരക്കാഴ്ച കുറഞ്ഞതിനാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വാഹനയാത്ര ഏതാനും മണിക്കൂർ തടഞ്ഞു. അന്തരീക്ഷം തെളിഞ്ഞ ശേഷമാണ് യാത്രാനുമതി നൽകിയത്. ഇതുമൂലം പാൽ, പത്രം, അവശ്യസാധനങ്ങൾ എന്നിവ വൈകിയാണ് പലയിടങ്ങളിലും എത്തിയത്.

മഞ്ഞിൽ വാഹനം ഓടിക്കുമ്പോൾ
മഞ്ഞുവീഴ്ചയുള്ളപ്പോൾ വേഗം കുറച്ചും മുന്നിലുള്ള വാഹനങ്ങളുമായി മതിയായ അകലം പാലിച്ചും വാഹനം ഓടിക്കണം. ലോ ബീം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ. ഈ സമയങ്ങളിൽ ഓവർടേക്കിങോ ലെയ്ൻ മാറ്റമോ പാടില്ല. ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽനിന്നും സുരക്ഷിത അകലത്തിൽ മാറ്റിനിർത്തിയ ശേഷം ഹസാഡ് ലൈറ്റ് ഇടാം.  

മുന്നറിയിപ്പ് അവഗണിക്കരുത്
മൂടൽ മഞ്ഞ്, പൊടിക്കാറ്റ്, മഴ തുടങ്ങി പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിൽ കാഴ്ചപരിധി കുറയുമെന്നും വേഗം കുറച്ച് മുൻകരുതൽ സ്വീകരിക്കണമെന്ന സന്ദേശം ഡിസ്പ്ലേ ബോർഡിലും യാത്രക്കാരുടെ മൊബൈലിലും എത്തും. സമൂഹമാധ്യമങ്ങൾ, റേഡിയോ എന്നിവയിലൂടെയും നൽകുന്ന മുന്നറിയിപ്പ് പാലിക്കണം.

വേഗപരിധി 80 കിലോമീറ്റർ
അസ്ഥിര കാലാവസ്ഥകളിൽ (മഴ, മഞ്ഞ്, പൊടി) അബുദാബി എമിറേറ്റിൽ വേഗപരിധി 80 കി.മീ ആയി കുറയും. ഇതു മനസ്സിലാക്കി വേഗം കുറച്ചും അകലം പാലിച്ചും വാഹനമോടിക്കണം.

പിഴയും ബ്ലാക്ക് പോയിൻറും
മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനം ഓടിക്കുന്നവർക്ക് 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. ഈ സമയം ട്രക്ക് ഉൾപ്പെടെ ഭാരവാഹനങ്ങൾ റോഡിലിറങ്ങാൻ പാടില്ല. നിയമം പാലിക്കാത്ത ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.

English Summary:

Heavy Fog in UAE: Authority warns motorists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com