ADVERTISEMENT

മനാമ ∙ പ്രവാസലോകത്തെ നീണ്ട ജീവിതത്തിനൊടുവിൽ അസുഖ ബാധിതരായി ബന്ധുക്കളും സ്വന്തക്കാരുമില്ലാതെ ഒറ്റപ്പെടുന്നവർക്ക് ആശ്വാസമാവുകയാണ് ബഹ്‌റൈനിലെ ജീവകാരുണ്യ സംഘടനയായ  'ഹോപ്. എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതുന്നവർക്ക് പ്രതീക്ഷ നൽകുന്നവർ എന്ന അർഥത്തിൽ  ഹോപ് എന്ന പേരിൽ 2015 ഡിസംബറിൽ ആരംഭിച്ച  കൂട്ടായ്മ എട്ടാം  വർഷത്തേക്ക് കടന്നിരിക്കുകയാണ്.

ഹോപ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിന്ന്
ഹോപ് സംഘടിപ്പിച്ച രക്തദാന ക്യാംപിൽ നിന്ന്.

ചന്ദ്രൻ നീട്ടിയ സഹായഹസ്തം

ബഹ്‌റൈനിലെ മറ്റു കൂട്ടായ്മകളിൽ  നിന്ന് ഏറെ വ്യത്യസ്തമാണ് ഹോപ്പിന്റെ പ്രവർത്തനങ്ങൾ. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ചന്ദ്രൻ തിക്കോടി എന്ന മനുഷ്യ സ്നേഹിയാണ് ഹോപ്പിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. സൽമാനിയ ആശുപത്രിയിൽ എത്തുന്ന രോഗികളെ എല്ലാ ദിവസവും സന്ദർശിക്കുകയും അവർക്കു വേണ്ടുന്ന സഹായങ്ങൾ നൽകുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. തന്റെ ഫ്‌ളാറ്റിലെ ചെറിയ സൗകര്യങ്ങൾക്കുള്ളിൽ നിന്ന് ഒരുക്കുന്ന ഭക്ഷണം  ആവശ്യമുള്ള രോഗികൾക്ക്  സൗജന്യമായി എത്തിച്ചു നൽകിയ ചന്ദ്രൻ തന്റെ ചെറിയ വരുമാനത്തിൽ നിന്നുള്ള ഒരു തുക പോലും ഇതിനായി മാറ്റിവച്ചിരുന്നു.

ഹോപ് നൽകിയ വീൽ ചെയർ.
ഹോപ് നൽകിയ വീൽ ചെയർ.

ചന്ദ്രന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ഒരു കൂട്ടം ചെറുപ്പക്കാർ പിന്നീട് ചന്ദ്രനെ സഹായിക്കാൻ എത്തുകയും പിന്നീട് ഹോപ്പ് എന്ന കൂട്ടായ്മയ്ക്ക് തുടക്കമിടുകയുമായിരുന്നു. സാബു ചിറമേൽ, ഷാജി ഇളമ്പലായി, അഷ്‌കർ പൂഴിത്തല, ഫൈസൽ പട്ടാണ്ടി തുടങ്ങിയവരും, ഹോപ്പിന്റെ  മറ്റു പ്രവർത്തകരും ഇപ്പോഴും ആശുപത്രി സന്ദർശനം നടത്തിവരുന്നു. കൂടാതെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്  ചെയ്തതിനു ശേഷം വേണ്ട മരുന്നുകൾ വാങ്ങുവാൻ നിവൃത്തി ഇല്ലാത്തവർക്ക് ഹോപ് മരുന്നുകളും  എത്തിച്ചു നൽകുന്നുണ്ട്. രോഗികൾക്ക് വീൽ ചെയർ, വാക്കിങ് സ്റ്റിക്ക് തുടങ്ങിയവയും നൽകി സഹായിക്കുന്നു.

