യുഎഇ നടും, 10 കോടി കണ്ടൽ
Mail This Article
ദുബായ് ∙ ഏഴുവർഷത്തിനകം ലോകത്ത് 1.5 കോടി ഹെക്ടർ സ്ഥലത്ത് കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി യുഎഇയുടെ നേതൃത്വത്തിൽ പുതിയ കണ്ടൽ കേന്ദ്രം നിർമിക്കുന്നു. ഗ്ലോബൽ മാംഗ്രൂവ് അലയൻസിന്റെയും യുഎൻ ക്ലൈമറ്റ് ചേഞ്ച് ഹൈലെവൽ ചാംപ്യൻസിന്റെയും സഹകരണത്തോടെയാണ് പദ്ധതി. കണ്ടൽക്കാടുകളെക്കുറിച്ചുള്ള ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുമെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി മർയം അൽ മെഹൈരി പറഞ്ഞു. അംഗ രാജ്യങ്ങൾക്കു പുറമെ മറ്റു 50 രാജ്യങ്ങളുടെ പിന്തുണയും പദ്ധതിക്കുണ്ടെന്ന് അറിയിച്ചു. യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കണ്ടൽക്കാടുകളുടെ നഷ്ടം തടയുക, നഷ്ടപ്പെട്ടവയ്ക്ക് പകരം പുതിയ ചെടികൾ നട്ടുപിടിപ്പിക്കുക, ആഗോളതലത്തിൽ കണ്ടൽക്കാടുകളുടെ സംരക്ഷണം ഇരട്ടിയാക്കുക, കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും 2030ഓടെ 400 കോടി ഡോളർ നിക്ഷേപം ആവശ്യപ്പെടുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. 10 കോടി കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി യുഎഇ പ്രഖ്യാപിച്ച് വിജയകരമായി നടപ്പാക്കിക്കുകയാണെന്നും 4.5 കോടി കണ്ടലുകൾ ഇതിനകം നട്ടതായും മന്ത്രി വെളിപ്പെടുത്തി. ഇന്തൊനീഷ്യയുമായി സഹകരിച്ച് നടപ്പാക്കുന്ന ഹരിതവൽക്കരണത്തിൽ 39 രാജ്യങ്ങൾ പങ്കാളികളാണെന്നും പറഞ്ഞു.
പ്രകൃതി, ജൈവ വൈവിധ്യം, കാലാവസ്ഥ എന്നിവയ്‌ക്കായി 260 കോടി ഡോളറിന്റെ ധനസമാഹരണത്തിന് പദ്ധതികൾ തയാറാക്കി. ഇതിലേക്കു യുഎഇ 10 കോടി ഡോളർ പ്രഖ്യാപിച്ചു. ആദ്യ ഗഡു വനപുനരുദ്ധാരണം, പരിസ്ഥിതി സേവനങ്ങൾ, പ്രാദേശിക സമൂഹങ്ങൾക്കുള്ള സുസ്ഥിര ഉപജീവനമാർഗം എന്നിവയ്ക്കായി വിനിയോഗിക്കും. കാർബൺ മലിനീകരണം കുറച്ച് പ്രകൃതിയെ സംരക്ഷിക്കുകയാണ് കണ്ടൽക്കാടിന്റെ വ്യാപനത്തിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുന്നതിൽ കണ്ടൽക്കാടുകളുടെ പ്രാധാന്യം ലോകം തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ യുഎഇ മുന്നിലാണെന്നും അവർ പറഞ്ഞു.