ഹോപ് നൽകിവരുന്ന ഗൾഫ് കിറ്റ്
ഹോപ് നൽകിവരുന്ന ഗൾഫ് കിറ്റ്


ഒരു ബാഗ് ചോദിച്ചു; ഹോപ് നൽകിയത് ഗൾഫ് കിറ്റ്

ഹോപ്പിന്റെ പ്രവർത്തനങ്ങളിൽ പ്രധാനമാണ്  പല തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് വിധേയരായി ജയിലിൽ അടയ്ക്കപ്പെട്ടവരെ സന്ദർശിക്കുക എന്നത്. അങ്ങനെ ഹോപ് പ്രവർത്തകരുടെ ഒരു ജയിൽ സന്ദർശനത്തിനിടെ വീസ പ്രശ്നം മൂലം ജയിലിലായ ഒരു മലയാളിയെയും സന്ദർശിക്കാനിടയായി. അദ്ദേഹം ഹോപ് പ്രവർത്തകരോട് ഒരു ബാഗ് കിട്ടുമോ എന്ന് ആവശ്യപ്പെട്ടു.  നാട്ടിലേക്ക് മടങ്ങുമ്പോൾ ഗൾഫിൽ നിന്നുള്ള വരവ് പ്രതീക്ഷിച്ച് നിൽക്കുന്ന മക്കൾക്ക്,  ജയിലിൽ നിന്ന് നൽകിയിരുന്ന ബിസ്‌ക്കറ്റുകൾ കൊണ്ടുപോകാനാണ് അദ്ദേഹം ബാഗ് ആവശ്യപ്പെട്ടത് . ആ പ്രവാസിയുടെ ആവശ്യം അറിഞ്ഞ ഹോപ്പ് പ്രവർത്തകർ ബാഗ് മാത്രമല്ല അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി മിഠായിയും കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളും എല്ലാമടങ്ങിയ ഒരു ഗൾഫ് കിറ്റ് നൽകി യാത്രയയച്ചു. അന്ന് ആ പ്രവാസി യുവാവിനുണ്ടായ സന്തോഷത്തിൽ നിന്നാണ് ഹോപ് പ്രവർത്തകർ ഗൾഫ് കിറ്റ് എന്ന ആശയം നടപ്പിലാക്കിത്തുടങ്ങിയത്. 

ഹോപ് നൽകിവരുന്ന ഫുഡ് കിറ്റ്
ഹോപ് നൽകിവരുന്ന ഫുഡ് കിറ്റ്

ബഹ്‌റൈനിൽ നിന്ന്  വെറും കൈയോടെ മടങ്ങിപ്പോകേണ്ടിവന്ന 500 ഓളം പ്രവാസികൾക്ക് ഇത്തരത്തിലുള്ള കിറ്റുകൾ നൽകാൻ തങ്ങൾക്കായി എന്നത് ഹോപ് പ്രവർത്തകർക്ക് ചാരിതാർഥ്യമുണ്ട്. 37 വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്ന മലയാളി അടക്കമുള്ളവർക്ക് ഇത്തരത്തിൽ ഗൾഫ് കിറ്റ് സമ്മാനിച്ചു.  കിറ്റുകൾ സ്വീകരിക്കുന്നവരുടെ ഫോട്ടോയോ പേരോ പോലും ഹോപ്പ് എവിടെയും പ്രസിദ്ധീകരിക്കാറില്ല. ഹോപിന്റെ തന്നെ പ്രവർത്തകർ മാസം തോറും ചെറിയ തുക സംഭാവന നൽകിയാണ് ഗൾഫ് കിറ്റിനുള്ള തുക കണ്ടെത്തുന്നത്.

തെരുവിൽ ഇറങ്ങേണ്ടിയിരുന്നവർക്ക് തണലായി

ഹോപ് നൽകിവരുന്ന ഗൾഫ് കിറ്റ്
ഹോപ് നൽകിവരുന്ന ഗൾഫ് കിറ്റ്

ഭവന വായ്പ മുടങ്ങി 14 ഉം 16 ഉം വയസ്സുള്ള പെണ്മക്കളും പ്രായമായ അമ്മയും ഭാര്യയും അടങ്ങിയ കുടുംബം ജപ്തി നേരിട്ട് തെരുവിൽ ഇറങ്ങേണ്ടി വന്ന അവസ്ഥയിലായിരുന്ന തിരുവനന്തപുരം സ്വദേശി സത്യദാസിന് ലോൺ തുക അടച്ചു വീട് വീണ്ടെടുത്തു നൽകുവനും ഉപജീവനമായി ഒരു ഓട്ടോറിക്ഷ വാങ്ങി നൽകുവാനും ഹോപിന് സാധിച്ചു.  അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പ്രവാസി യുവാവിന്റെ ചികിത്സക്കു വേണ്ടി ധനസഹായം, ചലനശേഷി നഷ്ടപ്പെട്ടു ഗുരുതരാവസ്ഥയിലായിരുന്നമറ്റൊരാൾക്ക് ചികിത്സാ സഹായം, അകാലത്തിൽ മരണമടഞ്ഞ പുനലൂർ സ്വദേശി ജയപ്രകാശിന്റെ കുടുംബത്തിന് നൽകിയ രണ്ട് ലക്ഷം ധനസഹായം, ബംഗാൾ സ്വദേശി സുഭാസ് മണ്ടലിന് ആറുമാസത്തോളം സൽമാനിയ ആശുപത്രിയിൽ വേണ്ട പരിചരണവും അതിനു ശേഷം നാട്ടിൽ പോയപ്പോൾ തുടർ ചികിത്സയ്‌ക്കും മറ്റുമായി നൽകിയ ഒന്നേകാൽ ലക്ഷം രൂപയുടെ ധനസഹായം, മൽസ്യബന്ധന ബോട്ടിന്റെ എൻജിൻ പൊട്ടിത്തെറിച്ചു ഗുരുതരാവസ്ഥയിൽ പൊള്ളലേറ്റു സൽമാനിയ ആശുപത്രിയിലായിരുന്ന തമിഴ്‌നാട് സ്വദേശി വെട്രിവേലിന് വേണ്ട പരിചരണവും നാട്ടിൽ പോയപ്പോൾ ഒരുലക്ഷത്തിലധികം രൂപയുടെ ധനസഹായം നൽകുവാൻ സാധിച്ചത്, തെലുങ്കാന സ്വദേശിയും ക്ലിനിങ് തൊഴിലാളിയുമായിരുന്ന ഭോജണ്ണ ചോപ്പയ്യ ക്ഷയം സ്ഥിരീകരിച്ച് സൽമാനിയ ഹോസ്പിറ്റലിൽ നിന്നും തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങിയപ്പോൾ നൽകിയ ഒരുലക്ഷത്തി 30,000 രൂപയുടെ ചികിത്സാസഹായം അടക്കം നിരവിപേർക്ക് ഹോപ് സഹായം എത്തിച്ചു. 

ഹോപ് നൽകിവരുന്ന ഫുഡ് കിറ്റ്
ഹോപ് നൽകിവരുന്ന ഫുഡ് കിറ്റ്

കഴുത്തിൽ മുഴയുമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വയസ്സു പ്രായമുള്ള ചിങ്ങവനം സ്വദേശി അനന്യ മോളുടെ കുടുംബത്തിന് ഓപ്പറേഷന് വേണ്ട മൂന്നുലക്ഷത്തിപതിനായിരം രൂപ നൽകി. പാറശ്ശാല സ്വദേശി ജസ്റ്റിൻ രാജിന്റെ ആകസ്മികമരണത്തിൽ അനാഥമായ കുടുംബത്തിനുവേണ്ടി മൂന്നരലക്ഷം രൂപ സഹായം നൽകി. അർബുദം ബാധിച്ച് സൽമാനിയയിൽ നിന്നും തുടർചികിത്സയ്ക്ക് മടങ്ങിയ കണ്ണൂർ സ്വദേശി അൻസാരിക്ക് രണ്ടേകാൽ ലക്ഷം രൂപ നൽകി. ഇതു കൂടാതെ ഹോപിന്റെ പ്രവർത്തനങ്ങൾ മറ്റു പല സാമൂഹ്യ സേവന മേഖലകളിലും തുടരുന്നു.

ഹോപിന്റെ മറ്റ് പ്രവർത്തനങ്ങൾ

ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് വേണ്ട ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റ്. കോവിഡ്19ന് മുൻപ് തന്നെ ഹോപ് ഈ രംഗത്ത് പ്രവർത്തനം തുടങ്ങിയിരുന്നെങ്കിലും കൊറോണക്കാലത്തെ ഹോപിന്റെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. ഇപ്പോഴും തുടരുന്ന ഫുഡ് കിറ്റ് വിതരണവും അർഹരായവർക്ക് ആശ്വാസമാകുന്നു.  മേയ് ദിനം, ഓണം തുടങ്ങിയ വിശേഷ അവസരങ്ങളിൽ വിവിധ ലേബർ ക്യാംപുകളിൽ ഭക്ഷണ വിതരണം നടത്തുന്നു. കൂടാതെ വിവാഹവാർഷികങ്ങൾ, കുട്ടികളുടെ ജന്മദിനങ്ങൾ തുടങ്ങിയ സന്തോഷദിവസങ്ങളിൽ കുടുംബം സ്പോൺസർ ചെയ്യുന്ന ഭക്ഷണം അത് പത്ത് പേർക്കുള്ളതായാലും നൂറ് പേർക്കുള്ളതായാലും അർഹരായവർക്ക് എത്തിച്ചുകൊടുക്കുന്നു. തുശ്ചമായ ശമ്പളത്തിൽ ജോലിചെയ്യുന്ന ക്ലിനിങ് തൊഴിലാളികൾക്കും, മാസങ്ങളായി ശമ്പളകുടിശിക നേരിടുന്നവർക്കുമാണ് ഭക്ഷണം എത്തിച്ചു നൽകുന്നത്. കൂടാതെ റമസാൻ നാളുകളിൽ ഇഫ്‌താർ വിരുന്നുകളിലെ അധികഭക്ഷണം ശേഖരിച്ച് അർഹരായവർക്ക് എത്തിച്ചുവരുന്നു. ആതുരസേവനവും സാമൂഹ്യസേവനവും മുഖമുദ്രമാക്കിയ ഹോപ് അഥവാ 'പ്രതീക്ഷ'യുടെ ഭാഗമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ സിബിൻ സലിം (33401786), അല്ലെങ്കിൽ അഷ്‌കർ പൂഴിത്തല (33950796) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

English Summary:

'Hope' brings relief the crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com